കൊച്ചി: കേസുകളിലെ കണ്ടെത്തലുകൾ, ഉത്തരവുകൾ, വിധി തീർപ്പ് എന്നിവയിൽ എത്തിച്ചേരാൻ ഒരു കാരണവശാലും എഐ ടൂളുകൾ ഉപയോഗിക്കരുതെന്ന് ജഡ്ജിമാര്‍ക്ക് കര്‍ശന നിര്‍ദ്ദേശവുമായി ഹൈക്കോടതി. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗവും പാടില്ല.
കേസുകളിൽ വിധി എഴുതാനോ തീർപ്പിൽ എത്താനോ എ.ഐ ഉപയോഗിക്കരുതെന്നാണ് ജഡ്ജിമാര്‍ക്ക് കേരള ഹൈക്കോടതി നിര്‍ദ്ദേശം നൽകിയത്. ഈ വിഷയത്തിൽ കർശന മാർഗ്ഗ നിർദ്ദേശങ്ങൾ ഹൈക്കോടതി പുറപ്പെടുവിച്ചു.
പ്രധാന നിർദേശങ്ങൾ ഇങ്ങനെ
കേസുകളിലെ കണ്ടെത്തലുകൾ, ഉത്തരവുകൾ, വിധി തീർപ്പ് എന്നിവയിൽ എത്തിച്ചേരാൻ ഒരു കാരണവശാലും എഐ ടൂളുകൾ ഉപയോഗിക്കരുത്. ചാറ്റ് ജിപിടി, ഡീപ് സീക്ക് പോലുള്ളവയുടെ ഉപയോഗം പാടില്ല. കേസുകളുടെ റഫറൻസിനും മറ്റും ഹൈക്കോടതിയോ സുപ്രീം കോടതിയോ അംഗീകരിച്ച എഐ ടൂളുകൾ മാത്രം കർശന ഉപാധികളോടെ ഉപയോഗിക്കാം. ഏതൊരു എഐ ഉപയോഗത്തിലും സുതാര്യത, നീതി, ഉത്തരവാദിത്തം എന്നിവ ന്യായാധിപൻ ഉറപ്പാക്കണം.
നിയമപരമായ കുറിപ്പുകളോ മറ്റോ വിവർത്തനം ചെയ്യാൻ എഐ ടൂൾ ഉപയോഗിക്കുമ്പോൾ, വിവർത്തനം ജഡ്ജിമാർ സ്വയം പരിശോധിക്കണം. കേസുകളുടെ ഷെഡ്യൂൾ ചെയ്യൽ പോലുള്ള ഭരണപരമായ ജോലികൾക്ക് അംഗീകൃത എഐ ഉപകരണങ്ങൾ ഉപയോഗിക്കാമെങ്കിലും, മനുഷ്യ മേൽനോട്ടം ആവശ്യമാണ്. എഐ ഉപയോഗിക്കുന്ന എല്ലാ സാഹചര്യങ്ങളുടെയും വിശദമായ രേഖകൾ കോടതികൾ സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിക്കുന്നു.