Districts

പണ്ഡിറ്റ് രവിശങ്കറിന്റെ വിഖ്യാത സൃഷ്ടി അവതരിപ്പിച്ച് ആസ്വാദകശ്രദ്ധ നേടി ഇറ്റാലിയന്‍ സംഗീതജ്ഞര്‍

ബിനാലെയ്ക്ക് മുന്നോടിയായുള്ള സംഗീത പരിപാടി മട്ടാഞ്ചേരിയില്‍ അരങ്ങേറി

കൊച്ചി: അരനൂറ്റാണ്ട് മുമ്പ് സിത്താര്‍ മാന്ത്രികന്‍ പണ്ഡിറ്റ് രവിശങ്കര്‍ തോടി രാഗത്തില്‍ രണ്ട് വാദ്യോപകരണങ്ങളില്‍ രചിച്ച വിഖ്യാത സൃഷ്ടിക്ക് ശ്രദ്ധേയമായ പുനരവതരണം നടത്തി ഇറ്റാലിയന്‍ യുവ സംഗീതജ്ഞര്‍. കൊച്ചി-മുസിരിസ് ബിനാലെയ്ക്ക് മുന്നോടിയായി നടന്ന സംഗീത പരിപാടിയിലാണ് രവിശങ്കറിന്റെ എല്‍’ഔബീഎന്‍ചാന്റ്‌റി (ദി എന്‍ചാന്റഡ് ഡോണ്‍) 11 മിനിറ്റ് ദൈര്‍ഘ്യമുള്ള ഫ്ളൂട്ട്-ഗിറ്റാര്‍ കണ്‍സേര്‍ട്ടായി ടോമാസോ ബെന്‍സിയോലിനിയും ലോറെന്‍സോ ബെര്‍ണാര്‍ഡിയും അവതരിപ്പിച്ചത്.

1976-ലാണ് രവിശങ്കര്‍ തന്റെ വിഖ്യാത രചനയുടെ അവതരണം ആസ്വാദകര്‍ക്കു മുന്നില്‍ നടത്തിയത്. ടോമാസോ ഫ്ളൂട്ടിലും ബെര്‍ണാര്‍ഡി ഗിത്താറിലുമായി ഈ സംഗീതപ്രകടനത്തിന് പുനര്‍രൂപം നല്‍കി. 75 മിനിറ്റ് നീണ്ടുനിന്ന ഇവരുടെ പ്രകടനം സദസ്സ് കരഘോഷത്തോടെയാണ് ഏറ്റെടുത്തത്. കൊച്ചി ബിനാലെ ഫൗണ്ടേഷനും (കെബിഎഫ്) ഇറ്റാലിയന്‍ കള്‍ച്ചറല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സംയുക്തമായിട്ടാണ് മട്ടാഞ്ചേരി ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് കെട്ടിടത്തില്‍ പരിപാടി സംഘടിപ്പിച്ചത്.

1970 കളുടെ മധ്യത്തില്‍ ഫ്രഞ്ച് ഫ്ളൂട്ടിസ്റ്റ് ജീന്‍-പിയറി റാംപാലും അദ്ദേഹത്തിന്റെ നാട്ടുകാരനായ അലക്‌സാണ്ടര്‍ ലഗോയയു(ഗിറ്റാറിസ്റ്റ്)മായി രവിശങ്കര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ നിന്നാണ് എല്‍’ഔബീഎന്‍ചാന്റ്‌റി രൂപപ്പെട്ടത്.

ഒന്‍പത് മാസം മുമ്പാണ് ഈ പ്രകടനത്തെക്കുറിച്ച് തീരുമാനമായതെന്നും ഇതിനായി ലോറെന്‍സോയും താനും ആവശ്യമായ ഗവേഷണം നടത്തിയെന്നും 34 കാരനായ ടോമാസോ പറഞ്ഞു. ഈയിടെ എല്ലാ വേദികളിലും എല്‍’ഔബീഎന്‍ചാന്റ്‌റി അവതരിപ്പിക്കുന്നുണ്ടെന്നും ടോമോസോ കൂട്ടിച്ചേര്‍ത്തു.

‘ഇറ്റലിയുടെ പ്രതിധ്വനികള്‍’ എന്ന പേരില്‍ ടോമാസോ ബെന്‍സിയോലിനിയും ലോറെന്‍സോ ബെര്‍ണാര്‍ഡിയും ചേര്‍ന്നുള്ള സംഗീത പരിപാടി ഡല്‍ഹി, ലഖ്‌നൗ, നാഗാലാന്‍ഡിലെ ദിമാപൂര്‍ എന്നിവിടങ്ങളിലെ അവതരണങ്ങള്‍ക്ക് ശേഷമാണ് കേരളത്തില്‍ എത്തിയത്.

16-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന ഹിന്ദുസ്ഥാനി സംഗീതജ്ഞനും ഗായകനുമായ താന്‍സെന്‍ വികസിപ്പിച്ചെടുത്ത തോടിയുടെ വ്യാപ്തി വ്യക്തമാക്കുന്ന ഒരു ആലാപ്പോടെയാണ് എല്‍’ഔബിഎന്‍ചാന്റ്‌റി ആരംഭിക്കുന്നത്. രവിശങ്കര്‍ വിഭാവനം ചെയ്ത ട്രാന്‍സ്-കോണ്ടിനെന്റല്‍ ആല്‍ബമായ ‘ഈസ്റ്റ് മീറ്റ്സ് വെസ്റ്റ്’ ന്റെ ഭാഗമായ ഈ ഗാനം ബെന്‍സിയോലിനിയും ബെര്‍ണാര്‍ഡിയും അവതരിപ്പിച്ചപ്പോള്‍ കാണികള്‍ ഏറെ കൗതുകത്തോടെയാണ് ആസ്വദിച്ചത്.

ലാളിത്യം കൊണ്ട് ശ്രദ്ധേയമായ സമകാലിക രചനയായ ‘നൈറ്റ്ഫാള്‍’ ആണ് പിന്നീട് അവതരിപ്പിച്ചത്. ഇന്ത്യന്‍ ക്ലാസിക്കല്‍ രാഗമായ കീരവാണിയുമായി ഭാഗികമായി പൊരുത്തപ്പെടുന്ന ഈ ഗാനം ഇറ്റാലിയനായ റോബര്‍ട്ടോ ഡി മറിനോയാണ് രചിച്ചിരിക്കുന്നത്. സംഗീതസദസ്സുകളുടെ തുടക്കത്തില്‍ അവതരിപ്പിക്കുന്ന പതിവ് സംഗീത ശകലമായ ഓവര്‍ച്ചറോടെയാണ് കണ്‍സേര്‍ട്ട് ആരംഭിച്ചത്. ടോമാസോ-ലോറെന്‍സോ കണ്‍സേര്‍ട്ടില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത് 20-ാം നൂറ്റാണ്ടിലെ അര്‍ജന്റീനിയന്‍ ടാംഗോ സംഗീതസംവിധായകന്‍ ആസ്റ്റര്‍ പിയസോളയുടെ 22 മിനിറ്റുള്ള സൃഷ്ടിയായിരുന്നു.

‘ഫോര്‍ ദി ടൈം ബീയിംഗ്’ എന്ന് പേരിട്ടിരിക്കുന്ന കൊച്ചി-മുസിരിസ് ബിനാലെയുടെ ആറാമത് പതിപ്പ് ഡിസംബര്‍ 12 ന് ആരംഭിക്കും. ഗോവ ആസ്ഥാനമായുള്ള കലാകാരന്‍മാരുടെ നേതൃത്വത്തിലുള്ള സംഘടനയായ എച്ച്.എച്ച്. ആര്‍ട്ട് സ്‌പെയ്‌സസുമായി ചേര്‍ന്ന് ആര്‍ട്ടിസ്റ്റ് നിഖില്‍ ചോപ്ര ക്യൂറേറ്റ് ചെയ്യുന്നത്. 110 ദിവസം നീണ്ടുനില്‍ക്കുന്ന ബിനാലെ 2026 മാര്‍ച്ച് 31 ന് സമാപിക്കും.