ഇന്ത്യ-പാകിസ്ഥാൻ വെടിനിര്‍ത്തലിൻ്റെ ക്രെഡിറ്റ് ആവര്‍ത്തിച്ച് അവകാശപ്പെടുകയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ്. കഴിഞ്ഞ ദിവസം വൈറ്റ് ഹൗസില്‍ റിപ്പബ്ലിക്കന്‍ നിയമസഭാ അംഗങ്ങള്‍ക്കായി നടത്തിയ അത്തായവിരുന്നിലും ട്രംപ് തന്‍റെ അവകാശവാദം ആവര്‍ത്തിച്ചു.
“ഞങ്ങൾ ധാരാളം യുദ്ധങ്ങൾ നിർത്തി. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള സംഘര്‍ഷം ഗൗരവമുള്ളതായിരുന്നു. ജെറ്റുകള്‍ ആകാശത്ത് വെടിവച്ചു വീഴ്ത്തപ്പെട്ടു. അഞ്ച് ജെറ്റുകൾ വെടിവച്ചിട്ടതായി ഞാൻ കരുതുന്നു.
അവര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു. രൂക്ഷമായിക്കൊണ്ടിരുന്ന ആ സംഘര്‍ഷം ഞങ്ങള്‍ വ്യാപാരത്തിലൂടെ പരിഹരിച്ചു. ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നില്ലേയെന്ന് ഞങ്ങള്‍ ചോദിച്ചു. എന്നാല്‍ ആയുധങ്ങള്‍, ഒരുപക്ഷേ ആണവായുധങ്ങള്‍ കൊണ്ട് പരസ്‌പരം ഏറ്റുമുട്ടുകയാണെങ്കില്‍ ഒരു വ്യാപാര കരാര്‍ ഉണ്ടാക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ലെന്ന് ഇരുവരോടും പറഞ്ഞു”- ട്രംപ് പറഞ്ഞു.
സംഘര്‍ഷം അവസാനിപ്പിച്ചതിന്‍റെ ക്രെഡിറ്റ് കഴിഞ്ഞ 70 ദിവസത്തിനിടെ പലതവണയാണ് വിവിധ ഇടങ്ങളില്‍ വച്ച് ട്രംപ് അവകാശപ്പെട്ടത്. ഇപ്പോഴിതാ ട്രംപിന്‍റെ അവകാശവാദത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പാർലമെന്‍റിൽ വ്യക്തവും ശക്തവുമായ പ്രസ്‌താവന നടത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് കോണ്‍ഗ്രസ്. പാര്‍ലമെന്‍റിന്‍റെ വര്‍ഷകാല സമ്മേളനം ആരംഭിക്കുന്നതിന് രണ്ട് ദിവസം മുമ്പ് കോൺഗ്രസ് ജനറൽ സെക്രട്ടറി ജയറാം രമേശാണ് ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്ത് എത്തിയിരിക്കുന്നത്.
ആണവായുധങ്ങൾ കൈവശം വച്ചിരിക്കുന്ന രണ്ട് രാജ്യങ്ങളായ ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള യുദ്ധം അമേരിക്ക അവസാനിപ്പിച്ചതായി ട്രംപ് ഏറെ തവണ പറഞ്ഞിട്ടുള്ളതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ‘ഒരേ കാര്യം ആവര്‍ത്തിച്ച് 24 തവണയാണ് ട്രംപ് വെടിപൊട്ടിച്ചത്’ എന്നായിരുന്നു ജയറാം രമേശിന്‍റെ പരാമര്‍ശം.
“2019 സെപ്റ്റംബറിൽ ഹൗഡി മോദി, 2020 ഫെബ്രുവരിയിൽ നമസ്തേ ട്രംപ് തുടങ്ങി പ്രസിഡന്‍റ് ട്രംപുമായി വർഷങ്ങളുടെ സൗഹൃദമാണ് പ്രധാനമന്ത്രിയ്‌ക്കുള്ളത്. കഴിഞ്ഞ 70 ദിവസമായി പ്രസിഡന്‍റ് ട്രംപ് അവകാശപ്പെടുന്ന കാര്യങ്ങളില്‍ പ്രധാനമന്ത്രി പാർലമെന്‍റില്‍ വ്യക്തവും കൃത്യവുമായ ഒരു പ്രസ്‌താവന നടത്തേണ്ടതുണ്ട്” – കോൺഗ്രസ് നേതാവ് പറഞ്ഞു.
യുഎസിന്‍റെ മധ്യസ്ഥതയില്‍ നീണ്ട ഒരു രാത്രിയിലെ ചർച്ചകൾക്ക് ശേഷം പൂർണ്ണവും ഉടനടിയുള്ളതുമായ വെടിനിർത്തലിന് ഇന്ത്യയും പാകിസ്ഥാനും സമ്മതിച്ചതായി മെയ് 10-ന് ആയിരുന്നു ട്രംപ് സോഷ്യൽ മീഡിയയിൽ പ്രഖ്യാപിച്ചത്. ഇതിന് ശേഷം പലതവണ ട്രംപ് തന്‍റെ അവകാശവാദം ഉന്നയിച്ചിട്ടുണ്ട്.