ഷാര്‍ജയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ കൊല്ലം ചവറ തെക്കുംഭാഗം സ്വദേശി അതുല്യയുടെ, ഭര്‍ത്താവ് സതീഷിനെ ദുബായിലെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു.ജോലിയിൽ പ്രവേശിച്ചത് ഒരു വർഷം മുമ്പായിരുന്നു. ഷാർജയിലെ സ്വകാര്യ കമ്പനിയിൽ സൈറ്റ് എഞ്ചിനീയർ ആയിരുന്നു കൊല്ലം ശാസ്താംകോട്ട സ്വദേശിയായ സതീഷ്. അതുല്യയുടെ ഫോണ്‍ അന്വേഷണ സംഘം പരിശോധിക്കും. സതീഷിന്റെ ലുക്കൗട്ട് നോട്ടീസ് ഇറക്കും. സതീഷിനെ നാട്ടിലെത്തിക്കാനുള്ള ശ്രമവും നടക്കുന്നുണ്ട്.
ഷാർജയിൽ കഴിഞ്ഞ ദിവസമാണ് കൊല്ലം സ്വദേശിനി അതുല്യ(30) യെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫ്ലാറ്റിനുള്ളിൽ മരിച്ച നിലയിലാണ് അതുല്യയെ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് അതുല്യ കുടുംബത്തിന് പീഡനത്തിന്‍റെ തെളിവായി ചിത്രങ്ങളും വീഡിയോകളും അയച്ചു നൽകിയിരുന്നു. സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും പീഡനം തുറന്നു പറയുന്ന അതുല്യയുടെ ശബ്ദ സന്ദേശവും പുറത്തുവന്നിരുന്നു. മദ്യലഹരിയില്‍ സതീഷ് അതുല്യയെ ഉപദ്രവിക്കുന്ന ദൃശ്യങ്ങളും അതുല്യയുടെ ശരീരത്തിലുള്ള മര്‍ദ്ദനത്തിന്‍റെ പാടുകളും വീഡിയോയിലുണ്ട്. അതുല്യയുടെ ശരീരത്തിൽ പലഭാഗത്തും മര്‍ദ്ദനത്തിന്‍റെ പാടുകളുണ്ട്. ഇത് വീഡിയോ ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. അതുല്യയുടെ ബന്ധുക്കൾ നൽകിയ പരാതികളും സതീഷിന്‍റെ അക്രമാസക്തമായ പെരുമാറ്റത്തിന്‍റെ വിഡിയോ ദൃശ്യങ്ങളും പരിഗണിച്ചാണ് കമ്പനി സതീഷിനെ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടതെന്നാണ് വിവരം.