Kerala

ആംബുലൻസ് തടഞ്ഞ് രോഗി മരിച്ച സംഭവം; കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് മന്ത്രി‌ വി ശിവന്‍കുട്ടി

വിതുര താലൂക്ക് ആശുപത്രിയില്‍ ആംബുലന്‍സ് തടഞ്ഞതിനെത്തുടര്‍ന്ന് രോഗി മരിച്ച ദാരുണ സംഭവം അങ്ങേയറ്റം അപലപനീയമമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. ഒരു ജീവന്‍ രക്ഷിക്കാന്‍ ശ്രമിക്കുമ്പോള്‍ ഇത്തരമൊരു തടസമുണ്ടാകുന്നത് ഒട്ടും അംഗീകരിക്കാനാവാത്ത കാര്യമാണെന്നും ഈ വിഷയത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുന്നതാണെന്നും മന്ത്രി പറഞ്ഞു. സാമൂഹ്യ മാധ്യമത്തില്‍ പങ്കുവച്ച പോസ്റ്റിലൂടെയാണ് പ്രതികരണം.

ഉത്തരവാദിത്തമുള്ള ഒരു രാഷ്ട്രീയ പാര്‍ട്ടിക്കോ സംഘടനയ്‌ക്കോ ചേര്‍ന്ന പ്രവര്‍ത്തനമല്ല ഇതെന്നും. പൊതുജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന ഇത്തരം പ്രവണതകള്‍ ഒരു തരത്തിലും പ്രോത്സാഹിപ്പിക്കപ്പെടരുതെന്നും അദ്ദേഹം കുറിച്ചു. സംഭവത്തില്‍ വിതുര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. രോഗിയെ ആംബുലന്‍സില്‍ കയറ്റാതെ തടസ്സം സൃഷ്ടിക്കുകയും അസഭ്യം പറയുകയും ആംബുലന്‍സ് തടയുകയും ചെയ്തുവെന്നാണ് ആരോഗ്യ പ്രവര്‍ത്തകരുടെ പരാതി.

ഇന്‍ഷുറന്‍സും ഫിറ്റ്‌നസുമുള്ള ആംബുലന്‍സായിരുന്നിട്ടും, ഇതൊന്നുമില്ലെന്ന തെറ്റായ ആരോപണം ഉന്നയിച്ചാണ് വാഹനം തടഞ്ഞത്. ഈ വാഹനത്തിന്റെ ഇന്‍ഷുറന്‍സ് സംബന്ധിച്ച രേഖകള്‍ ബഹു. ആരോഗ്യ മന്ത്രി ഇതിനോടകം പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്. ഈ ദുരന്തത്തില്‍ ജീവന്‍ നഷ്ടപ്പെട്ട ബിനുവിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നുവെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

Latest News