Kerala

ദ്രവിച്ച അവസ്ഥയില്‍ കോളേജിന് സമീപം ഇലക്ട്രിക് പോസ്റ്റ്; വൈദ്യുതി മന്ത്രിയെ വിളിച്ച് സുരേഷ് ഗോപി

പാലാ: പാലാ ഗവ. പോളിടെക്നിക് കോളേജിനു സമീപം വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ഭീഷണിയായി നിന്ന ഇലക്ട്രിക് പോസ്റ്റിന്റെ ശോചനീയാവസ്ഥ കണ്ട് നടപടി കൈക്കൊണ്ട് നടനും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി. വൈദ്യുതി മന്ത്രിയെയും കെഎസ്ഇബി ചെയർമാനെയും അദ്ദേഹം വിളിക്കുകയും പ്രശ്നം അറിയിക്കുകയും ചെയ്തു.

ഒറ്റകൊമ്പന്‍ സിനിമയുടെ ചിത്രീകരണതിനായി കോളേജിൽ എത്തിയതായിരുന്നു നടൻ. ദ്രവിച്ച ഡ്യുവൽ ലെഗ് ഇലക്ട്രിക്ക് പോസ്റ്റ് പരിതാപകരമായ അവസ്ഥ ശ്രദ്ധയിൽ പെട്ടതിനെത്തുടർന്ന് ഉടനെ കോളേജ് പ്രിസിപ്പാളുമായി ആയി സുരേഷ് ഗോപി സംസാരിച്ചു.

കെഎസ്ഇബിയിൽ അറിയിച്ചിട്ടുണ്ടെന്നും രണ്ടു ആഴ്‌ച്ചക്കകം അവര്‍ വന്ന് ശരിയാക്കാം എന്ന് പറഞ്ഞിട്ടുണ്ട് എന്നുമായിരുന്നു മറുപടി. രണ്ട് ആഴ്ച കൂടി ഈ മഴക്കാലത്ത് ഇങ്ങനെ നിന്നാൽ അത് അപകടകരമാണ് എന്ന് തിരിച്ചറിഞ്ഞ് ഉടനെ സംസ്ഥാന വൈദ്യുതി മന്ത്രിയെയും കെഎസ്ഇബി ചെയർമാനെയും സുരേഷ് ഗോപി നേരിട്ട് വിളിച്ചു. തുടർന്ന് അധികൃതർ വേണ്ട നടപടികള്‍ ഉടന്‍ ആരംഭിക്കുകയും അടുത്ത ദിവസം തന്നെ പുതിയ പോസ്റ്റ് ഇടുകയും ചെയ്യാം എന്ന് ഉറപ്പു നൽകുകയും ചെയ്തു എന്ന് കോളേജ് അറിയിച്ചു.

 

Latest News