Business

ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310 പുറത്തിറക്കി

കൊച്ചി: മുന്‍നിര ഇരുചക്ര- മുച്ചക്ര വാഹന നിര്‍മാതാക്കളായ ടിവിഎസ് തങ്ങളുടെ പുതിയ അപ്പാച്ചെ ആര്‍ടിആര്‍ 310 ഇന്ത്യയില്‍ പുറത്തിറക്കി. 2,39,990 രൂപയാണ് എക്സ്-ഷോറൂം വില. ഉയര്‍ന്ന വേരിയന്റിന് 2.57 ലക്ഷം രൂപ എക്‌സ്-ഷോറൂം വില വരും. നിരവധി പുതിയ സവിശേഷതകളും ചെറുതായി പരിഷ്‌കരിച്ച സ്റ്റൈലിംഗും പുതിയ നിറത്തിലുമാണ് സ്ട്രീറ്റ്ഫൈറ്റര്‍ എത്തുന്നത്. കൂടുതല്‍ സ്‌പോര്‍ട്ടിയര്‍ ആക്കുന്നതിനായി ഡൈനാമിക് കിറ്റും ഡൈനാമിക് കിറ്റ് പ്രോയും കമ്പനി അവതരിപ്പിച്ചിട്ടുണ്ട്.

പുതിയ ടിവിഎസ് അപ്പാച്ചെ ആര്‍ടിആര്‍ 310ല്‍ സീക്വന്‍ഷ്യല്‍ ടേണ്‍ സിഗ്നല്‍ ലാമ്പുകള്‍ (ടിഎസ്എല്‍), ഡ്രാഗ് ടോര്‍ക്ക് കണ്‍ട്രോള്‍, കീലെസ് റൈഡ്, ലോഞ്ച് കണ്‍ട്രോള്‍, ട്രാന്‍സ്‌പെരന്റ്‌റ് ക്ലച്ച് കവര്‍ എന്നിവയുള്‍പ്പെടെ നിരവധി പുതിയ സെഗ്മെന്റ്റ്-ഫസ്റ്റ് സവിശേഷതകളും ടിവിഎസ് ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ബഹു ഭാഷ യു.ഐ. പിന്തുണയ്ക്കുന്ന പുതുക്കിയ ഇന്‍സ്ട്രുമെന്റ് പാനലാണ് മറ്റൊരു പ്രധാന അപ്‌ഡേറ്റ്. കൂടാതെ പുതിയ ബോഡി ഗ്രാഫിക്‌സും ബൈക്കിന് പുത്തന്‍ ലുക്കും നല്‍കുന്നുണ്ട്. 9,700 ആര്‍പിഎമ്മില്‍ പരമാവധി 35.6 പിഎസ് കരുത്തും 6,650 ആര്‍പിഎമ്മില്‍ 28.7 എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്നതാണ് ഈ എഞ്ചിന്‍. അഞ്ച് വേരിയന്റുകളില്‍ ഈ വാഹനം ലഭ്യമാണ്.

തുടക്കം മുതല്‍ തന്നെ ടിവിഎസ് അപാച്ചെ ആര്‍ടിആര്‍ 310 നേക്കഡ് സ്‌പോര്‍ട്‌സ് സെഗ്മെന്റിലെ ട്രെന്‍ഡ്‌സെറ്ററാണെന്ന് ടി.വി.എസ് മോട്ടോര്‍ കമ്പനിയിലെ പ്രീമിയം ബിസിനസ് വിഭാഗം മേധാവി വിമല്‍ സംബ്ലി പറഞ്ഞു. 2025 പതിപ്പിലൂടെ ഭാവിയിലേക്കുള്ള സാങ്കേതികത, സൗഹൃദ ഡിജിറ്റല്‍ ഇന്റര്‍ഫേസുകള്‍, ശ്രദ്ധേയമായ ഡിസൈന്‍, യാത്രക്കാരന്റെ സുരക്ഷയ്ക്കുള്ള പ്രതിബദ്ധത എന്നിവയുമായി അതിന്റെ ധൈര്യമായ പൈതൃകത്തെ തങ്ങള്‍ കൂടുതല്‍ ശക്തമാക്കുകയാണ്. ടിവിഎസ് അപ്പാച്ചെയുടെ ഉപഭോക്തൃ സമൂഹത്തിന് ഈ മെച്ചപ്പെട്ട അനുഭവം കൊണ്ടുവരാനായതില്‍ തങ്ങള്‍ സന്തോഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.