കോൺഗ്രസ് പരിപാടികളിൽ ശശി തരൂർ എംപിയെ ബഹിഷ്കരിച്ച് എറണാകുളം ഡിസിസി. തരൂർ ഇന്ന് കൊച്ചിയിലുണ്ട്. എന്നാൽ കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന പ്രതിഷേധ പരിപാടിയിലും പ്രൊഫഷണൽ കോൺഗ്രസിന്റെ ക്യാംപെയ്നിലും അദ്ദേഹത്തിനു ക്ഷണമില്ല. തരൂരിന്റെ മോദി സ്തുതിയും സമീപ കാലത്തെ കോൺഗ്രസ് വിരുദ്ധ നിലപാടുകളുമാണ് അവഗണനയ്ക്കു കാരണം. പ്രൊഫഷണൽ കോൺഗ്രസ് മുൻ അധ്യക്ഷൻ കൂടിയാണ് തരൂർ. മോദി സ്തുതി മാത്രമല്ല അടിയന്തരാവസ്ഥയെ കടുത്ത ഭാഷയിൽ വിമർശിച്ചുള്ള എഴുത്തുകളും മുഖ്യമന്ത്രി സ്ഥാനത്തേക്ക് ജനപിന്തുണയുണ്ടെന്ന സർവേ പങ്കുവയ്ക്കലുമടക്കം സമീപകാലത്ത് കോൺഗ്രസിനെ തരൂർ വെട്ടിലാക്കിയ സന്ദർഭങ്ങൾ നിരവധി.
പ്രവർത്തക സമിതി അംഗമായ തരൂരിന്റെ കാര്യത്തിൽ ഹൈക്കമാൻഡ് തീരുമാനമെടുക്കട്ടെ എന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ പ്രതികരണം. വിഡി സതീശന്റെ ജില്ലയിലെ കോൺഗ്രസിന്റെ ഒരു പരിപാടിക്കും തരൂരിനു ക്ഷണമില്ല. കേന്ദ്ര, സംസ്ഥാന സർക്കാരുകൾക്കെതിരെ ഡിസിസി സംഘടിപ്പിക്കുന്ന സമര പരിപാടികൾ കെപിസിസി ആധ്യക്ഷൻ, പ്രതിപക്ഷ നേതാവ് അടക്കമുള്ള കോൺഗ്രസിന്റെ പ്രധാന നേതാക്കളെല്ലാം പങ്കെടുക്കുമ്പോഴാണ് തരൂരിന്റെ അസാന്നിധ്യം. സമര പരിപാടിയുടെ സമയത്ത് തരൂർ രാജ്യത്തുണ്ടാകുമോ എന്നതിനെക്കുറിച്ച് വ്യക്തതയില്ലാത്തതിനാലാണ് അദ്ദേഹത്തെ ക്ഷണിക്കാതിരുന്നത് എന്നാണ് ഡിസിസി നേതൃത്വം വിശദീകരിക്കുന്നത്.
STORY HIGHLIGHT : ernakulam-dcc-shashi-tharoor-boycott