Kerala

ഷാർജയിൽ മലയാളി യുവതി തൂങ്ങി മരിച്ച നിലയിൽ‌; ഭർത്താവിനെതിരെ കുടുംബം | Atulya Satheesh Kollam native who found dead in Sharjah

ഇന്നലെ രാത്രിയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്

ദുബൈ ഷാർജയിൽ വീണ്ടും മലയാളി യുവതിയുടെ ആത്മഹത്യയെന്ന് സംശയം. കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യ സതീഷിനെയാണ് ഷാർജ റോളയിലെ ഫ്ലാറ്റിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് മദ്യപിച്ച് പ്രശ്നങ്ങൾ ഉണ്ടാക്കാറുണ്ടായിരുന്നതായി ബന്ധുക്കൾ ആരോപിച്ചു. ഷാർജ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും. ഇന്നലെ രാത്രിയാണ് അതുല്യയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ദുബായിലുള്ള കെട്ടിട നിർമാണ കമ്പനിയിലെ എഞ്ചിനിയറാണ് അതുല്യയുടെ ഭർത്താവ് സതീഷ്. കഴിഞ്ഞ ദിവസം രാത്രിയിൽ ഭർത്താവുമായി വഴക്കുണ്ടായതായി ബന്ധുക്കൾ പറയുന്നു. ഇതേ തുടർന്ന് അതുല്യ ആത്മഹത്യ ചെയ്യുകയായിരുന്നെന്നാണ് ബന്ധുക്കൾ ആരോപിക്കുന്നത്.

ഭർത്താവ് മദ്യപിക്കുന്നയാളായിരുന്നുവെന്നും അതുല്യയെ ദേഹോപദ്രവം ഏൽപ്പിക്കാറുണ്ടെന്നും ബന്ധുക്കൾ പറയുന്നു. ഇതുമായി ബന്ധപ്പെട്ട് ഷാർജ പൊലീസിൽ മുൻപ് പരാതി നൽകിയിരുന്നു. ഇന്നലെ രാത്രിയിൽ വഴക്കിന് ശേഷം സതീഷ് ഫ്‌ളാറ്റിൽ നിന്ന് ഇറങ്ങിപ്പോകുകയും പിന്നീട് തിരികെയെത്തിയപ്പോൾ അതുല്യയെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. ഇന്ന് ഒരു സ്ഥാപനത്തിൽ അതുല്യ ജോലിയ്ക്ക് പ്രവേശിക്കേണ്ടതായിരുന്നു. അതുല്യയുടെ സഹോദരി ഷാർജയിലുണ്ട്. ഒന്നരവർഷം മുൻപാണ് സതീഷ് അതുല്യയെ ഷാർജയിൽ കൊണ്ടുവന്നത്. നേരത്തെ ഇവർ ദുബായിലായിരുന്നു താമസിച്ചത്. ഷാർജ മോർച്ചറിയിലുള്ള മൃതദേഹം നടപടികൾക്കുശേഷം നാട്ടിലേയ്ക്ക് കൊണ്ടുപോകും.

STORY HIGHLIGHT :  Atulya Satheesh Kollam native who found dead in Sharjah