രാജ്യത്തെ പിടിച്ചുകുലുക്കിയ 2006 ലെ മുംബൈ ലോക്കൽ ട്രെയിൻ സ്‌ഫോടനക്കേസിലെ പ്രതികളായ 12 പേരെയും കുറ്റവിമുക്തരാക്കി ബോംബെ ഹൈക്കോടതി. ഇവർക്കെതിരായ കേസ് തെളിയിക്കുന്നതിൽ പ്രോസിക്യൂഷൻ പൂർണമായും പരാജയപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി, വധശിക്ഷയടക്കം വിധിച്ച പ്രതികളെയാണ് കോടതി വെറുതെവിട്ടത്. 2015 സെപ്റ്റംബറിൽ മക്കോക്ക പ്രത്യേക വിചാരണ കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്കെതിരെയുമുള്ള കുറ്റങ്ങള്‍ തെളിയിക്കാൻ കഴിഞ്ഞില്ലെന്ന് കോടതി വ്യക്തമാക്കി.
വിചാരണ കോടതി അഞ്ച് പ്രതികളെ വധശിക്ഷയ്‌ക്ക് വിധിച്ചിരുന്നു. എന്നാല്‍ പ്രതികള്‍ കുറ്റക്കാരനാണെന്ന് തെളിയിക്കുന്ന തെളിവുകളൊന്നും ഹാജരാക്കാൻ സാധിക്കാത്തിനാല്‍ 2015 സെപ്റ്റംബർ 30-ന് പ്രത്യേക മക്കോക്ക കോടതി പുറപ്പെടുവിച്ച വിധി റദ്ദാക്കുകയാണെന്ന് ഹൈക്കോടതി ഉത്തരവിട്ടു. പ്രതികൾ കുറ്റക്കാരെന്ന് കണ്ടെത്തുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് ഹൈക്കോടതി വിധിച്ചു. ഏത് തരത്തിലുള്ള സ്ഫോടകവസ്‌തുവാണ് ഉപയോഗിച്ചതെന്ന് വ്യക്തമാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല.
കുറ്റസമ്മത മൊഴികൾ സാധുതാ പരിശോധനയിൽ പരാജയപ്പെട്ടു. കുറ്റസമ്മതം നടത്തുന്നതിന് മുമ്പ് തങ്ങളെ പീഡിപ്പിച്ചിരുന്നുവെന്നും നിര്‍ബന്ധിച്ച് തങ്ങളുടെ മേല്‍ കുറ്റം ചുമത്തുകയുമായിരുന്നുവെന്ന പ്രതിഭാഗത്തിൻ്റെ വാദങ്ങൾ ബോംബെ ഹൈക്കോടതി അംഗീകരിച്ചു. വിചാരണയ്ക്കിടെ പ്രതികളെ തിരിച്ചറിഞ്ഞ സാക്ഷികളുടെ മൊഴി വിശ്വാസയോഗ്യമല്ലെന്നും ഇത് തള്ളിക്കളയുന്നുവെന്നും കോടതി പറഞ്ഞു. കേസ് ശക്തമായി നിലനിൽക്കുന്നുവെന്നും വിചാരണ കോടതി വിധി റദ്ദാക്കാൻ കഴിയില്ലെന്നും വധശിക്ഷകൾ സ്ഥിരീകരിക്കണമെന്നും സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ രാജ താക്കറെ വാദിച്ചു.
എന്നാല്‍, കുറ്റസമ്മതമൊഴികൾ “ആത്മാർഥമല്ല” എന്ന് പ്രതിഭാഗം വാദിച്ചു. കുറ്റകൃത്യത്തിൻ്റെ മുഖ്യസൂത്രധാരനെന്ന് ആരോപിക്കപ്പെടുന്ന മുഹമ്മദ് ഫൈസൽ ഷെയ്ഖും വിചാരണ കോടതി വധശിക്ഷ വിധിച്ച നാല് പേരില്‍ ആരാണ് മാഹിം, ബാന്ദ്ര സ്ഫോടനങ്ങളിൽ ബോംബ് സ്ഥാപിച്ചത് എന്നതിനെക്കുറിച്ച് കണ്ടെത്തനായില്ല. ഈ വസ്‌തുതയും പ്രതിഭാഗത്തിൻ്റെ വാദത്തിന് കോടതിയില്‍ പിന്തുണ നൽകി. പ്രതിഭാഗത്തിൻ്റെ വാദങ്ങളിൽ കഴമ്പുണ്ടെന്ന് കണ്ടെത്തി പ്രതികളെ ഹൈക്കോടതി വെറുതെവിടുകയായിരുന്നു.