ബ്രിട്ടീഷ് ആഢംബര വാഹന നിർമാതാക്കളായ ജാഗ്വാർ ലാൻഡ് റോവർ തങ്ങളുടെ റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫിയുടെ പുതിയ വേരിയന്‍റ് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി. കൂടുതൽ ആഡംബര ലുക്കിലാണ് പുതിയ വേരിയന്‍റ് പുറത്തിറക്കിയത്. പെട്രോൾ, ഡീസൽ എഞ്ചിൻ ഓപ്ഷനുകളിലാണ് ഇവ ലഭ്യമാവുക. 89.90 ലക്ഷം രൂപ എക്‌സ്-ഷോറൂം വിലയിലാണ് ഇത് പുറത്തിറക്കിയത്.
2L പെട്രോൾ എഞ്ചിനിൽ മാത്രം ലഭ്യമായ ഡൈനാമിക് എസ്ഇ വേരിയന്‍റിനേക്കാൾ 5 ലക്ഷം രൂപ കൂടുതലാണ് വെലാർ ഓട്ടോബയോഗ്രഫിയുടെ പുതിയ മോഡലിന്. ഫ്യൂജി വൈറ്റ്, സാന്റോറിനി ബ്ലാക്ക്, വരേസിൻ ബ്ലൂ, അറോയോസ് ഗ്രേ, ഒസ്റ്റുണി പേൾ വൈറ്റ്, ബറ്റുമി ഗോൾഡ് എന്നീ കളർ ഓപ്‌ഷനുകളിലാണ് ഇത് ലഭ്യമാവുക. എബണി, ക്ലൗഡ്/എബണി, ഡീപ് ഗാർനെറ്റ്/എബണി, കാരവേ/എബണി എന്നീ ഇന്‍റീരിയർ നിറങ്ങളിൽ ഇത് ലഭ്യമാകും.
റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫി ഇന്ത്യൻ വിപണിയിൽ മെഴ്‌സിഡസ് ബെൻസ് ജിഎൽഇ, ബിഎംഡബ്ല്യു എക്‌സ് 5, വോൾവോ എക്‌സി 90, ഔഡി ക്യു7 എന്നിവയുമായി ആയിരിക്കും മത്സരിക്കും. ഇതിന്‍റെ സ്‌പെസിഫിക്കേഷനുകളും പുതുതായി എന്തൊക്കെയാണ് ഉൾപ്പെടുത്തിയതെന്നും പരിശോധിക്കാം.
വേലാർ ഓട്ടോബയോഗ്രഫിയുടെ പുതിയ വേരിയന്‍റിന്‍റെ ഡിസൈനിലേക്ക് പോകുമ്പോൾ, ഇതിൽ ഫ്ലോട്ടിങ് റൂഫും ഫ്ലഷ് ഡോർ ഹാൻഡിലുകളും തുടരുന്നതായി കാണാം. പിക്‌സൽ എൽഇഡി ഹെഡ്‌ലൈറ്റുകളുടെ സൂക്ഷ്‌മമായ അപ്‌ഡേറ്റും സാറ്റിൻ ഡാർക്ക് ഗ്രേ നിറത്തിലുള്ള റീഡിസൈൻ ചെയ്‌ത 20 ഇഞ്ച് (10-സ്പോക്ക്) അലോയ് വീലുകളുമായാണ് പുതിയ എസ്‌യുവി വരുന്നത്. കൂടാതെ ഫ്രണ്ട് ബമ്പറിൽ ഉടനീളം ബർണിഷ്‌ഡ് കോപ്പർ ആക്‌സന്‍റുകൾ, ഫ്രണ്ട് ഫെൻഡറുകൾ, റിയർ ബമ്പറുകൾ, മുന്നിലും പിന്നിലും ‘റേഞ്ച് റോവർ’ ലെറ്ററിങ് എന്നിവയുമുണ്ട്.
റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫിയിൽ ആഡംബര അനുഭവം നൽകുന്ന നിരവധി മെച്ചപ്പെടുത്തലുകൾ ഉണ്ട്. സ്ലൈഡിങ് പനോരമിക് സൺറൂഫ്, പൂർണ്ണമായും എക്സ്റ്റെൻഡ് ചെയ്‌ത വിൻഡ്‌സർ ലെതർ അപ്ഹോൾസ്റ്ററി, സ്വീഡ്‌ക്ലോത്ത് ഹെഡ്‌ലൈനിങ്, മെറിഡിയൻ 3D സറൗണ്ട് സൗണ്ട് സിസ്റ്റം എന്നിവയുൾപ്പെടെയുള്ള ലക്ഷ്വറി സവിശേഷതകളോടെയാണ് ഇത് വരുന്നത്.
ഇതിനുപുറമെ, 20-വേ മസാജ് ഇലക്ട്രിക്കലി അഡ്‌ജസ്റ്റ് ചെയ്യാവുന്ന ഫ്രണ്ട് സീറ്റുകൾ, കോൺഫിഗർ ചെയ്യാവുന്ന ആംബിയന്‍റ് ലൈറ്റിങ്, ഫോർ-സോൺ ക്ലൈമറ്റ് കൺട്രോൾ, എയർ പ്യൂരിഫിക്കേഷൻ സിസ്റ്റം, 3D സറൗണ്ട് ക്യാമറ, ടെറൈൻ റെസ്‌പോൺസ് 2, ഇലക്ട്രോണിക് എയർ സസ്‌പെൻഷൻ, വേഡ് സെൻസിംഗ്, അഡാപ്റ്റീവ് ഡൈനാമിക്‌സ് തുടങ്ങി നിരവധി സവിശേഷതകളും ഉണ്ട്. ഈ സവിശേഷതകൾ ഡൈനാമിക് എസ്ഇ വേരിയന്‍റിൽ ലഭ്യമല്ല.
പുതുതായി പുറത്തിറക്കിയ റേഞ്ച് റോവർ വെലാർ ഓട്ടോബയോഗ്രഫിയിൽ P250 പെട്രോൾ അല്ലെങ്കിൽ D200 ഡീസൽ മൈൽഡ് ഹൈബ്രിഡ് എഞ്ചിൻ ഓപ്ഷനുകളാണ് നൽകിയിരിക്കുന്നത്. 2 ലിറ്റർ ടർബോ-പെട്രോൾ എഞ്ചിൻ 246.6 ബിഎച്ച്‌പി പവറും 365 Nm ടോർക്കും ഉത്പാദിപ്പിക്കും. അതേസമയം മൈൽഡ്-ഹൈബ്രിഡ് സാങ്കേതികവിദ്യയുള്ള ഡീസൽ എഞ്ചിൻ 201 ബിഎച്ച്‌പി പവറും 430 Nm ടോർക്കും ഉത്പാദിപ്പിക്കും.