ആലപ്പുഴ കാര്‍ത്തികപ്പള്ളി ഗവ. യുപി സ്‌കൂള്‍ കെട്ടിടം നിലം പതിച്ച സംഭവം സര്‍ക്കാരിന്റെ ഹൈടെക് അവകാശവാദങ്ങള്‍ പൊളിയുന്നത്തിന്റെ അവസാനത്തെ ഉദാഹരണമാണെന്ന് എബിവിപി സംസ്ഥാന ജോയിന്റ് സെക്രട്ടറി ഗോകുല്‍ കൃഷ്ണന്‍ അഭിപ്രായപ്പെട്ടു. കേരളത്തിന്റെ പൊതുവിദ്യാഭ്യസ മേഖലയെ തകര്‍ക്കുന്ന നിലപാടാണ് ഇടതുപക്ഷം സ്വീകരിച്ചിരിക്കുന്നത്. തേവലക്കരയില്‍ വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവവും കഴിഞ്ഞ ദിവസം പത്തനംതിട്ടയിലും പെരുമ്പാവൂരിലും സ്‌കൂള്‍ മതില്‍ ഇടിഞ്ഞു വീണ സംഭവങ്ങളും വിദ്യാഭ്യാസ വകുപ്പ് അധികൃതരുടെ കെടുകാര്യസ്ഥത വെളിപ്പെടുത്തുന്നതാണ്.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖല കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കാര്‍ത്തികപ്പള്ളിയില്‍ പൊളിഞ്ഞ് വീണ സ്‌കൂള്‍ കെട്ടിടത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ഇല്ലെന്ന വസ്തുത ഗൗരവതരമാണ്. വിദ്യാര്‍ത്ഥികളുടെ ഭാവിക്കും സുരക്ഷക്കുമപ്പുറം അധികൃതരുടെ സ്ഥാപിത താത്പര്യങ്ങളാണ് വകുപ്പിനെ നയിക്കുന്നത്. ഹരിപ്പാട് എഇഒ ഉള്‍പ്പെടെയുള്ള വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം. പരീക്ഷക്ക് ചോദ്യപേപ്പര്‍ അച്ചടിക്കാനും മൂന്ന് മാസം കൂടുമ്പോള്‍ നടത്തേണ്ട അധ്യാപകരുടെ പരിശീലനം നടത്താനും പണമില്ല. സമഗ്ര ശിക്ഷ കേരള (SSK)ക്ക് കീഴിലുള്ള ദിവ്യാംഗ അധ്യാപകരടക്കം 7000 ലധികം ജീവനക്കാര്‍ക്ക് രണ്ട് മാസങ്ങളായി ശമ്പളമില്ല. കേരള സര്‍ക്കാര്‍ വീമ്പ് പറയുന്ന ഹൈടെക് വിദ്യാഭ്യാസ കേരളം പൊളിഞ്ഞു വീഴുകയാണ്.
ഈ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് പകരം പാഠ്യപദ്ധതിയില്‍ റിസോര്‍ട്ട് രാഷ്ട്രീയവും, ഇലക്ടറല്‍ ബോണ്ടുമടക്കമുള്ള രാഷ്ട്രീയ അജണ്ടകള്‍ തിരുകി കയറ്റുന്നതിനാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. പിഎം ശ്രീ പദ്ധതിയോട് മുഖം തിരിച്ചു കൊണ്ട് പതിനായിര കണക്കിന് വിദ്യാര്‍ത്ഥികള്‍ക്ക് ലഭിക്കേണ്ട മികച്ച വിദ്യാഭ്യാസ നിലവാരത്തെ നിരസിക്കുകയാണ് സര്‍ക്കാര്‍. കേരളത്തില്‍ 336 സ്‌കൂളുകള്‍ക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച ഗുണനിലവാരമുള്ള വിദ്യാഭ്യാസം ഉറപ്പാക്കുന്നതിനുമായി കേന്ദ്ര വിഹിതമായി ലഭിക്കേണ്ട 1500 കോടിയിലധികം പണം രാഷ്ട്രീയം പറഞ്ഞ് നഷ്ടപെടുത്തുകയാണ്. പി.എം ശ്രീ പദ്ധതിയില്‍ ഭാഗമായി കേരളത്തിലെ വിദ്യാര്‍ത്ഥികളുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉറപ്പാക്കണം. കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയുടെ ശോച്യാവസ്ഥ പരിഹരിക്കാന്‍ അടിയന്തര ഇടപെടല്‍ ഉണ്ടാവണമെന്നും വിദ്യാര്‍ത്ഥികളുടെ ക്ഷേമത്തിനും സുരക്ഷയ്ക്കും പ്രഥമപരിഗണന നല്‍കണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.
CONTENT HIGH LIGHTS; Alappuzha school building collapse incident; Government’s hi-tech pushbacks are falling apart one by one: ABVP