Kerala

പെരിയ ഇരട്ടക്കൊല കേസ് പ്രതി സുബീഷ് വെളുത്തോളിക്ക് പരോള്‍

കാഞ്ഞങ്ങാട്: പെരിയ ഇരട്ടക്കൊല കേസ് പ്രതി സുബീഷ് വെളുത്തോളിക്ക് പരോള്‍ അനുവദിച്ചു. ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുബീഷ് കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. കോടതി ഇതു തള്ളിയതിന് പിന്നാലെയാണ് 20 ദിവസത്തേക്ക് സര്‍ക്കാര്‍ പരോള്‍ അനുവദിച്ചത്.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ശരത് ലാലിനെയും കൃപേഷിനെയും വെട്ടിക്കൊലപ്പെടുത്തിയ കേസിലെ എട്ടാം പ്രതി ആണ് സുബീഷ് വെളുത്തോളി. പെരിയ കേസില്‍ ഇരട്ട ജീവപര്യന്തത്തിന് ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 10 പ്രതികളിലൊരാളാണ് സുബീഷ്. ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവേശനമില്ല.ഇരട്ടക്കൊലക്കേസിലെ പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചാല്‍ ക്രമസമാധാന പ്രശ്‌നമുണ്ടാകുമെന്ന് നേരത്തെ ബേക്കല്‍ പോലീസ് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 24 പ്രതികളില്‍ 14 പേരെയാണ് എറണാകുളം സിബിഐ കോടതി ശിക്ഷിച്ചിരുന്നത്.

വെറുതേവിട്ട പത്തു പേരില്‍ എട്ടുപേരെകൂടി ശിക്ഷിക്കണമെന്ന ആവശ്യമുന്നയിച്ച് സിബിഐ ഹൈക്കോടതിയില്‍ അപ്പീല്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. പത്തുപേര്‍ക്ക് ഇരട്ട ജീവപര്യന്തവും നാലുപേര്‍ക്ക് അഞ്ചുവര്‍ഷം തടവുശിക്ഷയുമാണ് സിബിഐ കോടതി വിധിച്ചത്.

ഒന്‍പതാം പ്രതി മുരളി തന്നിത്തോട്, 11-ാം പ്രതി പ്രദീപ് കുട്ടന്‍, 12-ാം പ്രതി ആലക്കോട് മണി, 13-ാം പ്രതി എന്‍. ബാലകൃഷ്ണന്‍, 16–ാം പ്രതി ശാസ്താ മധു, 17- ാം പ്രതി റെജി വര്‍ഗീസ്, 18-പ്രതി ഹരി പ്രസാദ്, , 19- ാം പ്രതി പി. രാജേഷ്, 23-ാം പ്രതി ഗോപന്‍ വെളുത്തോളി, 24-ാം പ്രതി സന്ദീപ് വെളുത്തോളി എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. ഇതില്‍ 23, 24 പ്രതികളൊഴികെയുള്ളവര്‍ക്കെതിരെയാണ് സിബിഐ അപ്പീല്‍ നല്‍കിയത്.

ഇതിനിടെ ശരത് ലാലിന്റെയും കൃപേഷിന്റെയും കുടുംബം അടുത്താഴ്ച ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കും. പത്തുപേരെ വെറുതേവിട്ടതിനെതിരേയും നേതാക്കള്‍ക്ക് ശിക്ഷ കുറഞ്ഞതിനെതിരേയുമാണ് കുടുംബത്തിന്റെ ഹര്‍ജി.

മുന്‍ എംഎല്‍എയും സിപിഎം ജില്ലാ സെക്രട്ടേറിയറ്റംഗവുമായ കെ.വി. കുഞ്ഞിരാമന്‍, മുന്‍ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും സിപിഎം മുന്‍ ഉദുമ എരിയാ സെക്രട്ടറിയുമായ കെ. മണികണ്ഠന്‍, പാക്കം മുന്‍ ലോക്കല്‍ സെക്രട്ടറി വെളുത്തോളി രാഘവന്‍, കെ.വി. ഭാസ്‌കരന്‍ എന്നിവര്‍ക്ക് അഞ്ചുവര്‍ഷം തടവാണ് വിധിച്ചത്. ഇവര്‍ നാലുപേരും ജാമ്യത്തിലാണ്.

Latest News