ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന് ഭക്ഷ്യവിഷബാധയേറ്റു. അടുത്ത മൂന്ന് ദിവസത്തേക്ക് അദ്ദേഹം വീട്ടിലിരുന്ന് ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുമെന്നും സുഖം പ്രാപിച്ചുവരികയാണെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു. പ്രധാനമന്ത്രിയ്ക്ക് കുടൽ വീക്കവും നിർജ്ജലീകരണവും ഉണ്ടായതിനെ തുടർന്ന് ചികിത്സ നൽകി വരികയാണെന്നും ഓഫീസ് അറിയിച്ചു.
75 വയസ്സുകാരനായ നെതന്യാഹുവിന് ശനിയാഴ്ച രാത്രിയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഡോക്ടർമാരുടെ നിർദ്ദേശമനുസരിച്ച്, പ്രധാനമന്ത്രി അടുത്ത മൂന്ന് ദിവസത്തേക്ക് വീട്ടിൽ വിശ്രമിക്കും. അവിടെ നിന്ന് ഔദ്യോഗിക കാര്യങ്ങൾ നിർവഹിക്കുകയും ചെയ്യുമെന്നാണ് നെതന്യാഹുവിൻ്റെ ഓഫീസ് അറിയിച്ചത്.
നെതന്യാഹുവിന് 2023 ൽ പേസ്മേക്കർ ഘടിപ്പിച്ചിരുന്നു. കഴിഞ്ഞ ഡിസംബറിൽ അദ്ദേഹത്തിന് മൂത്രാശയ രോഗബാധയെ തുടർന്ന് പ്രോസ്റ്റേറ്റ് നീക്കവും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഡോക്ടർമാരുടെ സംഘം അതീവശ്രദ്ധയോടെയാണ് നെതന്യാഹവിൻ്റെ ആരോഗ്യം നോക്കി കാണുന്നത്.