india

എഎസ്ഐയെ കാമുകനായ സൈനികൻ കൊലപ്പെടുത്തി ശേഷം പൊലീസിൽ കീഴടങ്ങി

അഹമദാബാദ്: എഎസ്ഐയെ കാമുകനായ സൈനികൻ കൊലപ്പെടുത്തി. പൊലീസ് ഉദ്യോഗസ്ഥയായ അരുണാബെൻ ജാദവ് (25) ആണ് കൊല്ലപ്പെട്ടത്. കൊലപാതകത്തിന് ശേഷം അതേ സ്റ്റേഷനിൽ സൈനീകനായ സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്ചിയ കീഴടങ്ങി. ഗുജറാത്തിലെ കച്ച് ജില്ലയിലാണ് ദാരുണസംഭവം ഉണ്ടായത്.

കച്ചിലെ അഞ്ജർ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥയാണ് കൊല്ലപ്പെട്ട അരുണാബെൻ ജാദവ്. സംഭവത്തിൽ ഇവരുടെ ലിവ് –ഇൻ പങ്കാളിയായ സിആർപിഎഫ് കോൺസ്റ്റബിൾ ദിലീപ് ഡാങ്ചിയ അരുണാബെൻ ജോലി ചെയ്തിരുന്ന അതേ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങ‌ുകയായിരുന്നു. വെള്ളിയാഴ്ച രാത്രി അഞ്ജറിലെ വീട്ടിൽ വച്ച് അരുണാബെന്നും ദിലീപും തമ്മിൽ വഴക്കുണ്ടായതായാണ് പൊലീസ് പറയുന്നത്. സംസാരത്തിനിടയിൽ ദിലീപിന്റെ അമ്മയെക്കുറിച്ച് അരുണ മോശം പരാമർശം നടത്തിയെന്നും തർക്കം രൂക്ഷമായതോടെ ദിലീപ് ദേഷ്യത്തിൽ അരുണബെന്നിനെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തിയെന്നുമാണ് റിപ്പോർട്ട്.

മണിപ്പുരിലെ സിആർപിഎഫിൽ ജോലി ചെയ്തിരുന്ന ദിലീപും അരുണയും തമ്മിൽ ദീർഘനാളായി പരിചയത്തിലായിരുന്നെന്നും വിവാഹിതരാകാൻ തീരുമാനിച്ചിരുന്നതായും പൊലീസ് അറിയിച്ചു. ഇൻസ്റ്റഗ്രാം വഴിയാണ് ഇവർ പരിചയത്തിലായത്. തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നെന്നും പൊലീസ് പറയുന്നു.

Latest News