കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി ധരിച്ച മാലയിൽ പുലിപ്പല്ലുണ്ടെന്ന പരാതിയിൽ വനംവകുപ്പ് പരാതിക്കാരന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും.പരാതിക്കാരനായ യൂത്ത് കോൺഗ്രസ് നേതാവ് എ എ മുഹമ്മദ് ഹാഷിമിന്റെ മൊഴിയാണ് രേഖപ്പെടുത്തുന്നത്. ഇന്ന് രാവിലെ പട്ടിക്കാട് റേഞ്ച് ഫോറസ്റ്റ് ഓഫീസർക്ക് മുന്നിൽ ഹാജരാകാനാണ് ഹാഷിമിന് വനംവകുപ്പ് നോട്ടീസയച്ചത്. പുലിപ്പല്ലുമാല ഉപയോഗിച്ച കേസിൽ വേടൻ എന്നറിയപ്പെടുന്ന റാപ്പർ ഹിരൺ ദാസ് മുരളിക്കെതിരെ കേസെടുത്തതിന് പിന്നാലെയാണ് സുരേഷ് ഗോപിക്കെതിരെയും പരാതി ഉയർന്നത്. തൃശ്ശൂരിലെ പൊതു ചടങ്ങിൽ സുരേഷ് ഗോപി പുലിപ്പല്ലുളള മാല അണിഞ്ഞ് പങ്കെടുത്തു എന്നാണ് പരാതിയിൽ പറയുന്നത്.
പുലിപ്പല്ല് മാല എങ്ങനെ ലഭിച്ചെന്ന് സുരേഷ് ഗോപി വ്യക്തമാക്കണം എന്നാണ് പരാതിക്കാരന്റെ ആവശ്യം. ഐഎൻടിയുസി യുവജനവിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറിയും യൂത്ത് കോൺഗ്രസ് മുൻ ദേശീയ വക്താവുമായ മുഹമ്മദ് ഹാഷിം ആണ് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നൽകിയത്. വൈൽഡ് ലൈഫ് പ്രൊട്ടക്ഷൻ ആക്ടിന്റെ ലംഘനമാണിതെന്നാണ് പരാതിയിൽ പറയുന്നത്.