പിഎം കുസും എന്ന കേന്ദ്ര പദ്ധതിയുമായി ബന്ധപ്പെട്ട് പൊതുമേഖലാ സ്ഥാപനമായ അനര്‍ട്ടില്‍ 100 കോടി രൂപയുടെ അഴിമതി നടന്നുവെന്ന് തെളിവ് സഹിതം ആരോപണമുയര്‍ന്നിട്ടും അന്വേഷണത്തിന് ഉത്തരവിടാന്‍ മുഖ്യമന്ത്രി തയ്യാറാകാത്തത് ഭയം കൊണ്ടാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. കര്‍ഷകര്‍ക്ക് സൗജന്യമായി സൗരോര്‍ജ പമ്പുകള്‍ നലകാനുള്ള പദ്ധതിയിലാണ് ശതകോടികളുടെ അഴിമതി ആരോപണം. വൈദ്യുത മന്ത്രാലയം അനര്‍ട്ടിനെ ഒരു കറവപ്പശുവായി ഉപയോഗിക്കുകയും കോടിക്കണക്കിനു രൂപയുടെ അഴിമതികള്‍ നടത്തുകയും ചെയ്തിരിക്കുകയാണ്. സ്ഥാപനത്തിന്റെ ധനകാര്യവകുപ്പിനെ പോലും ഇരുട്ടില്‍ നിര്‍ത്തി താല്‍ക്കാലിക ജീവനക്കാരും കണ്‍സള്‍ട്ടിങ് സ്ഥാപനമായ ഇ.വൈ.യും ചേര്‍ന്ന ഒരു ഗൂഢസംഘം അനര്‍ട്ട് സിഇഒയ്‌ക്കെപ്പം പ്രവര്‍ത്തിച്ചു എന്നാണ് മനസിലാകുന്നത്. ഇത്രയേറെ ക്രമക്കേടുകള്‍ കാട്ടാനുള്ള ധൈര്യം അനര്‍ട്ട് സിഇഒയ്ക്ക് എങ്ങനെ ഉണ്ടായി? ഈ ആരോപണത്തില്‍ വൈദ്യുതി മന്ത്രിയുടെ മൗനം സംശയകരമാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
വെറും അഞ്ചു കോടി രൂപ മാത്രം ടെണ്ടര്‍ വിളിക്കാന്‍ അധികാരമുള്ള അനര്‍ട്ട് സിഇഒ 240 കോടിക്ക് ടെണ്ടര്‍ വിളിച്ചത് ആരുടെ അനുമതിയോടെയാണ് എന്നു വ്യക്തമാക്കണം. കേന്ദ്രം നിശ്ചയിച്ച അടിസ്ഥാനവിലയില്‍ നിന്ന് 145 ശതമാനം വരെ വ്യത്യാസത്തിലാണ് പല ടെണ്ടറുകളും നല്‍കിയിരിക്കുന്നത്. ഇതെങ്ങനെ സംഭവിച്ചു എന്നത് വ്യക്തമാക്കണം. പല കമ്പനികളും ക്വോട്ട് ചെയ്തതിനേക്കാള്‍ കൂടിയ തുകയ്ക്ക് കോണ്‍ട്രാക്ട് നല്‍കിയിട്ടുണ്ട്. ടെണ്ടര്‍ തുറന്ന ശേഷം തിരുത്തിയിട്ടുമുണ്ട്. ഇതൊക്കെ ഗുരുതരമായ ക്രമക്കേടുകളാണെന്നും സണ്ണി ജോസഫ് ചൂണ്ടിക്കാട്ടി.
സര്‍ക്കാരിന്റെ കയ്യില്‍ പണമില്ലാത്തതിനാല്‍ നബാര്‍ഡില്‍ നിന്ന് 175 കോടി രൂപ വായ്പയെടുത്തിട്ടാണ് വൈദ്യുത വകുപ്പ് ഈ അഴിമതിക്ക് കളമൊരുക്കിയിരിക്കുന്നത്. കുസും പദ്ധതിയുമായി മാത്രം ബന്ധപ്പെട്ടല്ല, തിരുവനന്തപുരം സ്മാര്‍ട്ട് സിറ്റി പദ്ധതിയുമായി ബന്ധപ്പെട്ടും കോടികളുടെ ക്രമക്കേടുകള്‍ നടന്നിട്ടുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ അനര്‍ട്ട് സിഇഒയെ മാറ്റി നിര്‍ത്തി വിശദമായ അന്വേഷണത്തിന് ഉത്തരവിടാനുള്ള മര്യാദ പോലും വൈദ്യുതി മന്ത്രി കാണിച്ചിട്ടില്ല. വൈദ്യുത വകുപ്പ് ഈ വിഷയത്തില്‍ അന്വേഷണത്തിന് ഉത്തരവിടാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ഈ വിഷയത്തില്‍ ശക്തമായ നടപടികള്‍ സ്വീകരിക്കണം. കഴിഞ്ഞ അഞ്ചു വര്‍ഷമായി അനര്‍ട്ടില്‍ നടക്കുന്ന മുഴുവന്‍ ഇടപാടുകളും ഒരു സ്വതന്ത്ര ഏജന്‍സിയെ കൊണ്ട് അന്വേഷിക്കണമെന്നും സണ്ണി ജോസഫ് ആവശ്യപ്പെട്ടു.