india

ധർമ്മസ്ഥല കേസ്; പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് കർണാടക സർക്കാർ

ധർമ്മസ്ഥല കേസ് അന്വേഷണത്തിന് കർണാടക സർക്കാർ പ്രത്യേക അന്വേഷണ സംഘത്തെ രൂപികരിച്ചു. 20 വർഷമായി പ്രദേശത്ത് കാണാതായ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും കേസുകൾ അന്വേഷിക്കും.

ഡിജിപി റാങ്കിലുള്ള പ്രണവ് മൊഹന്തി ഐപിഎസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്. പ്രത്യേക അന്വേഷണസംഘം രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് വനിതാ കമ്മീഷൻ ചെയർപേഴ്സൺ സർക്കാരിന് നൽകിയ കത്ത് പരിഗണിച്ചാണ് ഉത്തരവ്. ധർമ്മസ്ഥലയുമായി ബന്ധപ്പെടുത്തി സംസ്ഥാനത്ത് രജിസ്റ്റർ ചെയ്ത എല്ലാ കേസുകളും അന്വേഷണസംഘത്തിന്‍റെ പരിഗണനയിൽ വരും. 20 വർഷമായി ധർമ്മസ്ഥല പ്രദേശത്ത് കാണാതായ സ്ത്രീകളുടെയും വിദ്യാർത്ഥികളുടെയും കേസുകൾ, അസ്വാഭാവിക മരണങ്ങൾ, കൊലപാതകങ്ങൾ, ബലാത്സംഗ കേസുകൾ എന്നിവ അന്വേഷിക്കും.

നിലവിലെ അന്വേഷണം തൃപ്തികരമല്ലെന്ന് കാണിച്ച് ആക്ഷൻ കമ്മറ്റിയും രംഗത്ത് വന്നിരുന്നു. ഐപിഎസ് ഉദ്യോഗസ്ഥരായ എം എന്‍ അനുചേത്, സൗമ്യ ലത, ജിതേന്ദ്ര കുമാര്‍ എന്നിവരാണ് സംഘത്തിലെ പ്രധാന അന്വേഷണ ഉദ്യോഗസ്ഥർ.

അതേസമയം, ധർമസ്ഥലയിൽ 2009 ൽ പെൺകുട്ടി ക്രൂരതക്കിരയായത് നേരിട്ട് കണ്ടുവെന്ന് ടിപ്പർ ലോറി ഡ്രൈവറുടെ വെളിപ്പെടുത്തൽ. ഭയം മൂലം അന്ന് പോലീസിന് മുന്നിലെത്താൻ കഴിഞ്ഞില്ലെന്നും ഇദ്ദേഹം പറയുന്നു. പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിലാണ് മലയാളിയായ ഇദ്ദേഹം 16 വർഷം മുമ്പുള്ള സംഭവം കൈരളി ന്യൂസിനോട് തുറന്നു പറഞ്ഞത്.

Latest News