വേടന്‍ കേരളത്തില്‍ അടുത്തിടെ വളര്‍ന്നുവരുന്ന ഒരു കലാകാരനാണ്. ആ ചെറുപ്പക്കാരന്‍ വളര്‍ന്നു വരട്ടെ. വിവാദങ്ങളില്‍പ്പെടുത്തി അദ്ദേഹത്തിന്റെ ഭാവിക്ക് മേല്‍ നിഴല്‍ പരത്തരുതെന്ന് സേവ് യൂണിവേഴ്‌സിറ്റി ക്യാമ്പയിന്‍ കമ്മിറ്റി. അക്കാദമിക വിഷയങ്ങള്‍ അക്കാദമിക വിഷയങ്ങള്‍ ആയി തന്നെ ചര്‍ച്ച ചെയ്യുക. അതുപോലെ നമ്മുടെ വളര്‍ന്നു വരുന്ന യുവാഗായികമാരില്‍ ഏറെ കഴിവ് തെളിയിച്ച ഗായികയാണ് ഗൗരിലക്ഷ്മി. കുചേലവൃത്തം കഥകളി പദം അതിമനോഹരമായി അവര്‍ ആലപിച്ചിട്ടിട്ടുണ്ട്. വേടനേയും ഗൗരീലക്ഷിയെയും വെറുതെ വിടുക. അക്കാദമിക ചര്‍ച്ചകള്‍ അക്കാദമികമായി നടക്കട്ടെ. വേടന്റെ റാപ്പും മൈക്കല്‍ ജാക്‌സന്റെ പോപ്പും എല്ലാം കൂടുതലും സംഗീതത്തിന്റെയും പ്രത്യേകമായ സ്വരസംഗമങ്ങളുടെയും എല്ലാം ആസ്വാദനമാണ്.
കവിതയെക്കളും സംഗീതത്തിനാണ് പ്രാധാന്യം. മലയാളം ബി എ പഠനത്തിന് സിലബസ് ഉണ്ടാക്കുന്നവര്‍ ഇതൊക്ക ആലോചിക്കേണ്ടതല്ലേ. കാലിക്കറ്റ് സര്‍വകലാശാല മൂന്നാം സെമസ്റ്റര്‍ മലയാളം പേപ്പറിലാണ് വേടന്‍ എന്നറിയപ്പെടുന്ന ഹിരണ്‍ ദാസ് മുരളി എന്ന വ്യക്തിയുടെ റാപ് സംഗീതവും മൈക്കല്‍ ജാക്‌സന്റെ പാശ്ചാത്യ റാപ് സംഗീതവും തമ്മിലുള്ള താരതമ്യ പഠനം ഉള്‍പെടുത്തിയത്. വ്യക്തിയുടെ സ്വകാര്യ ജീവിതത്തെ അദ്ദേഹത്തിന്റെ കലാ സൃഷ്ടിയുമായി ബന്ധപ്പെടുന്നത് ഉചിതമല്ല എന്നത് സമൂഹം അംഗീകരിച്ച കാര്യമാണെന്നിരിക്കെ അത്തരം ചര്‍ച്ചകളും പരാതികളും നിശ്ചയമായും ഒഴിവാക്കപ്പെടേണ്ടതാണ്.
പക്ഷേ ഏറ്റവും പ്രധാനപ്പെട്ട വിഷയം അവിടെ കുട്ടികള്‍ക്ക് പഠനവിഷയമായി കൊടുത്ത റാപ് കവിത ഏതെങ്കിലും രീതിയില്‍ മലയാളം ബിരുദവിദ്യാര്‍ഥികള്‍ക്ക് പഠനാര്‍ഹമായ ഒന്നാണോ എന്നതാണ്. ‘ഭൂമി ഞാന്‍ വാഴുന്നിടം’ എന്ന റാപ് എന്തെങ്കിലും സാഹിത്യാംശമുള്ള ഒന്നാണ് എന്ന് പറയാന്‍ ആകില്ല. പാര്‍ട്ടി രാഷ്ട്രീയമാണ് അതു കുത്തിക്കയറ്റാന്‍ കാരണമെന്ന് ആക്ഷേപമുണ്ട്. സഹിത്യമാണോ അതോ റാപ് സംഗീതമാണോ താരതമ്യം ചെയ്യേണ്ടത് എന്നും വ്യക്തമല്ല. സിലബസില്‍ കൊടുത്തിരിക്കുന്നത് യൂട്യൂബ് ലിങ്ക് ആണ്. അതിലും ഭീകരമായത് ഈ താരതമ്യത്തിനു തൊട്ടു മുമ്പ് കൊടുത്ത താരതമ്യം. ‘അജിതാ ഹരേ…’ എന്ന് തുടങ്ങുന്ന കുചേലവൃത്തം കഥകളി പദമാണ് വിഷയം. കോട്ടക്കല്‍ കഥകളി സംഘത്തിന്റെയും അതുപോലെ ഗൗരി ലക്ഷ്മി എന്ന ഗായികയുടെയും ആലപനങ്ങളെക്കുറിച്ചാണ് താരതമ്യം ചെയ്യേണ്ടത്.
കുചേല വൃത്തം എഴുതിയത് മുരിങ്ങൂര്‍ ശങ്കരന്‍ പോറ്റിയാണ്. ദരിദ്ര ബ്രാഹ്മണനായ കുചേലന്‍ തന്റെ സഹപാഠിയായ ഭഗവാന്‍ കൃഷ്ണനുമായുള്ള മഹത് സംഗമവേളയില്‍ ഭക്തി പൂര്‍വമായി ആലപിക്കുന്ന ഭാഗമാണ് ഇവിടെ അവതരിപ്പിക്കുന്നത്. ഒട്ടേറെ മഹാന്മാരായ കലാകാരന്മാര്‍ ഇതിന് മുമ്പ് ഇത് അവതരിപ്പിച്ചിട്ടുണ്ട്. ചെറിയ വ്യത്യസങ്ങളോടെ, ഭക്തിപൂര്‍ണമായി. അടുത്തിടെ യുവാഗയിക ഗൗരി ലക്ഷ്മി ഈ കഥകളി പദം ഭംഗിയായി ചൊല്ലി ഒരു ആല്‍ബം ഇറക്കിയിട്ടുണ്ട്. പക്ഷെ അതിന്റെ ദൃശ്യാവിഷ്‌കരണം ഭക്തിയുമായി ഇണങ്ങുന്ന ഒന്നല്ല എന്നും കുചേല വൃത്തത്തിന് അനുയോജ്യമല്ല എന്നും ഏറെ വിമര്‍ശനം ഉണ്ടായിട്ടുണ്ട്. വിഷയം അതല്ല. ഈ രണ്ട് ആലാ പനങ്ങളെ താരതമ്യം ചെയ്യണമെങ്കില്‍ സംഗീതത്തില്‍ ഏറെ അവഗാഹമുള്ളവര്‍ക്കെ പറ്റൂ.
സംഗീതം ആവശ്യമില്ലാത്ത മലയാളം ഐച്ഛിക വിഷയമായി എടുക്കുന്ന വിദ്യാര്‍ത്ഥികള്‍ എങ്ങനെയാണ് ഇത് താരതമ്യം നടത്തുക? നിശ്ചയമായും ശാസ്ത്രീയ സംഗീതം അഭ്യസിക്കുന്ന സംഗീത ബിരുദ വിദ്യാര്‍ത്ഥികളുടെ പഠന സിലബസില്‍ ഇത് ഉള്‍പ്പെടുത്താവുന്നതാണ്. ഈ സിലബസ് മൊത്തം അബദ്ധ ജഡിലമാണെന്ന് ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തം. തങ്ങള്‍ക്ക് അറിയാത്ത കാര്യങ്ങളാണ് നിക്ഷിപ്ത താത്പര്യത്തോടെ കുത്തി നിറച്ചിരിക്കുന്നത്. രണ്ട് യൂട്യൂബ് ചാനല്‍ ലിങ്കും കൊടുത്ത് കഷ്ടത്തിലാക്കുകയാണ് വിദ്യാര്‍ത്ഥികളെയും അധ്യാപകരെയും. ഇടതു പക്ഷ അധ്യാപക സംഘടനകളിലെ വിധേയരെ മാത്രം വെച്ച് സര്‍വ്വകലാശാലകളുടെപഠന ബോര്‍ഡുകള്‍ രൂപീകരിക്കുന്നതിന്റെ ഫലമാണ് ഇത്. കഷ്ടപ്പെടുന്നത് കുട്ടികളും. പ്രമുഖ ഭാഷ പണ്ഡിതനും, അധ്യാപകനും നിരൂപകനുമായ ഡോ.എം.എം. ബഷീറിന്റെ പഠന റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തില്‍ അനാവശ്യ ചര്‍ച്ചകള്‍ അവസാനിപ്പിച്ച്, ബിരുദ പഠന വിഷയത്തിന്റെ ഗൗരവം ഉള്‍ക്കൊണ്ട് ബന്ധപ്പെട്ട അക്കാദമിക് സമിതികള്‍ അന്തിമ തീരുമാനമെടുക്കാന്‍ വൈകരുത്.
CONTENT HIGH LIGHTS;Don’t drag Vedan into controversy?: Save University Campaign Committee regarding teaching Vedan’s rap music in Calicut-B.A. Malayalam syllabus