കോരിച്ചൊരിയുന്ന മഴയും തണുപ്പുമൊക്കെയുള്ള കര്‍ക്കട മാസത്തിലാണ് മലയാളികള്‍ ആരോഗ്യം നന്നായി പരിപാലിക്കുന്നത്. ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ആ സമയങ്ങളില്‍ പ്രത്യേക രഹസ്യവുമുണ്ട്. എന്തു കഴിക്കുന്ന പതിവ് ചിട്ടകളില്‍ നിന്ന് മാറിയാണ് കര്‍ക്കടത്തില്‍ ആഹാരം കഴിക്കുന്നത്. ഭൂരിഭാഗം പേര്‍ക്കും നിഷ്‌ഠയുടെ മാസം കൂടിയാണിത്.
നല്ല ആരോഗ്യത്തിനായി പച്ചമരുന്നുകളുടെ നീര്‍ ചേര്‍ത്ത് തയാറാക്കുന്ന മരുന്നു കഞ്ഞിയാണ് പലരും തെരെഞ്ഞെടുക്കുന്നത്. മനസിന്‍റെ പോഷണത്തിന് കൂടിയാണ് ഈ ഔഷധക്കഞ്ഞി കര്‍ക്കടകത്തില്‍ കഴിക്കുന്നത്. മനസിനും ശരീരത്തിനും ഉന്മേഷവും ഉണര്‍വും നല്‍കുമെന്നതിനാല്‍ പ്രകൃതിയോട് ചേര്‍ന്ന് നില്‍ക്കുന്ന ഭക്ഷണമാണ് ഇക്കാലയളവില്‍ നമ്മളില്‍ പലരും സ്വീകരിക്കുന്നത്.
ഔഷധക്കഞ്ഞി രാവിലെ വെറും വയറ്റില്‍ കഴിക്കുന്നതാണ് നല്ലത്. പക്ഷേ വൈകുന്നേരവും കഴിക്കാം. ഒരു മാസം തുടര്‍ച്ചയായി കര്‍ക്കടക കഞ്ഞി ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും. ചിലര്‍ ആവശ്യാനുസരണം പത്ത്, ഇരുപത്, മുപ്പത് എന്നിങ്ങളെയുള്ള ദിവസത്തേക്കാണ് കഴിക്കുന്നത്.
ഈ സമയത്ത് ദഹനശക്തി പൊതുവെ കുറവായിരിക്കും. അതിനാല്‍ ലഘുവായ ഭക്ഷണമാണ് പതിവാക്കേണ്ടത്. പ്രത്യേകിച്ച് നിരവധി ഔഷധങ്ങള്‍ ചേര്‍ത്ത കഞ്ഞി. മുരിങ്ങയിലയ്ക്ക് പുറമെ മത്സവും മാംസവും ഒഴിവാക്കുന്നതാണ് കര്‍ക്കടകത്തിലുള്ള പൊതുനിര്‍ദേശങ്ങള്‍.
ശരീരത്തില്‍ ഔഷധ എണ്ണ, തൈലം പുരട്ടി ചെറുചൂടു വെള്ളത്തില്‍ കുളിക്കാം. ധന്വന്തരം കുഴമ്പാണ് ഇതിന് നല്ലത്. ഈ സമയത്ത് വാതരോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. അതിനാല്‍ കഠിനമായ വ്യായാമം ഒഴിവാക്കി യോഗ, പ്രാണായാമം, ധ്യാനം എന്നിവ ശീലിക്കാം.
ചേരുവകള്‍
1.തവിടു കളയാത്ത ഞവര അരി- 100 ഗ്രാം
2.ഉലുവ- അഞ്ച് ഗ്രാം
3.ആശാളി- അഞ്ച് ഗ്രാം
4. ജീരകം- അഞ്ച് ഗ്രാം
5.കാക്കവട്ട്- ഒന്നിന്‍റെ പകുതി
പച്ചമരുന്നുകള്‍
1.മുക്കുറ്റി
2.ചതുര വെണ്ണല്‍
3. കൊഴല്‍വാതക്കൊടി
4. നിലപ്പാല
5. ആടലോകത്തിന്‍റെ ഇല
6.കരികുറഞ്ഞി
7. തഴുതാമ
8. ചെറുള
9.കീഴാര്‍ നെല്ലി
10. കയ്യുണ്യം
11. കറുകപ്പുല്ല്
12. മുയല്‍ചെവിയന്‍
13. നെയ്യ്- അര ടീസ്‌പൂണ്‍
തിളപ്പിച്ചാറ്റിയ വെള്ളം ചേര്‍ത്ത് പച്ചമരുന്നുകള്‍ ഇടിച്ച് പിഴിഞ്ഞ് നീരെടുക്കുക. ഇതേസമയം കാക്കവട്ടും അരച്ചെടുത്ത് മാറ്റിവയ്ക്കാം. നേരത്തെ തയാറാക്കി വച്ചിരിക്കുന്ന ആറിരട്ടി പച്ചമരുന്നിന്‍റെ നീരില്‍ ഞവര അരി ചേര്‍ക്കുക. ഇതിലേക്ക് ആശാളി, ജീരകം, ഉലുവ എന്നിവയോടൊപ്പം ഉപ്പും ചേര്‍ത്ത് ചെറുതീയില്‍ വേവിപ്പിക്കുക. പകുതി വേവാവുമ്പോള്‍ അരച്ച കാക്കവട്ട് ചേര്‍ത്ത് വീണ്ടും വേവിക്കുക. അരി വെന്തുകഴിഞ്ഞാല്‍ അതിലേക്ക് തേങ്ങാപ്പാല്‍ ചേര്‍ത്തതിന് ശേഷം തീ അണയ്ക്കാം.
ഇതിന് ശേഷം ഒരു പാനില്‍ അര ടീസ്‌പൂണ്‍ നെയ്യില്‍ ഒരു നുള്ള് ആശാളി, ഉലുവ, ജീരകം എന്നിവ വറുത്തെടുത്ത് തയാറാക്കി വച്ചിരിക്കുന്ന കഞ്ഞിയില്‍ ചേര്‍ക്കാം. തേങ്ങാപ്പാലും നെയ്യും ഒഴിവാക്കിയും കഞ്ഞി തയാറാക്കാം.