കോഴിക്കോട്: കോഴിക്കോട്- കുറ്റ്യാടി റൂട്ടിലോടുന്ന സ്വകാര്യ ബസ് തടയല്‍ സമരത്തില്‍ സംഘര്‍ഷം. സ്വകാര്യ ബസുകളുടെ മത്സരയോട്ടത്തിനിടെ വിദ്യാര്‍ഥി മരിച്ച സംഭവത്തില്‍ പേരാമ്പ്രയിൽ ബസുകള്‍ തടഞ്ഞ് നാട്ടുകാര്‍.
ബസ് തടയാനെത്തിയ യുവജന സംഘടനകളും പോലീസും തമ്മിലാണ് സംഘര്‍ഷമുണ്ടായത്. സംഘര്‍ഷത്തില്‍ കസ്റ്റഡിയിലെടുത്തവരെ നാട്ടുകാര്‍ ബലംപ്രയോഗിച്ച് മോചിപ്പിക്കുന്നതിലേക്ക് കാര്യങ്ങളെത്തി.
വിദ്യാര്‍ഥി സംഘടനകളും യുവജന സംഘടനകളും പ്രതിഷേധത്തിനെത്തിയിരുന്നു. സമരം നേരിടാനെത്തിയ പോലീസിന്റെ വാഹനത്തിന് മുന്നില്‍ സമരക്കാര്‍ റീത്ത് വെച്ചു. കുറ്റ്യാടി റൂട്ടിലേക്ക് ഇന്ന് സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തിയാല്‍ തടയുമെന്നാണ് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കഴിഞ്ഞദിവസമാണ് സ്വകാര്യ ബസിടിച്ച് ജവാദ് എന്ന വിദ്യാര്‍ഥി മരിച്ചത്. കോഴിക്കോട് ഭാഗത്തേക്ക് പോവുകയായിരുന്ന ബസ് മറ്റെരു ബസിനെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ഇരുചക്രവാഹനത്തില്‍ വരികയായിരുന്ന ജവാദിനെ ഇടിച്ചിടുകയും ബസിന്റെ ടയര്‍ കയറിയിങ്ങി മരണം സംഭവിക്കുകയും ചെയ്തത്. ഇതിന്റെ പേരിലാണ് പ്രതിഷേധം.
ഇന്നലെ തന്നെ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തിരുന്നു. വഴിതടഞ്ഞ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സമയത്ത് പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് നീക്കാന്‍ സ്വകാര്യ ബസാണ് പോലീസ് ഉപയോഗിച്ചത്. എന്നാല്‍ കസ്റ്റഡിയിലെടുത്തവരെ ബലംപ്രയോഗിച്ച് മറ്റുള്ളവര്‍ മോചിപ്പിക്കാന്‍ ശ്രമിച്ചത് സംഘര്‍ഷത്തിലേക്ക് നയിച്ചു.