പത്തനംതിട്ട: ഡ്യൂട്ടിക്കു മുൻപ് ചക്കപ്പഴം കഴിച്ച കെഎസ്ആർടിസി പന്തളം ഡിപ്പോയിലെ 3 ജീവനക്കാർ ബ്രത്തലൈസർ പരിശോധനയിൽ കുടുങ്ങി. മദ്യപിച്ചില്ലെന്ന് ഡ്രൈവർ അധികൃതരോട് ഉറപ്പിച്ചു പറഞ്ഞെങ്കിലും മദ്യപാനം കണ്ടെത്താനുള്ള ഉപകരണത്തെ അവിശ്വസിക്കാനും വയ്യാത്ത അവസ്ഥയിലായി അധികൃതർ.
ഇന്നലെ രാവിലെ പന്തളം കെഎസ്ആർടിസി ഡിപ്പോയിലാണ് സംഭവം. പതിവ് പരിശോധനയുടെ ഭാഗമായിട്ടാണ് ജീവനക്കാരെ ഊതിച്ചത്. ജീവനക്കാരിൽ പലരും മദ്യപിച്ചെന്നാണ് ബ്രത്ത് അനലൈസറിൽ തെളിഞ്ഞത്. എന്നാൽ തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും സഹപ്രവർത്തകൻ കൊണ്ടുവന്ന ചക്കപ്പഴം കഴിച്ച ശേഷമാണ് പരിശോധനയ്ക്ക് വിധേയരായതന്നും ജീവനക്കാർ വാദിച്ചു. ഇതോടെ സ്റ്റേഷൻ മാസ്റ്ററും ചക്കപ്പഴം കഴിച്ചശേഷം പരിശോധനയ്ക്ക് വിധേയനായി. അപ്പോൾ ബ്രത്ത് അനലൈസറിൽ മദ്യപിച്ചെന്നാണ് തെളിഞ്ഞത്. ഇതോടെ നിലവാരമില്ലാത്ത ബ്രത്ത് അനലൈസർ പണി തന്നുവെന്ന് ആരോപിച്ച് ജീവനക്കാർ ഒന്നടങ്കം രംഗത്ത് വന്നു.