Kerala

സ്‌കൂള്‍ സുരക്ഷ ?: വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ നേരിട്ട് പരിശോധന നടത്തും; പരിശോധനയ്ക്ക് ഏഴംഗ സംഘം

സ്‌കൂള്‍ സുരക്ഷയെ മുന്‍നിര്‍ത്തി അടിയന്തിര ഓഡിറ്റ് നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിരിക്കുകയാണ്. അതിന്റെ ഭാഗമായി സമയബന്ധിത പരിപാടിക്ക് രൂപം നല്‍കും. ജൂലൈ 22 ചൊവ്വാഴ്ച പൊതുവിദ്യാഭ്യാസ മന്ത്രിയുടെ അദ്ധ്യക്ഷതയില്‍ പൊതുവിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥരുടെ യോഗം ശിക്ഷക് സദനില്‍ രാവിലെ 9.30 മണിക്ക് ചേരും. വിദ്യാഭ്യാസ ഉപഡയറക്ടര്‍മാര്‍, ആര്‍.ഡി.ഡി. മാര്‍, എ.ഡി. മാര്‍, ഡയറ്റ് പ്രിന്‍സിപ്പല്‍മാര്‍, ജില്ലാ ഉപ വിദ്യാഭ്യാസ ഓഫീസര്‍മാര്‍, ജില്ലാ പ്രോജക്ട് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ പ്രോജക്ട് ഓഫീസര്‍മാര്‍, ജില്ലാ കൈറ്റ് കോര്‍ഡിനേറ്റര്‍മാര്‍, ജില്ലാ വിദ്യാകിരണം കോര്‍ഡിനേറ്റര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുക്കും.

മെയ് 13ല്‍ സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ക്ക് മുന്നോടിയായി പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറത്തിറക്കിയ സര്‍ക്കുലറിന്‍മേല്‍ നടന്ന പ്രവര്‍ത്തനങ്ങള്‍ യോഗം വിശകലനം ചെയ്യും. ജൂലൈ 25 മുതല്‍ 31 വരെ പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ സ്‌കൂളുകളില്‍ നേരിട്ട് പരിശോധന നടത്തും. ഏഴ് പേര് അടങ്ങുന്ന ഉദ്യോഗസ്ഥ ഗ്രൂപ്പ് നിരീക്ഷണത്തിന് ജില്ലകളില്‍ മേല്‍നോട്ടം വഹിക്കും.

  • ഡി.ഡി.
  • ആര്‍.ഡി.ഡി.
  • എ.ഡി.
  • ഡി.ഇ.ഒ., എ.ഇ.ഒ.
  • വിദ്യാകിരണം കോര്‍ഡിനേറ്റര്‍
  • ബി.ആര്‍.സി. ഉദ്യോഗസ്ഥന്‍
  • ഡയറ്റ് പ്രിന്‍സിപ്പല്‍

തുടങ്ങിയവരാണ് ജില്ലാതല ഉദ്യോഗസ്ഥ ഗ്രൂപ്പിലുണ്ടാകുക. സ്‌കൂള്‍ സന്ദര്‍ശനത്തില്‍ മേല്‍ സൂചിപ്പിച്ച വകുപ്പ് തലവന്‍മാരുടെ ഗ്രൂപ്പില്‍ കുറഞ്ഞത് 3 പേര്‍ ഉണ്ടാകും. വര്‍ക്കിംഗ് ടൈമില്‍ ഏരിയ നിശ്ചയിത്ത് പരിശോധന നടത്തി റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്. ആഗസ്റ്റ് 12 ചൊവ്വാഴ്ച രാവിലെ 10.00 മണിക്ക് തിരുവനന്തപുരം ശിക്ഷക് സദനില്‍ വെച്ച് സംസ്ഥാന സേഫ്റ്റി ആഡിറ്റ് സ്റ്റിയറിംഗ് കമ്മിറ്റി കൂടുന്നതാണ്. 2025 മെയ് 13 ന് ഇറക്കിയ സര്‍ക്കുലറില്‍ പറഞ്ഞ 35 കാര്യങ്ങളുടെ ആക്ഷന്‍ ടേക്കണ്‍ റിപ്പോര്‍ട്ട് നല്‍കേണ്ടതാണ്.

കാര്‍ത്തികപ്പള്ളി യു.പി. സ്‌കൂള്‍

ആലപ്പുഴ കാര്‍ത്തികപ്പള്ളി സര്‍ക്കാര്‍ യു.പി. സ്‌കൂളിലെ കെട്ടിടത്തിന്റെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നു വീണ കാര്യം പൊതുവിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് ചെയ്യുകയുണ്ടായി. സ്‌കൂളിന്റെ മുന്‍ഭാഗത്തുള്ള അണ്‍ഫിറ്റായ കെട്ടിടത്തിന്റെ ഓടും മേല്‍ക്കൂരയുമാണ് അടര്‍ന്നു വീണത്. കെട്ടിടത്തില്‍ ക്ലാസ്സ് നടക്കുന്നില്ല എന്നാണ് ഹെഡ്മാസ്റ്റര്‍ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുള്ളത്. കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഒരു കോടി രൂപയുടെ കെട്ടിടം പൂര്‍ത്തിയായി കഴിഞ്ഞിട്ടുണ്ട്.

നാളെ തന്നെ പുതിയ ബില്‍ഡിംഗില്‍ ക്ലാസ്സുകള്‍ ഷിഫ്റ്റ് ചെയ്യാന്‍ ജില്ലാ കളക്ടര്‍ തഹസീല്‍ദാര്‍ മുഖേന പ്രഥമാധ്യാപകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പുതിയ ബില്‍ഡിംഗിലേക്ക് ക്ലാസ്സ് ഷിഫ്റ്റ് ചെയ്യുന്നതിനുള്ള നടപടികള്‍ ഇന്നലെ രാത്രി തന്നെ നടന്നിട്ടുണ്ട്. ജില്ലാ കളക്ടറും ഡി.ഡി.ഇ. യും അടക്കമുള്ളവര്‍ ഇന്ന് സ്‌കൂളിലെത്തി സ്ഥിതിഗതികള്‍ പരിശോധിക്കും.

ഒന്നാം പാദവാര്‍ഷിക പരീക്ഷ

ഒന്നാം പാദവാര്‍ഷിക പരീക്ഷ ആഗസ്റ്റ് 19 മുതല്‍ 29 വരെ നടത്തപ്പെടും. ഈ വര്‍ഷം 5 മുതല്‍ 9 വരെ ക്ലാസ്സുകളില്‍ എഴുത്തുപരീക്ഷയില്‍ സബ്ജക്ട് മിനിമം നടപ്പാക്കും.

സമയമാറ്റം ചര്‍ച്ച

സ്‌കൂള്‍ സമയമാറ്റത്തെ സംബന്ധിച്ച് സ്‌കൂള്‍ മാനേജ്മെന്റ് പ്രതിനിധികളുമായി ബുധനാഴ്ച ഉച്ചയ്ക്ക് ശേഷം 3.30 ന് തിരുവനന്തപുരത്ത് വെച്ച് ചര്‍ച്ച നടത്തുന്നുണ്ട്. നിലവിലെ സമയക്രമം സംബന്ധിച്ച് തീരുമാനം എടുക്കാനുണ്ടായ സാഹചര്യം യോഗത്തില്‍ വിശദീകരിക്കും എല്ലാവരുടെയും സഹകരണം അഭ്യര്‍ത്ഥിക്കും.

CONTENT HIGH LIGHTS; School safety?: Education Department officials will conduct a direct inspection; a seven-member team will conduct the inspection