വൈകീട്ട് ചൂട് ചായക്കൊപ്പം കഴിക്കാൻ സ്വാദൂറും ബീഫ് കട്ലറ്റ് ആയാലോ? ഇത് എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായ ചേരുവകൾ
- ബീഫ് -1/2 കിലോഗ്രാം
- ഉള്ളി – 3 കപ്പ്
- ഉരുളക്കിഴങ്ങ് – 3
- ഇഞ്ചി – 2 ടേബിൾ സ്പൂൺ
- പച്ചമുളക് – 2
- മഞ്ഞൾ പൊടി – 1/2 ടീ സ്പൂൺ
- ഗരം മസാല – 1 – 1.5 ടീ സ്പൂൺ
- കുരുമുളകുപൊടി – 1 ടീ സ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യമായി ഒരു കുക്കറിൽ ഉരുളക്കിഴങ്ങു വേവിച്ചുടച്ചു വയ്ക്കുക. പ്രഷർ കുക്കറിൽ ഇറച്ചിയിട്ടു അതിൽ മഞ്ഞൾ പൊടിയും ഗരം മസാല പൊടിയും കുരുമുളകുപൊടിയും ഉപ്പും ചേർത്തു മയത്തിൽ വേവിച്ചെടുത്തു മിൻസ് ചെയ്തു മാറ്റിവയ്ക്കുക. ഫ്രൈയിങ് പാനിൽ ഉള്ളി, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ വഴറ്റുക.
മസാല പൊടിയും കുരുമുളകുപൊടിയും ചേർത്തു വഴറ്റി എടുക്കുക.ഒട്ടും വെള്ളത്തിന്റെ അംശം ഇല്ലാതെ ആക്കി മാറ്റി എടുക്കണം. ഇതിൽ ഉടച്ചുവച്ച ഉരുളക്കിഴങ്ങു ചേർത്തു തീ ഓഫ് ചെയ്തു തണുക്കാൻ വയ്ക്കാം. പിന്നീട് മിൻസ് ചെയ്ത ഇറച്ചിയുമായി ചേർത്തു കൈ കൊണ്ടു യോജിപ്പിച്ചു ഉരുളകളാക്കി കട്ലറ്റ് ആകൃതിയിൽ പരത്തി വയ്ക്കുക.
രണ്ടു പാത്രങ്ങളിലായി മുട്ടയും ബ്രഡ് പൊടിച്ചതും എടുക്കുക. കട്ലറ്റ് ആദ്യം മുട്ടയിലും ശേഷം ബ്രഡ് പൊടിയിലും മുക്കിയെടുത്തു ചൂടായ എണ്ണയിൽ രണ്ടുവശവും ബ്രൗൺ കളർ ആകുന്നതുവരെ വറുത്തെടുക്കുക. ക്രിസ്മസ് സ്പെഷൽ ബീഫ് കട്ലറ്റ് റെഡി.