World

ഇടത് എൻജിനിൽ തീ പടർന്നു; അടിയന്തര ലാൻഡിങ് നടത്തി ഡെല്‍റ്റാ എയർലൈൻസ്

ലൊസാഞ്ചലസ്: ഡെല്‍റ്റാ എയർലൈൻസ് വിമാനം ലൊസാഞ്ചലസിൽ അടിയന്തര ലാൻഡിങ് നടത്തി. അറ്റ്ലാൻഡയിലേക്കു പുറപ്പെട്ട യാത്ര വിമാനത്തിന്റെ ഇടത് എൻജിനിൽ തീ പടർന്നതിനെ തുടര്‍ന്ന് ലൊസാഞ്ചലസ് വിമാനത്താവളത്തിൽ അടിയന്തര ലാൻഡിങ് നടത്തുകയായിരുന്നു.

ജൂലൈ 18നാണ് ലൊസാഞ്ചലസ് രാജ്യാന്തര വിമാനത്താവളത്തിൽ നിന്നും അറ്റ്ലാൻഡയിലേക്കു പുറപ്പെട്ട ‍ഡെൽറ്റാ എയർലൈൻസിന്റെ ബോയിങ് 767 –400 പ്രവർത്തിപ്പിക്കുന്ന ഡിഎൽ446 എന്ന വിമാനം എൻജിനിൽ തീ പടർന്നതിനെ തുടർന്ന് ലാൻഡ് ചെയ്തത്.

‘‘വിമാനത്തിന്റെ ഇടത് എൻജിനിൽ തകരാർ ഉണ്ടെന്ന് സൂചന ലഭിച്ചതിനെ തുടർന്ന് ഡെൽറ്റ വിമാനം ടേക്ക് ഓഫ് ചെയ്തതിനു പിന്നാലെ ലൊസാഞ്ചലസിലേക്കു തിരികെ വന്നു’’. ഡെൽറ്റാ വിമാനത്തിന്റെ വക്താവ് അറിയിച്ചു.

തീപിടിത്തത്തിന്റെ കാരണം കണ്ടെത്താൻ ഫെഡറല്‍ ഏവിയേഷൻ അഡിമിനിസ്ട്രേഷന്‍ അന്വേഷണം ആരംഭിച്ചു. സുരക്ഷിതമായി ലാൻഡ് ചെയ്തതിനാൽ ആളപായങ്ങൾ ഒന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. വിമാനത്തിന്റെ എൻജിനിൽ നിന്ന് തീ ഉയരുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

ഈ വർഷം ഡെൽറ്റാ എയർ ലൈൻസ് വിമാനത്തിലുണ്ടാക്കുന്ന രണ്ടാമത്തെ എൻജിൻ തീപിടിത്തമാണിത്. ജനുവരിയിൽ ബ്രസീലിലെ സോ പോളോയിലേക്കുള്ള യാത്രാമധ്യേ ഇടത് എൻജിൻ തകരാറിൽ ആയതിനെത്തുടർന്ന് വിമാനം അറ്റ്ലാൻഡയിൽ ലാൻഡ് ചെയ്തിരുന്നു.