മോദി സര്‍ക്കാരിന്റെ ബ്ലൂ ഇക്കോണമി മത്സ്യത്തൊഴിലാളികള്‍ക്ക് ഒരുക്കിയ കെണിയാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി.കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ആഴക്കടല്‍ മത്സ്യബന്ധന നയത്തിനെതിരെയും, കടല്‍ മണല്‍ ഖനന നടപടികള്‍ക്കെതിരേയും, അഖിലേന്ത്യ മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ്സ് സംസ്ഥാന കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാജ്ഭവന്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുക ആയിരുന്നു അദ്ദേഹം. കടല്‍ മണല്‍ ഖനനവും ആഴക്കടലില്‍ വലിയ കപ്പലുകള്‍ക്ക് അനുമതി നല്‍കുന്ന മത്സ്യബന്ധന നയവും കേന്ദ്രസര്‍ക്കാരിന്റെ ബ്ലു ഇക്കോണമി നയങ്ങളുടെ തുടര്‍ച്ചയാണ്. കടല്‍ സമ്പത്ത് അദാനിക്കും അംബാനിക്കുകമായി വീതം വെയ്ക്കുകയാണ്. അതിന് വേണ്ടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍. വന്‍കിട കപ്പല്‍ കമ്പനികളുടെ കടന്നുവരവ് ഈ മേഖലയില്‍ പണിയെടുക്കുന്ന ചെറുയാനങ്ങളിലെ മത്സ്യത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗത്തിന് ഭീഷണിയാണ്. അനുവദനീയമായ യാനങ്ങളുടെ മൂന്ന് മടങ്ങ് നിലവിലുള്ളപ്പോഴാണ് വന്‍കിട കപ്പലുകള്‍ക്ക് കൂടി ആഴക്കടലില്‍ അനുമതി നല്‍കുന്നത്.
പരമ്പരാഗത മത്സ്യത്തൊളിലാളികളുടെ സബ്‌സിഡി ഉള്‍പ്പെടെയുള്ള ആനുകൂല്യം വെട്ടിച്ചുരുക്കുമ്പോള്‍ കോടികള്‍ വിലവരുന്ന യാനങ്ങള്‍ക്ക് 50 ശതമാനം വരെ സബ്‌സിഡിയും അടിസ്ഥാന സൗകര്യങ്ങളും ഒരുക്കുകയാണ് കേന്ദ്രസര്‍ക്കാര്‍.പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്കോ അവരുടെ സഹകരണ പ്രസ്ഥാനത്തിനോ മാത്രമായി യാനങ്ങള്‍ അനുവദിക്കണമെന്ന നമ്മുടെ നിലപാടിന്റെ നേരെ എതിര്‍ ദിശയിലേക്കാണ് കേന്ദ്രസര്‍ക്കാര്‍ പോക്ക്. വന്‍കിട കപ്പലുകളുടെ കടന്ന് വരവ് പാവപ്പെട്ട മത്സ്യത്തൊഴിലാളികളുടെ വയറ്റത്തടിക്കും. പൊതുമേഖല സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ വന്‍കിട മുതലാളിമാര്‍ക്ക് തീറെഴുതിയ ശേഷമാണ് കടലിനെയും രാജ്യത്തെ രണ്ട് കോര്‍പ്പറേറ്റുകള്‍ക്ക് മോദി ഭരണകൂടം വില്‍ക്കുന്നതെന്നും കെസി വേണുഗോപാല്‍ വിമര്‍ശിച്ചു.
യുപിഎ സര്‍ക്കാര് നല്‍കിയ മണ്ണെണ്ണ സബ്‌സിഡി കേന്ദ്രസര്‍ക്കാരും ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മത്സ്യഫെഡ് വഴി നല്‍കിയ 50 ശതമാനം സബ്‌സിഡിയില്‍ നല്‍കിയ മണ്ണെണ്ണ പിണറായി സര്‍ക്കാരും വെട്ടിച്ചുരിക്കി. ത്സ്യത്തൊഴിലാളികളുടെ ലൈഫ് ഇല്ലാതാക്കുന്നതാണ് കേരള സര്‍ക്കാരിന്റെ ഭവനപദ്ധതി. മതിയായ ധനസഹായം നല്‍കുന്നില്ല.ഭൂമിയുടെ മേലുള്ള ഉടമസ്ഥാവകാശം നല്‍കുന്നില്ല. അതുകൊണ്ട് തന്നെ യുഡിഎഫ് അധികാരത്തില്‍ വരുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്കായി പ്രത്യേക ഭവനപദ്ധതി കൊണ്ടുവരുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.
മത്സ്യത്തൊഴിലാളി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ലീലാകൃഷ്ണന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ എംപി ടിഎന്‍ പ്രതാപന്‍, മത്സ്യത്തൊഴിലാളി ദേശീയ പ്രസിഡന്റ് ആംസ്‌ട്രോങ് ഫെര്‍ണാണ്ടോ, ഡിസിസി പ്രസിഡന്റ് പാലോട് രവി ,മുന്‍മന്ത്രി വിഎസ് ശിവകുമാര്‍, ജയ്‌സണ്‍ പൂന്തുറ തുടങ്ങിയവര്‍ പങ്കെടുത്തു.