തിരുവനന്തപുരം: ആർടി ഓഫീസുകളിൽ ഓപ്പറേഷൻ ക്ലീൻ വീൽസിന്റെ ഭാഗമായി നാടത്തിയ മിന്നൽ പരിശോധനയിൽ ലക്ഷങ്ങളുടെ അഴിമതി കണ്ടെത്തി. ഗൂഗിൾ പേ വഴി വൻ കൈക്കൂലി ഇടപാട് ആണ് നടന്നിരിക്കുന്നത്. 7,84,598 രൂപ ഉദ്യോഗസ്ഥർ അനധികൃതമായി പണം സമ്പാദിച്ചതായി വിജിലൻസ് കണ്ടെത്തൽ.
21 ഉദ്യോഗസ്ഥരുടെ അനധികൃത ഇടപാടുകളാണ് വിജിലൻസ് സംഘം കണ്ടെത്തിയത്. ഏജന്റുമാരിൽ നിന്നാണ് ഉദ്യോഗസ്ഥർ ഈ പണം കൈപ്പറ്റിയത്. ഗൂഗിൾ പേ വഴി നടന്ന പണമിടപ്പാടിന്റെ സ്ക്രീൻഷോട്ടുകൾ ലഭിച്ചു.
ശനിയാഴ്ച വൈകിട്ട് 4.30 നാണ് ഓപ്പറേഷൻ ക്ലീൻ വീൽസ് എന്ന പേരിൽ വിജലൻസ് മിന്നൽ പരിശോധന ആരംഭിച്ചത്. വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാമിന്റെ നിർദേശ പ്രകാരമായിരുന്നു പരിശോധന. സംസ്ഥാന വ്യാപകമായി നടന്ന പരിശോധനയിൽ 81 ഓഫീസുകളിൽ വിജിലൻസ് സംഘം അന്വേഷണം നടത്തി. ഞായറാഴ്ച പുലർച്ചെ വരെ റെയ്ഡ് നീണ്ടു. ഏജന്റുമാരിൽ നിന്ന് വിജിലൻസ് സംഘം 1,40,000 രൂപ പിടിച്ചെടുക്കുകയും ചെയ്തു. വിശദമായ പരിശോധനയിൽ കൈക്കൂലി തുക ഇനിയും ഉയരുമെന്നാണ് വിവരം.