Kerala

നെടുമങ്ങാട് ഷോക്കേറ്റ് യുവാവ് മരിച്ച സംഭവം; പോസ്റ്റ് മാറ്റാത്തതില്‍ വൈദ്യുത വകുപ്പിനെതിരെ ആക്ഷേപം

തിരുവനന്തപുരം: നെടുമങ്ങാട് ഷോക്കേറ്റ് പനയമുട്ടം സ്വദേശി അക്ഷയ് എന്ന യുവാവ് മരിച്ച സംഭവത്തിൽ പോസ്റ്റ് മാറ്റാത്തതില്‍ വൈദ്യുത വകുപ്പിനെതിരെ ആക്ഷേപം ശക്തം. പോസ്റ്റിന്റെ കാലപ്പഴക്കത്തെക്കുറിച്ച് നാട്ടുകാര്‍ പലതവണ പരാതി പറഞ്ഞിട്ടും മാറ്റിയില്ലെന്നാണ് ഉയരുന്ന ആരോപണം.

പോസ്റ്റിന്റെ സ്റ്റേ കമ്പി കാലപ്പഴക്കം കാരണം ദ്രവിച്ചിരുന്നു. റബ്ബര്‍ മരത്തിന്റെ ശിഖരം വീണാണ് പോസ്റ്റ് മറിഞ്ഞത്. പോസ്റ്റ് മറിഞ്ഞിട്ടും ഫ്യൂസ് പോയില്ല. നെടുമങ്ങാട് പനയമുട്ടം സ്വദേശി അക്ഷയ് എന്ന 19കാരനാണ് മരിച്ചത്. മരം ഒടിഞ്ഞ് പോസ്റ്റില്‍ വീണതിനെ തുടര്‍ന്ന് പോസ്റ്റൊടിഞ്ഞ് വൈദ്യുതി കമ്പി പൊട്ടി റോഡില്‍ കിടക്കുകയായിരുന്നു. കാറ്ററിംഗ് ജോലി കഴിഞ്ഞ് അക്ഷയും സുഹൃത്തുക്കളും മടങ്ങുന്ന സമയത്താണ് അപകടമുണ്ടായത്. അക്ഷയും രണ്ട് സുഹൃത്തുക്കളുമാണ് ബൈക്കിലുണ്ടായിരുന്നത്. അക്ഷയ് ആണ് ബൈക്കോടിച്ചിരുന്നത്.

സംഭവത്തെ കുറിച്ച് അക്ഷയ്‌യുടെ കൂടെയുണ്ടായിരുന്ന അമലിന്റെയും പരിസരവാസി സിദ്ദിഖിന്റെ പ്രതികരണം..

ഒരു കാര്‍ കടന്നുപോയി 15 മിനിറ്റോളം കഴിഞ്ഞ് ബൈക്കില്‍ മൂന്ന് പേര്‍ പോകുന്നത് ഞാന്‍ കണ്ടിരുന്നു. ഇവര്‍ വീട് കഴിഞ്ഞുപോയി അല്പസമയത്തിനുള്ളില്‍ ഒരു വലിയ ശബ്ദവും നിലവിളിയും കേട്ടു. ഇപ്പോള്‍ പോയ വാഹനം അപകടത്തില്‍പ്പെട്ടതാകുമെന്ന് ഞാന്‍ പറഞ്ഞു. വീടിന്റെ മുന്നിലെ പോസ്റ്റ് കുലുങ്ങുന്നുണ്ടായിരുന്നു. ഞങ്ങള്‍ വണ്ടിയെടുത്ത് അടുത്ത് എത്തിയപ്പോള്‍ വാഹനം അപകടത്തില്‍പ്പെട്ടത് കണ്ടു. ഒരാള്‍ നിലത്ത് കിടക്കുന്നു, മറ്റ് രണ്ടുപേര്‍ നിസ്സഹായരായി നില്‍ക്കുന്നു.

ഇവര്‍ അപകടം നടന്ന സ്ഥലത്ത് എത്തിയ അതേസമയം തന്നെയാണ് മരം വീണ് പോസ്റ്റ് മറിഞ്ഞത്. പിറകില്‍ ഇരുന്ന രണ്ടുപേരും അപ്പോള്‍ ചാടിയിറങ്ങി. ബൈക്ക് ഓടിച്ചിരുന്നയാള്‍ക്ക് ഷോക്കേറ്റ് ബോധം പോയിരുന്നു. കൂടെയുണ്ടായിരുന്ന പയ്യന്റെ ഷര്‍ട്ട് ഊരി കുരുക്കിട്ടാണ് ഷോക്കേറ്റ് കിടന്നയാളെ ലൈന്‍ കമ്പിയില്‍ നിന്ന് പുറത്തെടുത്തത്. ആംബുലന്‍ വിളിച്ചപ്പോള്‍ കിട്ടിയില്ല, ഇവിടെയുള്ള ഒരാളുടെ വാഹനത്തിലാണ് ആശുപത്രിയില്‍ എത്തിച്ചത്. ആദ്യമേ വിളിച്ച് പറഞ്ഞെങ്കിലും ഏറെനേരം കഴിഞ്ഞാണ് കെഎസ്ഇബിക്കാര്‍ സ്ഥലത്തെത്തിയത്.

ബൈക്കില്‍ ഒപ്പമുണ്ടായിരുന്ന സുഹൃത്ത് അമല്‍

ഞങ്ങള്‍ പോസ്റ്റിന്റെ അടുത്ത് എത്തുന്ന സമയത്ത് വേറെ വാഹനങ്ങളൊന്നും കടന്നുപോയിരുന്നില്ല. ഞങ്ങള്‍ എത്തുന്നതിന് തൊട്ടുമുന്‍പ് ആവണം പോസ്റ്റ് മറിഞ്ഞത്. ഞങ്ങള്‍ ഒരുമിച്ചാണ് കാറ്ററിങ്ങിന് പോകുന്നത്. ഇന്നലെ കാറ്ററിങ് കഴിഞ്ഞ് പനവൂര്‍ വരെ രണ്ട് ബൈക്കിലാണ് നാലുപേര്‍ മടങ്ങി വന്നത്. ഞങ്ങളുടെ വീട് അടുത്തായതിനാല്‍ അവിടുന്ന് ഞങ്ങള്‍ മൂന്ന് പേരും ഒരുമിച്ച് വന്നു. കാര്യങ്ങളൊക്കെ പറഞ്ഞ് വരികയായിരുന്നു. മഴ പെയ്ത് തോര്‍ന്നിരിക്കുന്ന സമയമായിരുന്നു.

അപകടം നടന്ന സ്ഥലത്ത് എത്തിയപ്പോഴാണ് പോസ്റ്റും മരവും വീണ് കടക്കുന്നത് കണ്ടത്. പെട്ടെന്ന് ബ്രേക്ക് പിടിച്ചെങ്കിലും നിര്‍ത്താനായില്ല. അവിടെ വേറെ വെളിച്ചം ഒന്നുമില്ലായിരുന്നു. പോസ്റ്റിലിടിച്ച് ഞങ്ങള്‍ തെറിച്ചുവീണു. വീണുകിടന്ന അക്ഷയെ എടുക്കാന്‍ ശ്രമിച്ചപ്പോള്‍ ഞങ്ങള്‍ രണ്ടാള്‍ക്കും ഷോക്കേറ്റു. കമ്പും ഹെല്‍മെറ്റും വെച്ച് ലൈന്‍ മാറ്റിയിട്ട് അവനെ എടുക്കാന്‍ നോക്കിയപ്പോഴും ഷോക്ക് ഉണ്ടായിരുന്നു. ഞങ്ങള്‍ ഉടനെ എല്ലാവരേയും വിളിച്ച് കൂട്ടി. ഞങ്ങളുടെ ഷര്‍ട്ട് ഊരി കാലില്‍ കുരുക്കിട്ടാണ് വലിച്ച് പുറത്തെടുത്തത്. പുറത്തെടുത്തപ്പോള്‍ അവന് ബോധം പോയിരുന്നു. ഉടനെ ആംബുലന്‍സ് വിളിച്ചെങ്കിലും ലഭിച്ചില്ല. സിപിആര്‍ ഒക്കെ നല്‍കിയതിനുശേഷമാണ് ആശുപത്രിയില്‍ എത്തിച്ചത്.