Recipe

ഉരുളക്കിഴങ്ങ് മാത്രം മതി ഒരു കിടിലന്‍ പലഹാരം ഉണ്ടാക്കാന്‍

കുട്ടികള്‍ സ്‌കൂളില്‍ പോയി തിരികെയെത്തിയാല്‍ ചായയോടൊപ്പം വെറൈറ്റി പലഹാരങ്ങള്‍ നല്‍കിയാല്‍ അത് അവര്‍ക്ക് നന്നായി ഇഷ്ടമാകും. വീട്ടിലുള്ള ഉരുളക്കിഴങ്ങ് മാത്രം മതി ഒരു കിടിലന്‍ പലഹാരം ഉണ്ടാക്കാന്‍. എങ്ങനെ തയ്യാറാക്കാമെന്ന് നമുക്ക് നോക്കാം.

ചേരുവകൾ

ഉരുളക്കിഴങ്ങ്
മൈദ
കടലമാവ്
ഉപ്പ്
മഞ്ഞള്‍പ്പൊടി
മുളകുപൊടി
ചെറിയ ജീരകം
മല്ലിയില
വെളിച്ചെണ്ണ

തയ്യാറാക്കുന്ന വിധം

ആദ്യം ഒരു ബൗളിലേക്ക് കുറച്ച് ഉപ്പ് കലക്കി മാറ്റിവയ്ക്കുക. ശേഷം ഉരുളക്കിഴങ്ങ് തൊലി ചെത്തി കഴുകി വൃത്തിയാക്കി കട്ടി കുറഞ്ഞ രീതിയില്‍ വട്ടത്തില്‍ അരിഞ്ഞെടുക്കണം. ഇനി ഈ ഉരുളക്കിഴങ്ങ് നമ്മള്‍ മാറ്റിവച്ചിരിക്കുന്ന ഉപ്പുവെള്ളത്തിലേക്ക് ഇട്ടുകൊടുക്കണം. ഇനി അല്‍പം മൈദ, കടലമാവ്, ആവശ്യത്തിന് ഉപ്പ് എന്നിവയെടുത്ത് അരിച്ച് മാറ്റുക. ശേഷം ഇതിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കുഴച്ചെടുക്കുക, ഒരു പേസ്റ്റ് പരുവത്തില്‍ വേണം ഈ മാവ് തയ്യാറാക്കി എടുക്കാന്‍. ശേഷം ഇതിലേക്ക് മഞ്ഞള്‍പ്പൊടി, മുളകുപൊടി, കുറച്ച് ചെറിയ ജീരകം അതുപോലെതന്നെ മല്ലിയില എന്നിവ ചേര്‍ത്ത് നല്ലപോലെ ഇളക്കണം. ഒരു പാനിലേക്ക് കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു കൊടുത്തശേഷം നമ്മള്‍ ഉപ്പുവെള്ളത്തില്‍ മുക്കിവെച്ചിരിക്കുന്ന കിഴങ്ങ്, ഓരോ കഷ്ണങ്ങളായി എടുത്ത് ഈ മാവില്‍ മുക്കി എണ്ണയില്‍ ഇട്ട് പൊരിച്ചെടുക്കുക. ചെറിയ ഫ്ളെയ്മില്‍ ഇട്ടു വേണം കുക്ക് ചെയ്തെടുക്കാന്‍. നിറം മാറുമ്പോള്‍ ഇവ എണ്ണയില്‍ നിന്നും കോരി മാറ്റാം. നല്ല രുചികരമായ ഉരുളക്കിഴങ്ങ് സ്‌നാക് തയ്യാര്‍.