കുട്ടികള്‍ക്ക് സുരക്ഷിതവും അനുയോജ്യവുമായ ഉള്ളടക്കം നല്‍കാനായി പ്രത്യേകം രൂപകല്‍പ്പന ചെയ്ത പുതിയ നിര്‍മിതബുദ്ധി (എഐ) ആപ്ലിക്കേഷന്‍ പുറത്തിറക്കാനൊരുങ്ങി എക്സ് എഐ. കമ്പനി സ്ഥാപകന്‍ ഇലോണ്‍ മസ്‌ക് എക്‌സിലൂടെയാണ് ‘ബേബി ഗ്രോക്ക്’ പുറത്തിറക്കാന്‍ പദ്ധതിയിടുന്നതായി പ്രഖ്യാപിച്ചത്. കുട്ടികള്‍ക്കായുള്ള എഐ ടൂളുകളിലേക്കുള്ള എക്സ് എഐയുടെ ആദ്യത്തെ ചുവടുവെപ്പാണിത്. അനുചിതമോ ഹാനികരമോ ആയ ഉള്ളടക്കങ്ങളിലേക്ക് കടന്നുചെല്ലാതെ കുട്ടികള്‍ക്ക് ഡിജിറ്റല്‍ സഹായം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. നിലവിലുള്ള എഐ ചാറ്റ്‌ബോട്ടായ ‘ഗ്രോക്കില്‍’ നിന്ന് ‘ബേബി ഗ്രോക്ക്’ തികച്ചും വ്യത്യസ്തമായിരിക്കുമെന്നും മസ്‌ക് പറയുന്നു.
പ്രായം കുറഞ്ഞ പ്രേക്ഷകർക്കുള്ള അൽഗോരിതം ഉള്ളടക്ക സുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങളെ ഈ നീക്കം അടിവരയിടുന്നു. നേരത്തെ തന്നെ ജെനറേറ്റീവ് എഐയും അത് വഴിയുള്ള കുട്ടികളുടെ ഇടപെടലും അവരെ സ്വാധീനിക്കുന്നതും ഒക്കെ വലിയ്യ് രീതിയിലുള്ള ചർച്ചകൾക്കും ആശങ്കകൾക്കും ഒക്കെ വഴിയൊരുക്കിയിരുന്നു.
മസ്‌കിന്റെ കമ്പനിയുടെ നിര്‍മിതബുദ്ധി (എഐ) കൂട്ടാളികളുടെ പ്രകോപനപരമായ സ്വഭാവം വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചതിന് പിന്നാലെയാണ് പ്രഖ്യാപനം വന്നിരിക്കുന്നത്. അനി എന്ന എഐ കമ്പാനിയന്‍ ഉപയോക്താക്കള്‍ കൂടുതല്‍ നേരം ഇടപഴകുന്തോറും ശൃംഗാര സംഭാഷണങ്ങളിലേക്കടക്കം കടക്കുന്നതായി പരാതി ഉയര്‍ന്നിട്ടുണ്ടെന്ന് മാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തിരുന്നു. അതിനിടെയാണ് മസ്‌ക് ഇപ്പോള്‍ കുട്ടികള്‍ക്ക് സുരക്ഷിതമായ ഗ്രോക്കിന്റെ ഒരു പതിപ്പ് പുറത്തിറക്കാന്‍ പദ്ധതിയിടുന്നുവെന്ന വാര്‍ത്തകള്‍ പുറത്തുവരുന്നത്.
കുട്ടികൾക്കായി പ്രത്യേകം രൂപകൽപ്പന ചെയ്‌ത ഒരു സ്വതന്ത്ര എഐ ചാറ്റ്ബോട്ടായിട്ടാണ് ബേബി ഗ്രോക്കിനെ മസ്‌കും കമ്പനിയും വിഭാവനം ചെയ്‌തിരിക്കുന്നത്, ഇത് നിലവിൽ സാധാരണ ഉപയോക്താക്കൾക്ക് വാഗ്‌ദാനം ചെയ്യുന്ന പ്രധാന ഗ്രോക്ക് മോഡലിൽ നിന്ന് വേറിട്ട് നിൽക്കുന്നു. കൂടുതൽ ലക്ഷ്യങ്ങളോടെയാണ് മസ്‌ക് ഇത് രംഗത്ത് കൊണ്ട് വരുന്നത്. ഉപഭോക്താവിന്റെ പ്രായത്തിനനുസരിച്ചുള്ള പ്രതികരണങ്ങൾ നൽകുക, മുതിർന്നവർക്കുള്ള പ്രതികരണങ്ങളിൽ നിന്ന് ഫിൽട്ടർ ചെയ്യുക, വിവാദ ഭാഗങ്ങൾ ഒഴിവാക്കുക എന്നിവയൊക്കെ ഇതിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടുന്നു. വിദ്യാഭ്യാസപരവും വിനോദകരവുമായ ഇടപെടലുകൾ ഒരുമിച്ച് ചേർക്കാനും ഈ നീക്കം ലക്ഷ്യമിടുന്നു.കുട്ടികളുമായി ഇടപഴകുന്ന എഐ സിസ്‌റ്റങ്ങളുടെ അപകടസാധ്യതകളെയും ഉത്തരവാദിത്തങ്ങളെയും കുറിച്ചുള്ള വ്യാപകമായ ചർച്ചകൾക്കിടയിലാണ് ഈ നീക്കം. ജനറേറ്റീവ് ചാറ്റ്ബോട്ടുകൾ പ്രായപൂർത്തിയാകാത്തവർക്ക് അനുചിതമോ വിശ്വസനീയമല്ലാത്തതോ ആയ ഉപദേശം നൽകിയതിനെത്തുടർന്ന് പ്രമുഖ ടെക് കമ്പനികൾ നേരത്തെ വിമർശനം നേരിട്ടിരുന്നു. ഇക്കൂട്ടത്തിൽ തുടക്കം മുതൽ തന്നെ ഗ്രോക്ക് എഐ വാർത്തകളിൽ ഇടം നേടിയിട്ടുണ്ട്, നല്ലതിനല്ലെന്ന് മാത്രം. തുടക്കത്തിൽ തന്നെ, ഗ്രോക്ക് എഐ ശ്രദ്ധ നേടിയത് അതിന്റെ മോശം മറുപടികളോടെയാണ്. നേരത്തെ ഗ്രോക്ക് ഒരു എക്‌സ് ഉപയോക്താവിന് രസകരമായ പരിഹാസത്തിൽ മറുപടി നൽകുകയും ഹിന്ദി ഭാഷ ഉപയോഗിക്കുകയും ചെയ്‌തത് വിമർശനത്തിന് ഇടയാക്കിയിരുന്നു. കൂടാതെ സെമിറ്റിക് വിരുദ്ധ സ്‌റ്റീരിയോടൈപ്പുകൾ, ഗൂഢാലോചന സിദ്ധാന്തങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന പ്രതികരണങ്ങൾ സൃഷ്‌ടിച്ചതിന് പിന്നാലെ, അഡോൾഫ് ഹിറ്റ്ലറെ പോലും പ്രശംസിക്കുന്ന പ്രതികരണങ്ങൾ നൽകിയതോടെ ഗ്രോക്ക് എഐ അടുത്തിടെ കടുത്ത വിമർശനത്തിന് വിധേയമായിരുന്നു. ഇതിനിടയിലാണ് മസ്‌ക് പുതിയ നീക്കവുമായി വന്നിരിക്കുന്നത്.