ട്യൂഷൻ സെന്ററിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് കുട്ടികൾ വീട്ടിൽ തിരികെയെത്തിയിട്ടില്ലെന്ന് ഇന്നലെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ ആ പരാതിയെത്തിയത്. ഉടൻ ബന്ധപ്പെട്ടവരുടെ പരാതി സ്വീകരിച്ച പൊലീസ് സന്ദേശങ്ങൾ കേരളത്തിലേക്കും അതിർത്തി സംസ്ഥാനങ്ങളിലെ പൊലീസ് സ്‌റ്റേഷനുകളിലേക്കും കൈമാറി.
കാണാതായ കുട്ടികളുടെ വിവരങ്ങൾ കൈമാറി സംയുക്തമായ അന്വേഷണം ആരംഭിച്ചു. ഫലം മണിക്കൂറുകൾക്കുള്ളിൽ ലഭിച്ചു. കാണാതായ മൂന്ന് കുട്ടികളെയും വെറും മൂന്ന് മണിക്കൂറുകൾക്കകം കണ്ടെത്തി കേരള പോലീസ് അവരെ ചേർത്തുപിടിച്ചു.
ജില്ലാ സ്‌ക്വാഡ്, കോഴിക്കോട്, പാലക്കാട് റെയിൽവേ പൊലീസ് എന്നിവരുടെ സഹായത്തോടെ കൽപ്പറ്റ പൊലീസാണ് കുട്ടികളെ പാലക്കാട് നിന്ന് കണ്ടെത്തിയത്.
കുട്ടികൾക്ക് ആവശ്യമായ കൗൺസിലിംഗ് നൽകിയ ശേഷം വയനാട്ടിലെത്തിച്ച് കോടതിയിൽ ഹാജരാക്കി മൂവരെയും മാതാപിതാക്കൾക്കൊപ്പം പറഞ്ഞയച്ചു. ട്യൂഷൻ സെന്ററിലേക്കാണെന്ന് പറഞ്ഞാണത്രേ കുട്ടികൾ വീട്ടിൽ നിന്ന് ഇറങ്ങിയതെന്ന് മാതാപിതാക്കൾ പറഞ്ഞു.