ഉറക്കത്തിൽ വായിൽ നിന്നും ഉമിനീർ വരുന്നത് സാധാരണമായ ഒരു സംഭവമാണ്. എന്നാൽ ഇത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്. കുട്ടികളിലും മുതിർന്നവരിലും എല്ലാം ഇത് സംഭവിക്കാറുണ്ട്. ദിവസവും ഒരു ലിറ്ററോളം ഉമിനീർ നമ്മുടെ വായിൽ ഉത്പാദിപ്പിക്കുന്നുണ്ട്. ഉമിനീർ ഉത്പാദിപ്പിക്കുന്ന ധാരാളം ഗ്രന്ഥികൾ വായിലുണ്ട്. ദഹനം മെച്ചപ്പെടുത്തുന്നതിൽ വരെ വലിയ പങ്ക് വഹിക്കുന്നവയാണിത്. ഉമിനീർ പ്രവർത്തനം ശരിസാസി നടന്നില്ലെങ്കിൽ ഗ്യാസ് പോലുള്ള പ്രശ്നങ്ങൾക്ക് വരെ കാരണമാകും എന്നത് പലർക്കും അറിവുണ്ടാകില്ല.
പകൽ സമയത്താണ് സാധാരണയായി ഉമിനീർ ഉത്പാദനം കൂടുതൽ നടക്കുന്നത്. എന്നാൽ ചിലർക്ക് രാത്രിയിലും ഉമിനീർ ഉത്പാദിപ്പിക്കപ്പെടുന്നു. നമ്മൾ ഉറങ്ങുന്ന പൊസിഷൻ ആണ് പലപ്പോഴും വായിൽ നിന്നും ഉമിനീർ വരാനുള്ള സാധ്യത കൂട്ടുന്നത്. കമഴ്ന്നോ, ഒരു വശം ചരിഞ്ഞോ കിടക്കുമ്പോഴാണ് കൂടുതലായും വായിൽ നിന്നും ഉമിനീർ പുറത്തേക്ക് വരുന്നത്. ഒരു പൊതു സ്ഥലത്തൊക്കെ വച്ച് ഇത്തരത്തിൽ സംഭവിക്കുന്നത് നമുക്ക് ചിലപ്പോൾ നാണക്കേട് തോന്നിയേക്കാം. എന്തുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നതെന്ന് ചിന്തിച്ചിട്ടുണ്ടോ. ഉറങ്ങുമ്പോൾ വായിൽ നിന്നും ഉമിനീർ വരാനുള്ള കാരണങ്ങൾ അറിയാം.
വായ വരണ്ടിരിക്കുകയാണെങ്കിൽ ഉമിനീർ ഗ്രന്ഥികൾ ഉമിനീർ ഉത്പാദിപ്പിക്കും. ഈ സമയം വായ തുറന്നാണ് നമ്മൾ ഉറങ്ങുന്നതെങ്കിൽ ഈ ഗ്രന്ഥികൾ കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കാൻ സാധ്യതയുണ്ട്. അങ്ങനെ വരുമ്പോൾ ഉറക്കത്തിൽ വായിൽ നിന്ന് ഉമിനീർ പുറത്തേക്ക് വരും. ധാരാളം വെള്ളം കുടിച്ച് ജലാംശം നിലനിർത്തുകയെന്നതാണ് ഇതിന് പ്രതിവിധി.
ശ്വാസകോശ അണുബാധയോ സീസണൽ അലർജിയോ തുടങ്ങിയവയുള്ളപ്പോൾ ശരീരം കൂടുതൽ ഉമിനീർ ഉത്പാദിപ്പിക്കും. ഇത് അണുക്കളെ പുറന്തള്ളാൻ സഹായിക്കുമെങ്കിലും ഉറക്കത്തിൽ വായിൽ നിന്ന് ഉമിനീർ വരാനുള്ള സാധ്യത കൂട്ടുന്നു. മൂക്കടപ്പ് പോലുള്ള പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ വായിക്കൂടി ശ്വാസമെടുക്കുന്നത് സ്വാഭാവികമാണ്. അങ്ങനെ വരുമ്പോൾ വായ വരണ്ട് പോകുകയും ഉറക്കത്തിൽ കൂടുതൽ ഉമിനീർ ഉദ്പാദിപ്പിക്കപ്പെടുകയും ചെയ്യും. സ്ലീപ് അപ്നിയ ഉള്ളവരിലും ഉമിനീർ ഉദ്പാദനം അമിതമായിരിക്കും. ഉറക്കത്തിൽ ശ്വസിക്കാനുള്ള കഴിവിനെ തടസ്സപ്പെടുത്തുന്ന ഒരു അവസ്ഥയാണ് സ്ലീപ് അപ്നിയ. മൂക്കിലൂടെ ശ്വസിക്കാൻ ബുദ്ധിമുട്ട് വരുമ്പൾ വായിലൂടെ ശ്വസിക്കുകയും ഉറക്കത്തിൽ ഉമിനീർ ഉദ്പാദനം വർധിക്കാൻ കാരണമാകുകയും ചെയ്യും.
അസിഡിറ്റി, ഗ്യാസ്ട്രബിൾ പോലുള്ള പ്രശ്നങ്ങളുള്ളവരിൽ ഇത്തരത്തിൽ അമിതമായി ഉദ്പാദിപ്പിക്കപ്പെടുന്ന അവസ്ഥയുണ്ടാകാറുണ്ട്. രാത്രിയിൽ വയറ്‍ നിറയെ ഭക്ഷണം കഴിക്കുന്നതും ആസിഡ് റിഫ്ലക്സ് കൂടുതൽ വഷളാക്കും. ഫൈബർ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുകയും രാത്രിയിൽ മിതമായ അളവിൽ ഭക്ഷണം കഴിക്കുന്നതിലൂടെയും ഇതിനെ പ്രതിരോധിക്കാം.
ചില മരുന്നുകൾ കഴിക്കുന്നതും നിങ്ങളുടെ ഉമിനീർ ഉൽപാദനം വർദ്ധിപ്പിക്കുന്നു. ഇതിനെ ഹൈപ്പർസലൈവേഷൻ എന്നാണ് പറയുന്നത്. ഇത് രാത്രിയിൽ ഉമിനീർ ഉത്പാദനം വർധിപ്പിക്കും. റിസ്പെരിഡോൺ അല്ലെങ്കിൽ ക്ലോസാപൈൻ ഉൾപ്പെടെയുള്ള ആന്റി സൈക്കോട്ടിക് മരുന്നുകൾ, ഡിമെൻഷ്യ ചികിത്സിക്കുള്ള കോളിനെർജിക് അഗോണിസ്റ്റുകൾ തുടങ്ങിയവ ഉമിനീർ ഉത്പാദനം വർധിക്കാൻ കാരണമാകും. നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഏതൊരു അവസ്ഥയും നിങ്ങളുടെ ഉമിനീർ ഉൽപാദനത്തെ ബാധിക്കും. പാർക്കിൻസൺസ്, സ്ട്രോക് തുടങ്ങിയവ ഉള്ളവരിൽ ഉമിനീർ ഉത്പാദനം കൂടുതലായിരിക്കും.
















