ഇന്ത്യൻ പൗരന്മാരുടെ ആധികാരിക തിരിച്ചറിയൽ രേഖയാണ് ആധാർ. നമ്മുടെ ദൈനംദിന ജീവിതത്തിൽ ആധാർ കാർഡ് നിർണായക രേഖയായി മാറിയിരിക്കുന്നു. ബാങ്കുകളിൽ അക്കൗണ്ട് തുറക്കാനോ പുതിയ സിം കാർഡ് എടുക്കാനോ വായ്‌പ ലഭിക്കാനോ തുടങ്ങി പല ആവശ്യങ്ങൾക്കും ഈ രേഖ അത്യാവശ്യമാണ്.
ആദ്യമായി ആധാറിന് അപേക്ഷിച്ചപ്പോൾ നിങ്ങൾ ഒരുപക്ഷേ അബദ്ധത്തിൽ ചില തെറ്റുകൾ വരുത്തിയിരിക്കാം. ഈ തെറ്റുകൾ തിരുത്താനുള്ള അവസരം കൂടിയാണ് സൗജന്യ ഓൺലൈൻ ആധാർ അപ്ഡേഷൻ നിങ്ങൾക്ക് നൽകുന്നത്.
തെറ്റുകൾ തിരുത്തിയില്ലെങ്കിൽ സർക്കാർ പദ്ധതികൾക്കും മറ്റ് ആവശ്യങ്ങൾക്കും ആധാർ ഉപയോഗിക്കുമ്പോൾ നിങ്ങൾക്ക് പ്രശ്‌നങ്ങൾ നേരിടേണ്ടിവരും. എന്നാൽ തിരുത്താൻ ചില നിയന്ത്രണങ്ങളും നിയമങ്ങളും ഒക്കെ സർക്കാർ ഏർപ്പെടുത്തിയിട്ടുണ്ട്.
ആധാർ കാർഡിൽ തെറ്റു തിരുത്തുന്നതുമായി ബന്ധപ്പെട്ട നിയമങ്ങൾ അറിയാം.
പേര്: ആധാർ കാർഡിലെ പേര് രണ്ടുതവണ മാത്രമേ മാറ്റാൻ കഴിയൂ. ഇതിനായി പാസ്‌പോർട്ട്, വിവാഹ സർട്ടിഫിക്കറ്റ്, പാൻ കാർഡ്, വോട്ടർ ഐഡി അല്ലെങ്കിൽ മറ്റേതെങ്കിലും സാധുവായ തിരിച്ചറിയൽ കാർഡ് ആവശ്യമാണ്.
ജനനത്തീയതി: നിങ്ങളുടെ ജനനത്തീയതി ഒരിക്കൽ മാത്രമേ മാറ്റാൻ യുഐഡിഎഐ നിങ്ങളെ അനുവദിക്കുന്നുള്ളൂ. അതുകൊണ്ട് വളരെ ശ്രദ്ധിച്ച് വേണം ഇത് മാറ്റാൻ.
വിലാസം: വിലാസം മാറ്റുന്നതിന് യുഐഡിഎഐ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും വിലാസം സ്ഥിരീകരിക്കുന്നതിന് രേഖകൾ സമർപ്പിക്കണം. യുഐഡിഎഐയുടെ ഔദ്യോഗിക വെബ്‌സൈറ്റിൽ നിങ്ങൾക്ക് നിങ്ങളുടെ വിലാസം സ്വയം എഡിറ്റ് ചെയ്യാൻ കഴിയും.
ഫോട്ടോ: ആധാർ കാർഡിലെ ഫോട്ടോ മാറ്റുന്നതിന് യുഐഡിഎഐ ഒരു നിയന്ത്രണവും ഏർപ്പെടുത്തിയിട്ടില്ല. ആവശ്യാനുസരണം മാറ്റാവുന്നതാണ്. അടുത്തുള്ള ആധാർ എൻറോള്‍മെന്‍റ് സെൻ്ററില്‍ പോയി നിങ്ങളുടെ ഫോട്ടോ അപ്ഡേറ്റ് ചെയ്യാം. അതിനായി നിങ്ങൾ 50 രൂപ ഫീസ് അടയ്ക്കേണ്ടിവരും. ഫോട്ടോ ഓൺലൈനായി മാറ്റാൻ കഴിയില്ല.
മറ്റു വിവരങ്ങൾ: ആധാർ കാർഡിലെ ഇമെയിലും മൊബൈൽ നമ്പറും മാറ്റുന്നതിന് യാതൊരു നിയന്ത്രണവുമില്ല. ആധാർ സേവാ കേന്ദ്രത്തിൽ എപ്പോൾ വേണമെങ്കിലും മൊബൈൽ നമ്പറും ഇമെയിലും അപ്‌ഡേറ്റ് ചെയ്യാൻ കഴിയും. ഇതിന് രേഖകളൊന്നും ആവശ്യമില്ല. എന്നിരുന്നാലും, മൊബൈൽ നമ്പർ ആധാർ കാർഡുമായി ബന്ധിപ്പിച്ച് രജിസ്റ്റർ ചെയ്‌തിരിക്കണം. എങ്കിലേ നിങ്ങൾക്ക് ഒടിപി ലഭിക്കൂ.
ആധാർ കാർഡിലെ പേര്, ജനന തീയതി, ജെൻഡർ എന്നിവ ഒരു പരിധിക്കപ്പുറം സാധാരണ നടപടിക്രമങ്ങൾ അനുസരിച്ച് മാറ്റാൻ അവസരമില്ല എന്ന് പറഞ്ഞല്ലോ. അവസരങ്ങളുടെ പരിധിക്ക് ശേഷവും ഇതിൽ മാറ്റങ്ങൾ വരുത്തണമെങ്കിൽ നിങ്ങൾ പ്രത്യേക നടപടിക്രമങ്ങൾ പാലിക്കണം.
ഇതിനായി നിങ്ങൾ ആദ്യം ആധാർ റീജിയണൽ ഓഫിസിലേക്ക് പോകണം. ഭേദഗതികൾ വരുത്തുന്നതിന്‍റെ പശ്ചാത്തലത്തിൽ അപ്‌ഡേറ്റ് ലഭിക്കുന്നതിന് ഒരു പ്രത്യേക മെയിൽ അയയ്ക്കണം. ആധാർ വിശദാംശങ്ങൾ മാറ്റേണ്ടതിന്‍റെ ആവശ്യകത വ്യക്തമായി പ്രസ്‌താവിക്കണം.
പ്രസക്തമായ വിലാസ തെളിവുകളും നിങ്ങൾ സമർപ്പിക്കണം. help@uidai.gov.in എന്ന വെബ്‌സൈറ്റിലും നിങ്ങൾക്ക് അപേക്ഷ സമർപ്പിക്കാം. ബന്ധപ്പെട്ട അധികാരികൾ നിങ്ങളുടെ അഭ്യർഥന സമഗ്രമായി പരിശോധിക്കുകയും മാറ്റം ന്യായമാണെന്ന് അവർ കരുതുന്നുവെങ്കിൽ അതിനനുസരിച്ച് മാറ്റങ്ങൾ വരുത്താൻ അവർ നിങ്ങൾക്ക് അവസരം നൽകും. അല്ലാത്തപക്ഷം നിങ്ങളുടെ അഭ്യർഥന നിരസിക്കപ്പെടും.