Kerala

‘മുസ്‌ലിം ലീഗിൻ്റെ മതമേലധ്യക്ഷന്മാർ കേരളത്തെ ഭരിക്കുന്നു’; വീണ്ടും വിമർശനവുമായി വെള്ളാപ്പളളി | Vellappally Natesan following anti-Muslim remarks

ഇടതുപക്ഷ സർക്കാർ പോലും മുസ്‌ലിം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശന്‍

മുസ്‌ലിം വിരുദ്ധ പരാമര്‍ശം തുടര്‍ന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മുസ്‌ലിം ലീഗിന്റെ മതമേലധ്യക്ഷന്മാർ കേരളത്തെ നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്നുവെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മുസ്‌ലിം ലീഗ് ചത്ത കുതിരയാണെന്നാണ് നെഹ്റു പറഞ്ഞത്. ഉറങ്ങുന്ന സിംഹമാണെന്ന് സി എച്ച് മുഹമ്മദ് കോയയും പറഞ്ഞു. കാലങ്ങൾ കഴിഞ്ഞപ്പോൾ കേരളം അവർ ഭരിക്കുന്ന അവസ്ഥയിലെത്തിയെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. ആലുവ അദ്വൈതാശ്രമത്തിൽ ആലുവ യൂണിയൻ സംഘടിപ്പിച്ച ശാഖ നേതൃത്വ സംഗമത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് വെള്ളാപ്പള്ളി വീണ്ടും മുസ്‌ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്.

ഇടതുപക്ഷ സർക്കാർ പോലും മുസ്‌ലിം ലീഗിന് മുന്നിൽ മുട്ടിലിഴയേണ്ട സ്ഥിതിയാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു. മലബാറിന് പുറമേ നാല് സീറ്റുകൾ മധ്യകേരളത്തിലും വേണമെന്നാണ് മുസ്‌ലിം ലീഗിന്റെ ആവശ്യം. 25 സീറ്റ് വരെ കിട്ടിയാൽ അടുത്ത മുഖ്യമന്ത്രി ആകാം എന്നാണ് അവരുടെ കണക്കുകൂട്ടലെന്നും വെള്ളാപ്പള്ളി പറഞ്ഞു. വിരുന്നു വന്നവർ വീട്ടുകാരും വീട്ടുകാർ പുറമ്പോക്കിലുമായെന്നും മുസ്‌ലിം ലീഗിനെ ലക്ഷ്യംവെച്ച് വെള്ളാപ്പള്ളി പറഞ്ഞു. ന്യൂനപക്ഷങ്ങൾ എന്ത് ചെയ്താലും ചോദിക്കാനുള്ള ധൈര്യം ഒരു പാർട്ടിക്കുമില്ല. മുസ്‌ലിം സമുദായം എന്തെങ്കിലും പറഞ്ഞാൽ ഇവർ മിണ്ടുമോയെന്നും വെള്ളാപ്പള്ളി ചോദിച്ചു. കേരള കോൺഗ്രസ് പറഞ്ഞാലും ഇവർ മിണ്ടില്ല. അവർക്കെല്ലാം വോട്ട് ബാങ്ക് രാഷ്ട്രീയമാണ് വേണ്ടതെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മതപണ്ഡിതന്മാർ ആണ് കൊടുവാളുമായി ഇറങ്ങിയിരിക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. സാമുദായിക സർവ്വേ എടുക്കുമ്പോൾ സാമ്പത്തിക സർവ്വേ കൂടി വേണം. അടുത്ത തെരഞ്ഞെടുപ്പുകളിൽ ഏത് പാർട്ടിയിൽ ഉള്ളവർ ആയാലും പരമാവധി ഈഴവരെ അധികാരത്തിൽ എത്തിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു. കഴിഞ്ഞ ദിവസം കേരളം വൈകാതെ മുസ്‌ലിം ഭൂരിപക്ഷ നാടായി മാറുമെന്ന് വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു. ഇത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. മുസ്‌ലിം ഭൂരിപക്ഷമായി ഇവിടെ മാറും എന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദനും നേരത്തെ പറഞ്ഞിരുന്നുവെന്നും അതിന് 40 വര്‍ഷം വേണ്ടി വരില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു. കേരളത്തില്‍ ജനാധിപത്യമല്ല. മതാധിപത്യമാണെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞിരുന്നു.

STORY HIGHLIGHT:   Vellappally Natesan following anti-Muslim remarks