സംസ്ഥാന സർക്കാരും ഗവർണറും തമ്മിൽ സർവകലാശാലാ വിഷയങ്ങളിലടക്കം തർക്കങ്ങൾ നിലനിൽക്കുന്നതിനിടെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ രാജേന്ദ്ര ആര്‍ലേക്കറുമായുള്ള നിര്‍ണായക കൂടിക്കാഴ്ച ഇന്ന് നടക്കും. ഉച്ചയ്ക്കു ശേഷം 3.30നു രാജ്ഭവനിലാണ് കൂടിക്കാഴ്ച.
സർവകലാശാല പോരിൽ പ്രശ്നപരിഹാരം കൂടിക്കാഴ്ചയിലുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഭാരതാംബ വിവാദത്തിൽ അടക്കം വിട്ടുവീഴ്ചയ്ക്കു സാധ്യതയുണ്ട്.
അതേസമയം ഇരട്ട രജിസ്ട്രാർ പ്രശ്നവും അധികാര തർക്കവും കാരണം കടുത്ത ഭരണ പ്രതിസന്ധി നേരിടുന്ന കേരള സർവകലാശാലയിലെ തർക്കം ഒത്തുതീർപ്പിലെത്തുന്നതിന്റെ സൂചന നൽകി വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മൽ ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ ബിന്ദുവുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. മന്ത്രിയുടെ ഔദ്യോഗിക വസതിയിലായിരുന്നു കൂടിക്കാഴ്ച.