വാർധക്യമാകുമ്പോൾ മുഖത്തും ശരീരത്തിലും ചുളിവുകൾ പ്രകടമാവുന്നത് സാധാരണയാണ്. പ്രായാധിക്യം ശരീരത്തിൽ പ്രതിഫലിക്കും. പ്രായമേറുമ്പോൾ മുഖത്തും ശരീരത്തിലുമുണ്ടാകുന്ന ഇത്തരം ചുളിവുകൾ അകറ്റാനും യുവത്വം നിലനിർത്താനുമുള്ള ആൻ്റി ഏജിങ് ചികിത്സാരീതികൾ ഇപ്പോൾ സാധാരണയായി കൊണ്ടിരിക്കുകയാണ്.
യുവത്വം നിലനിർത്താൻ ഗ്ലൂട്ടാത്തോൺ പോലുള്ള വസ്‌തുക്കൾ ഉപയോഗിക്കുന്ന താരങ്ങൾ നമുക്ക് സുപരിചിതരാണ്. എന്നാൽ എന്തിനാണ് ഇവ എടുക്കുന്നതെന്നും ഇവ എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നും പലർക്കും അറിയില്ല.
യുവത്വം നിലനിർത്താനും തൊലിയിലെ ചുളിവുകൾ നികത്താനുമായി നടത്തുന്ന ചികിത്സാരീതിയുടെ ഭാഗമാണിത്. സൌന്ദര്യം നിലനിർത്താൻ ഇത്തരത്തിലുള്ള ചികിത്സാരീതികൾ തേടിപോകുമ്പോൾ ഇതിനെ കുറിച്ച് വിശദമായി അറിയേണ്ടതുണ്ട്.
ആൻ്റി-ഏജിങ് ചികിത്സ ഒരു കോസ്മെറ്റിക് ഫാൻസി ട്രെൻഡല്ല. മുഖത്തെ ചുളിവുകൾ, അയവ് അല്ലെങ്കിൽ വാർധക്യത്തിൻ്റെ മറ്റ് ലക്ഷണങ്ങൾ എന്നിവ കുറയ്ക്കുന്നതിൻ്റെ ഭാഗമായി നടത്തുന്ന ചികിത്സാരീതിയാണ്. ആൻ്റി-ഏജിങ് കുത്തിവെയ്‌പ്പുകളാണ് ഇതിൻ്റെ ആദ്യ പടി. ഈ ചികിത്സാ രീതിയിൽ വ്യത്യസ്‌ത വിഭാഗങ്ങളുണ്ട്.
ആൻ്റി-ഏജിങ് പ്രക്രിയയെ മൂന്ന് വിഭാഗങ്ങളായി തിരിച്ചിരിക്കുന്നു. ബോട്ടോക്‌സ്, ഡെർമൽ ഫില്ലറുകൾ, സ്‌കിൻ ബൂസ്റ്ററുകൾ എന്നിവയാണ് ഇവ. മൂന്ന് വ്യത്യസ്‌ത ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ചികിത്സാരീതികളാണ് ഇതെല്ലാം.
ബോട്ടോക്‌സ്: നെറ്റി, കണ്ണുകളുടെ കോണുകൾ, പുരികങ്ങൾ എന്നിങ്ങനെ ചുളിവുകൾ ഉണ്ടാകാൻ സാധ്യതയുള്ള മുഖ പേശികളിലേക്ക് ബോട്ടോക്‌സ് ചെറിയ അളവിൽ കുത്തിവെയ്‌ക്കുന്നു. ഇത് ചുളിവുകൾ അപ്രത്യക്ഷമാക്കുകയും ചർമ്മം കൂടുതൽ ഇറുകിയതാക്കുകയും ചെയ്യും.
ഡെർമൽ ഫില്ലറുകൾ: ശരീരത്തിൽ നിന്ന് നഷ്‌ടപ്പെട്ടുപോയ തുടുപ്പ് വീണ്ടെടുക്കാനാണ് ഇത് പ്രധാനമായും ചെയ്യുന്നത്. ഇതിനായി ഹൈലറോണിക് ആസിഡ് പോലുള്ള വസ്‌തുക്കൾ ചർമത്തിനടിയിൽ കുത്തിവയ്ക്കുന്നു. മുഖത്തെ ചുളിവുകൾ മാറ്റി മുഖം മിനുസപ്പെടുത്താനും ആകൃതി വർധിപ്പിക്കാനും വേണ്ടിയാണ് ഇവ പ്രധാനമായും ഉപയോഗിക്കുന്നത്. കൂടാതെ കണ്‍തടങ്ങളിലെ കറുപ്പും ഇത് നീക്കം ചെയ്യും.
സ്‌കിൻ ബൂസ്റ്റർ/ പിആർപി (പ്ലേറ്ററ്റ്‌ലെറ്റ് റിച്ച് പ്ലാസ്‌മ): ശരീരത്തിൽ നിന്ന് എടുക്കുന്ന പ്ലാസ്‌മ ഉപയോഗിച്ച് ചർമത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ചികിത്സാരീതിയാണിത്. മുഖചർമത്തിന് ഉള്ളിൽ നിന്ന് ജലാംശം നൽകുകയും തിളക്കം വർധിപ്പിക്കുകയും ചെയ്യലാണ് സ്‌കിൻ ബൂസ്റ്ററുകളുടെ പ്രധാന ധർമം. ഇവ കുത്തിവെയ്‌പുകളിലൂടെയാണ് പ്രധാനമായും നൽകാറ്. ഇതിനും പരിശീലനം ലഭിച്ച ഒരു സ്പെഷ്യലിസ്റ്റ് അത്യാവശ്യമാണ്.
വാർധക്യത്തെ ചെറുക്കലാണ് ആൻ്റി- ഏജിങ് ചികിത്സയുടെ പ്രധാന ലക്ഷ്യം. പക്ഷേ അവയുടെ ഫലം താത്കാലികമാണെന്നാണ് വിദഗ്ധർ പറയുന്നത്. അടുത്തിടെ 2 പ്രധാന നഗരങ്ങളിൽ ബോട്ടോക്‌സ് ചികിത്സ വാഗ്‌ദാനം ചെയ്യുന്ന സലൂണുകളുടെയും ക്ലിനിക്കുകളുടെയും എണ്ണം വർധിച്ചു.
സ്ത്രീകൾ മാത്രമല്ല, പുരുഷന്മാരും ഇതിലൊട്ടും പിന്നിലല്ല. ഇന്ത്യയിൽ ഇത്തരത്തിലുള്ള ചികിത്സാരീതികൾ ഡെർമറ്റോളജിസ്റ്റിനോ പ്ലാസ്റ്റിക് സർജനോ മാത്രമേ ചെയ്യാൻ കഴിയൂ. ഇതിനായി പ്രത്യേക പരിശീലനം മാത്രമല്ല, സർക്കാർ ലൈസൻസും അത്യാവശ്യമാണ്. കൂടാതെ മെഡിക്കൽ എത്തിക്‌സും പാലിക്കേണ്ടതുണ്ട്. പരിശീലനം ലഭിച്ച ഒരു ഡോക്‌ടർക്ക് മാത്രമേ ഇതിനെക്കുറിച്ച് ധാരണയുണ്ടാവൂ എന്ന് ഡെർമറ്റോളജിസ്റ്റ് നേഹ സൂദ് പറയുന്നു
ചെറിയ പട്ടണങ്ങളിൽ അനുമതിയില്ലാത്ത ക്ലിനിക്കുകളിലും ബ്യൂട്ടി പാർലറുകളിലും ഇത്തരം ചികിത്സകൾ നടക്കുന്നുണ്ട്. ലൈസൻസോ മെഡിക്കൽ പരിശീലനമോ ഇല്ലാതെയാണ് പലരും ഇത് ചെയ്യുന്നത്. പലപ്പോഴും പാർലർ ഓപ്പറേറ്റർമാർ ഇൻ്റർനെറ്റിൽ നിന്ന് പഠിച്ച സാങ്കേതിക വിദ്യയുടെ അടിസ്ഥാനത്തിലാണ് കുത്തിവയ്പ്പ് നടത്തുന്നത്. ഉപഭോക്താവിന് എന്ത് പാർശ്വഫലങ്ങൾ ഉണ്ടാകുമെന്ന് പോലും അറിയില്ല.
പലപ്പോഴും പെൺകുട്ടികളും ആൺകുട്ടികളും ഇൻസ്റ്റാഗ്രാം റീലുകൾ കണ്ടതിനുശേഷം നേരിട്ട് ബോട്ടോക്‌സ് എടുക്കാൻ വരുന്നു. പക്ഷേ ഇത് ഒരു മെഡിക്കൽ നടപടിക്രമമാണെന്ന് അവർക്ക് മനസ്സിലാകുന്നില്ല. അതിൽ ശരിയായ അളവ്, ശരിയായ സ്ഥലം, ശരിയായ സാങ്കേതികത എന്നിവ തെരഞ്ഞെടുക്കേണ്ടത് പ്രധാനമാണ്. പരിശീലനം ലഭിക്കാത്ത ഒരു ഡോക്‌ടർ നടത്തുന്ന ബോട്ടോക്‌സ് അല്ലെങ്കിൽ ഫില്ലർ തെറ്റായ ഫലങ്ങൾ നൽകിയേക്കാം.
വ്യാജമോ കാലഹരണപ്പെട്ടതോ ആയ ഉപകരണങ്ങളും ഉത്പന്നങ്ങളും ശരീരത്തിൽ ഉപയോഗിക്കുന്നത് വഴി അലർജി, വീക്കം, അണുബാധ തുടങ്ങിയ പാർശ്വഫലങ്ങൾക്ക് കാരണമായേക്കാം.
രജിസ്റ്റർ ചെയ്‌ത ഡോക്‌ടർമാർക്ക് മാത്രമേ ചികിത്സ നൽകാൻ അനുവാദമുള്ളൂ.
ലൈസൻസില്ലാത്ത ക്ലിനിക്കുകളിൽ ചികിത്സ തേടരുത്
ബ്രാൻഡുകളുടെയും മരുന്നുകളുടെയും നിയന്ത്രണം
ഉപഭോക്താവിൻ്റെ സമ്മതവും ശരിയായ രേഖകളും നിർബന്ധമാണ്.
അനധികൃത സ്ഥലങ്ങളിൽ നിന്ന് ചികിത്സ സ്വീകരിച്ചാൽ അപകടസാധ്യത വർധിക്കും. തെറ്റായ രീതിയിലുള്ള കുത്തിവെയ്‌പ് പക്ഷാഘാതം, മസ്‌തിഷ്‌ക പക്ഷാഘാതം തുടങ്ങിയവയ്‌ക്ക് കാരണമാകും.
ഇന്ന് 18 നും 25 നും ഇടയിൽ പ്രായമുള്ള ചെറുപ്പക്കാർ പോലും ബോട്ടോക്‌സിലേക്കും ഫില്ലറുകളിലേക്കും തിരിയുന്നുണ്ടെന്ന് ഡോ. നേഹ പറയുന്നു. ഇത് ശരിയല്ല. ഈ പ്രായത്തിൽ ശരീരം സ്വാഭാവികമായി കൊളാജനും എലാസ്റ്റിനും ഉത്പാദിപ്പിക്കുന്നു. ആവശ്യമില്ലാത്തപ്പോൾ പോലും ചികിത്സ സ്വീകരിക്കുന്നത് ചർമത്തിൻ്റെ സ്വാഭാവിക ഘടനയെ നശിപ്പിക്കും. മനോഹരമായി കാണപ്പെടാൻ വേണ്ടി മാത്രം ചർമ്മത്തിൻ്റെ പ്രായത്തിൽ കൃത്രിമം കാണിക്കുന്നത് ശരിയല്ലെന്നും അവർ അഭിപ്രായപ്പെട്ടു.