തേവലക്കര ബോയ്‌സ് സ്‌കൂളിൽ ഷോക്കേറ്റു മരിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുന്റെ സംസ്‌കാരം വീട്ടുവളപ്പിൽ നടന്നു. സ്കൂളിലെയും വീട്ടിലെയും പൊതുദർശനത്തിന് ശേഷമാണ് സംസ്കാര ചടങ്ങുകൾ നടന്നത്. വിദ്യാർത്ഥികളും നാട്ടുകാരും അടക്കം ആയിരക്കണക്കിന് ആളുകളാണ് അന്തിമോപചാരം അർപ്പിക്കാൻ ശാസ്താംകോട്ട വിളന്തറയിലെ വീട്ടിലേക്ക് എത്തിച്ചേർന്നത്.
മിഥുന്റെ അനുജൻ സുജിൻ ആണ് അന്ത്യകർമങ്ങൾ ചെയ്തത്. വൈകീട്ട് നാലരയോടെയാണ് സംസ്കാരം നടന്നത്. വിലാപയാത്രയായാണ് സ്കൂളിൽ നിന്ന് മിഥുന്റെ മൃതദേഹം വീട്ടിലെത്തിച്ചത്. രാവിലെ തേവലക്കര ബോയ്‌സ് സ്‌കൂളിൽ നടന്ന പൊതുദർശനത്തിൽ നാടിന്റെ നാനാതുറകളിൽ നിന്നുമുള്ള ആളുകൾ ഒഴുകിയെത്തിയിരുന്നു. ജനപ്രതിനിധികൾ അടക്കമുള്ളവർ അന്തിമോപചാരം അർപ്പിക്കാൻ സ്‌കൂളിൽ എത്തിയിരുന്നു.
മകന്റെ നിശ്ചല ശരീരം ചേർത്തുപിടിച്ച് പൊട്ടിക്കരഞ്ഞ അമ്മ സുജ നൊമ്പരക്കാഴ്ചയായി. ഇന്നു രാവിലെ ഒൻപതു മണിയോടെയായിരുന്നു മിഥുന്റെ അമ്മ സുജ നാട്ടിലെത്തിയത്. സ്വന്തം കുടുംബത്തെ നന്നായി നോക്കാനാണ് സുജ കുവൈറ്റിൽ വീട്ടുജോലിക്ക് പോയത്. അവിടെ ജോലിചെയ്തിരുന്ന വീട്ടിലെ അംഗങ്ങൾക്കൊപ്പം തുർക്കിയിൽ വിനോദയാത്രയ്ക്ക് ഒപ്പം പോയ സമയത്താണ് മകന്റെ അപ്രതീക്ഷിത വിയോഗം അറിയുന്നത്.
സ്കൂളിൽ വെച്ച് കളിക്കുന്നതിനിടെ സ്കൂളിലെ ഷെഡ്ഡിന് മുകളിൽ വീണ ചെരിപ്പെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് വൈദ്യുത കമ്പിയിൽ നിന്ന് ഷോക്കേറ്റ് മിഥുന് ദാരുണാന്ത്യം സംഭവിച്ചത്. 17ാം തീയതിയാണ് സ്കൂളിൽ വെച്ച് അപകടമുണ്ടാകുന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.