സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ഷോക്കേറ്റ് മരിച്ച പതിമൂന്നുകാരന്‍ മിഥുന്റെ അനുസ്മരണ യോഗത്തില്‍ കരച്ചിലൊടുക്കാനാവാതെ തേവലക്കര സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും. സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചതെന്ന് പറഞ്ഞ മാനേജര്‍ അനുസ്മരണ വേദിയില്‍ വെച്ച് പൊട്ടികരഞ്ഞു.
സ്‌കൂള്‍ മാനേജരുടെ വാക്കുകള്‍….
‘സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്. വളരെ ഉല്ലാസത്തോടെ കുട്ടികള്‍ കളിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരുടെ മാനസികാവസ്ഥ നമുക്കറിയാം. നല്ല നിലയിലാണ് ബോയ്സിലേയും ഗേള്‍സിലേയും അധ്യാപകര്‍ റോഡിലും സ്‌കൂള്‍ പരിസരത്തും കുട്ടികളെ നോക്കുന്നത്. നമ്മളെത്ര ദുഃഖിച്ചാലും കുടുംബത്തിന്റെ ദുഃഖത്തോട് നമുക്കെങ്ങനെയാണ് പങ്കുചേരാനാവുക. തെറ്റുണ്ടെന്ന ബോധ്യമുണ്ട്. മകനെ നഷ്ടപ്പെട്ട വേദനയാണ്. ഇത് ജീവിതാവസാനം വരെ നമ്മളെ വേട്ടയാടും. സ്‌കൂളില്‍ ചെറിയ കാര്യത്തില്‍പ്പോലും സുരക്ഷയൊരുക്കി. അങ്ങോട്ടേക്ക് ആരെങ്കിലും പോകുമെന്ന് ഒരിക്കലും പ്രതീക്ഷില്ല’.
ഇക്കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു സ്‌കൂളില്‍ നിന്നും ഷോക്കേറ്റ് മിഥുന്‍ മരിച്ചത്. ഇന്നലെ പടിഞ്ഞാറെ കല്ലട വിളന്തറയിലെ വീട്ടുവളപ്പില്‍ മൃതദേഹം സംസ്‌കരിച്ചു. സ്‌കൂളിലെ സൈക്കിള്‍ ഷെഡിന് മുകളില്‍ വീണ സുഹൃത്തിന്റെ ചെരുപ്പെടുക്കാന്‍ കയറിയപ്പോഴായിരുന്നു മിഥുന് ഷോക്കേറ്റത്. കെഎസ്ഇബിയില്‍ നിന്ന് അധികൃതര്‍ എത്തി വൈദ്യുതി ബന്ധം വിച്ഛദിച്ച് മിഥുനെ താഴെയിറക്കി ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ഇതിന് പിന്നാലെ സ്‌കൂള്‍ മാനേജ്മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് പുറത്തുവന്നു. തറയില്‍ നിന്ന് ലൈനിലേക്കും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.