Entertainment

‘ഒരു കഥാപാത്രത്തിന് റീച്ച് കിട്ടാന്‍ സ്‌ക്രീന്‍ ടൈം വലിയൊരു ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല’: ലോകേഷ് കനകരാജ്

കമല്‍ ഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്ത് 2022ല്‍ പുറത്തിറങ്ങിയ ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് വിക്രം. ഇപ്പോഴിതാ കൈതി എന്ന സിനിമയില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് ദില്ലി ഉണ്ടാക്കിയ അതേ ഇംപാക്ട് ആണ് വിക്രത്തിലെ റോളക്സും ഉണ്ടാക്കിയതെന്ന് പറയുകയാണ് ലോകേഷ്. സിനിമയില്‍ ഇംപാക്ടുണ്ടാക്കാന്‍ സ്‌ക്രീന്‍ ടൈം വലിയ ഘടകമല്ലെന്ന് തെളിയിച്ച കഥാപാത്രമാണ് റോളക്സ് എന്നും ആ വേഷത്തിന് വലിയ ഫാന്‍ബേസുണ്ടെന്നും ലോകേഷ് പറഞ്ഞു. ഹോളിവുഡ് റിപ്പോര്‍ട്ടര്‍ ഇന്ത്യക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലോകേഷ് ഇക്കാര്യം പറഞ്ഞത്.

ലോകേഷിന്റെ വാക്കുകള്‍…….

‘ഒരു കഥാപാത്രത്തിന് റീച്ച് കിട്ടാന്‍ സ്‌ക്രീന്‍ ടൈം വലിയൊരു ഘടകമാണെന്ന് ഞാന്‍ കരുതുന്നില്ല. അതിന് വലിയ പ്രാധാന്യമുള്ളതായി എനിക്ക് തോന്നിയിട്ടില്ല എന്നതാണ് സത്യം. അയാള്‍ എത്രനേരം സ്‌ക്രീനില്‍ വന്നു എന്നതിനെക്കാള്‍ ഇംപോര്‍ട്ടന്‍സ് അയാള്‍ ഉണ്ടാക്കിയ ഇംപാക്ടിനാണ്. അതിന്റെ ഏറ്റവും വലിയ ഉദാഹരമണാണ് റോളക്സ്. ആകെ ഏഴ് മിനിറ്റ് മാത്രമേ ആ കഥാപാത്രം സ്‌ക്രീനില്‍ വരുന്നുള്ളൂ. പക്ഷേ, അയാളുണ്ടാക്കിയ ഇംപാക്ട് എത്രയാണെന്ന് നോക്കൂ. കൈതിയില്‍ രണ്ടര മണിക്കൂര്‍ കൊണ്ട് ദില്ലി ഉണ്ടാക്കിയെടുത്ത അതേ ഇംപാക്ടാണ് റോളക്സും ഉണ്ടാക്കിയത്. രണ്ട് കഥാപാത്രങ്ങള്‍ക്കും വലിയ ഫാന്‍ബേസുണ്ട്. അതുകൊണ്ട് സ്‌ക്രീന്‍ ടൈമിന്റെ കാര്യത്തില്‍ എനിക്ക് വലിയ വിശ്വാസമില്ല’ .

ഏറെ പ്രശംസ പിടിച്ചു പറ്റിയ കഥാപാത്രമായിരുന്നു കമല്‍ ഹാസന്‍ ചിത്രമായ വിക്രത്തില്‍ സൂര്യ അവതരിപ്പിച്ച റോളക്‌സ് എന്ന വില്ലന്‍. ചിത്രത്തിലെ സൂര്യയുടെ ഗെറ്റപ്പും ഡയലോഗുമെല്ലാം വലിയ രീതിയിലാണ് ആരാധകര്‍ സ്വീകരിച്ചത്. സൂര്യയ്ക്ക് പുറമേ വിജയ് സേതുപതി, ഫഹദ് ഫാസില്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു.