ഫാസ്റ്റ് ഡിജിറ്റൽ പേയ്മെന്റിൽ, വികസിത സമ്പദ് വ്യവസ്ഥകൾ അടക്കം സകല ലോകരാജ്യങ്ങളെയും കടത്തി വെട്ടി ഇന്ത്യ ഒന്നാം സ്ഥാനത്ത്. ഇക്കാര്യം സാക്ഷ്യപ്പെടുത്തിയിരിക്കുന്നത് മറ്റാരുമല്ല സാക്ഷാൽ ഇന്റർനാഷണൽ മോണിറ്ററി ഫണ്ടാണ് (IMF). ‘Growing Retail Digital Payments’ എന്ന റിപ്പോർട്ടിലാണ് ഇന്ത്യയുടെ നേട്ടത്തെക്കുറിച്ച് ഐ.എം.എഫ് പറഞ്ഞിരിക്കുന്നത്. ഇന്ത്യയുടെ യുണിഫൈഡ് പേയ്മെന്റ് ഇന്റർഫേസിന്റെ (UPI) കാര്യക്ഷമതയ്ക്ക് ഈ നേട്ടം തിലകക്കുറിയായി മാറിയിരിക്കുന്നു.
വർഷം 2016, അതെ, ഏതാണ്ട് 10 വർഷത്തിന് മുമ്പാണ് നാഷണൽ പേയ്മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ (NPCI) ഇന്ത്യയിൽ യു.പി.ഐ അവതരിപ്പിക്കുന്നത്. പിന്നീടിങ്ങോട്ട് കണ്ടത് വിപ്ലവമായിരുന്നു. രാജ്യത്തെ സാമ്പത്തിക വിനിമയങ്ങളുടെ മട്ടും, ഭാവവും, രീതിയുമെല്ലാം യു.പി.ഐ മാറ്റി മറിച്ചു. ഒരൊറ്റ മൊബൈൽ ആപ്ലിക്കേഷനുകളിലൂടെ നിരവധി ബാങ്ക് അക്കൗണ്ടുകൾ ലിങ്ക് ചെയ്യാനും, ഇൻസ്റ്റന്റായി വിനിമയങ്ങൾ നടത്താനും സാധിച്ചു.
പ്രത്യേകിച്ച് അധിക ചിലവൊന്നുമില്ലാതെ, സുരക്ഷിതമായി ഏതാനും ടാപ്പുകളിലൂടെ വിനിമയങ്ങൾ നടത്താമെന്നത് യു.പി.ഐയുടെ സ്വീകാര്യത വർധിപ്പിച്ചു. പിന്നീടിങ്ങോട്ട് കാലാനുസൃതമായ മാറ്റങ്ങൾ യു.പി.ഐ വിനിമയങ്ങളുമായി ബന്ധപ്പെട്ടുണ്ടായി. ഇന്റർനെറ്റില്ലെങ്കിൽപ്പോലും, പിൻ നമ്പർ നൽകാതെ വിനിമയം നടത്താൻ സാധിക്കുന്ന യു.പി.ഐ ലൈറ്റ്, റുപേ കാർഡ് – യു.പി.ഐ ലിങ്കിങ്, യു.പി.ഐ സർക്കിൾ എന്നിവ ചില ഉദാഹരണങ്ങൾ മാത്രം.
പ്രസ് ഇൻഫർമേഷൻ ബ്യൂറോ (PIB) റിപ്പോർട്ട് പ്രകാരം നിലവിൽ എല്ലാ മാസവും 18 ബില്യണിൽ അധികം വിനിമയങ്ങളാണ് യു.പി.ഐ വഴി നടക്കുന്നത്. നാളുകൾ കഴിയുന്തോളും വിനിമയങ്ങളുടെ ഗ്രാഫ് കുത്തനെ മുകളിലേക്കാണ് പോകുന്നത്. ഉദാഹരണത്തിന് 2023 ജൂണിൽ 13.88 ബില്യൺ യു.പി.ഐ വിനിമയങ്ങളാണ് നടന്നതെങ്കിൽ, ഒരു വർഷം കഴിഞ്ഞപ്പോൾ ഇത് 32% വർധിച്ച് 18.39 ബില്യൺ എന്ന നമ്പറിലെത്തി.