ഓരോ കുഞ്ഞും വ്യത്യസ്തരായതിനാല്‍ അവരുടെ കഴിവുകള്‍ തിരിച്ചറിയണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നമുക്ക് മറ്റൊരാളാവാന്‍ പറ്റില്ല. ഓരോരുത്തരുടെ ഉള്ളിലും പല കഴിവുകളുണ്ട്. ഓരോ കഴിവുകളും തിരിച്ചറിയണം. ബാല ഭിക്ഷാടനവും ബാലവേലയും ഒഴിവാക്കാന്‍ ലക്ഷ്യമിട്ട് വനിതാ ശിശു വികസന വകുപ്പ് നിരവധി പരിപാടികള്‍ നടത്തി വരുന്നു. ബാല ഭിക്ഷാടനവും ബാലവേലയും പൂര്‍ണമായും ഇല്ലാതാക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു. ഉജ്ജ്വലബാല്യം പുരസ്‌കാര വിതരണം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
കുഞ്ഞുങ്ങളെ കുടുംബാന്തരീക്ഷത്തില്‍ നിര്‍ത്താനാണ് വനിതാ ശിശുവികസന വകുപ്പ് പരിശ്രമിക്കുന്നത്. ഒറ്റ വര്‍ഷം കൊണ്ട് 500 ഓളം കുഞ്ഞുങ്ങളെ സ്വന്തം കുടുംബത്തിലോ ഫോസ്റ്റര്‍ കെയറിലോ താമസിപ്പിക്കാന്‍ കഴിഞ്ഞിട്ടുണ്ട്. കാവല്‍, കാവല്‍ പ്ലസ് പദ്ധതികളെ സുപ്രീംകോടതി അടുത്തിടെ അഭിനന്ദിച്ചു. അസാധാരണമായ നല്ല മാതൃകയെന്നാണ് യൂണിസെഫ് പറഞ്ഞത്. ബാലസൗഹൃദ കേരളമാണ് ലക്ഷ്യമിടുന്നത്. വീട്ടിലും യാത്രാവേളയിലും പൊതുയിടങ്ങളിലും കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കണം. കുഞ്ഞുങ്ങളുടെ ശാരീരിക, മാനസിക, ബൗദ്ധിക വളര്‍ച്ചയാണ് ലക്ഷ്യം.
വ്യത്യസ്ഥ മേഖലകളില്‍ അസാധാരണ പ്രാഗത്ഭ്യം തെളിയിച്ച മക്കളെ ആദരിക്കുന്നതിന് വേണ്ടിയാണ് ഉജ്ജ്വലബാല്യം പുരസ്‌കാരം നല്‍കുന്നത്. ഓരോ ബാല്യവും ഉജ്ജ്വലമാണ്. ഓരോ കുഞ്ഞും പ്രധാനമാണ്. കുഞ്ഞുങ്ങള്‍ രാഷ്ട്രത്തിന്റെ സമ്പത്താണ്. 54 കുഞ്ഞുങ്ങള്‍ക്കാണ് പുരസ്‌കാരങ്ങള്‍ നല്‍കിയത്. 54 പേരും വ്യത്യസ്ത കഴിവുകളുള്ളവരാണ്. ഒന്നും അസാധ്യമല്ല.
സ്ത്രീകളുടേയും കുട്ടികളുടേയും ക്ഷേമം ഉറപ്പാക്കാനാണ് വനിതാ ശിശുവികസന വകുപ്പ് രൂപീകരിച്ചത്. കുഞ്ഞുങ്ങളെ സംബന്ധിച്ച കാര്യങ്ങള്‍ ഓരോ മാസവും വിലയിരുത്തി തുടര്‍നടപടികള്‍ സ്വീകരിക്കുന്നു. തസ്തിക സൃഷ്ടിക്കാന്‍ രാത്രി ഏറെ വൈകിയും പ്രയത്നിച്ച വനിതാ ശിശു വികസന വകുപ്പ് ഡയറക്ടറേയും മറ്റ് ഉദ്യോഗസ്ഥരേയും മന്ത്രി അഭിനന്ദിച്ചു.
കൊല്ലത്ത് മരണമടഞ്ഞ മകന്റെ വേര്‍പാടിന്റെ വേദനയിലാണ് കേരളം. ആ കുഞ്ഞിന് ആദരാഞ്ജലി അര്‍പ്പിക്കുന്നതായും മന്ത്രി പറഞ്ഞു.
ചൈല്‍ഡ് ഹെല്‍പ് ലൈന്‍ (1098) റീബ്രാന്റിംഗ് സംസ്ഥാനതല ഉദ്ഘാടനവും ബാല സംരക്ഷണ മേഖലയില്‍ സംസ്ഥാനം നടത്തിയ മാതൃകാ പ്രവര്‍ത്തനങ്ങളെ സംബന്ധിച്ച് യൂണിസെഫ് സഹായത്തോടെ നിര്‍മ്മിച്ച വീഡിയോ പ്രകാശനവും മന്ത്രി നിര്‍വഹിച്ചു. നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ അഡ്മിഷന്‍ ലഭിച്ച സര്‍ക്കാര്‍ ഹോമിലെ ശിവയെ മന്ത്രി അഭിനന്ദിച്ചു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാര്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ വനിത ശിശു വികസന വകുപ്പ് ഡയറക്ടര്‍ ഹരിത വി കുമാര്‍ സ്വാഗതം ആശംസിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ പാളയം രാജന്‍, ജോ. ഡയറക്ടര്‍ ശിവന്യ, എസ്.സി.പി.എസ്. പ്രോഗ്രാം മാനേജര്‍ സോഫി ജേക്കബ് എന്നിവര്‍ പങ്കെടുത്തു.
CONTENT HIGH LIGHTS: Every child is different, their talents should be recognized: Efforts are being made to keep children in a family environment