ഇടുക്കി: സിപിഐ ഇടുക്കി ജില്ലാ പ്രവർത്തന റിപ്പോർട്ടിൽ സിപിഎമ്മിന് രൂക്ഷ വിമർശനം. വികസന നേട്ടങ്ങൾ ഒരു വ്യക്തിയുടെ കഴിവാണെന്ന് വരുത്തി തീർക്കുവാൻ സിപിഎം സംഘടിത ശ്രമം നടത്തുന്നുവെന്ന് പ്രവർത്തന റിപ്പോർട്ടിൽ പറഞ്ഞു.
ജില്ലയിൽ കേരള കോൺഗ്രസിന് സ്വാധീനമുള്ളത് ഏതാനും പോക്കറ്റുകളിൽ മാത്രമാണെങ്കിലും എൽഡിഎഫിലെ രണ്ടാം കക്ഷിയാക്കാൻ സിപിഎമ്മിന് നിർബന്ധം. എന്നാൽ ഇടതുപക്ഷ ഐക്യം ശക്തിപ്പെടുത്തുവാൻ അവരെ സഹിക്കുക തന്നെ വേണമെന്നും ജില്ലാ സെക്രട്ടറി കെ. സലിംകുമാർ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിൽ പരാമർശിച്ചു.
റിപ്പോർട്ടിൽ ധനമന്ത്രിക്കു നേരെയും വിമർശനമുയർന്നു. സിപിഐ ഭരിക്കുന്ന വകുപ്പുകൾക്ക് ഫണ്ടില്ലെന്നും സിവിൽ സപ്ലൈസ്, കൃഷി, മൃഗസംരക്ഷണം തുടങ്ങിയ വകുപ്പുകൾക്ക് ഫണ്ട് നൽകുന്നതിൽ ധനമന്ത്രിക്ക് പിശുക്കാണെന്നും ഇതേസമയം സിപിഎം ഭരിക്കുന്ന വകുപ്പുകൾക്ക് ധനമന്ത്രി വാരിക്കോരി നൽകുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു.