Travel

കുറഞ്ഞ ചെലവിൽ ദക്ഷിണകൊറിയയിലേക്ക് പോയാലോ ?

ആധുനിക നഗരങ്ങളുടെയും സമ്പന്നമായ സാംസ്കാരിക അനുഭവങ്ങളുടെയും നഗരമാണ് ദക്ഷിണകൊറിയ. മനോഹരമായ പ്രകൃതിദൃശ്യങ്ങളുടെയും കൊട്ടാരങ്ങളുടെയും മിശ്രിതമാണ് ഇവിടം. കെ പോപ്പിനും കെ ഡ്രാമകള്‍ക്കും പേരുകേട്ട ദക്ഷിണകൊറിയ നിരവധി ആളുകളുടെ ബക്കറ്റ് ലിസ്റ്റില്‍ ഉൾപ്പെട്ടതാണ്.

ദക്ഷിണ കൊറിയയിലേക്ക് ഒരു ട്രിപ്പ് പ്ലാന്‍ ചെയ്യുമ്പോള്‍ ചെലവ് എവിടെ ചെന്നു നില്‍ക്കുമെന്നതാവും പലരുടേയും ആശങ്ക. ഒരാള്‍ക്ക് ഒരു ലക്ഷം രൂപയില്‍ കുറഞ്ഞ ചെലവില്‍ ഒരു ദക്ഷിണകൊറിയന്‍ ട്രിപ്പ് പ്ലാന്‍ ചെയ്താലോ?


ആദ്യം വിമാന ടിക്കറ്റ്

ഏറ്റവും മികച്ച രീതിയില്‍ പണം ലാഭിക്കാനാവുന്നത് വിമാന ടിക്കറ്റിലാണ്. 25,000 മുതല്‍ 30,000 രൂപ വരെ ചെലവില്‍ ഒരാള്‍ക്കുള്ള ടിക്കറ്റ് ഒതുക്കാനാവും. എന്നാല്‍ യാത്രയുടെ പ്ലാനിങ് നേരത്തെ തുടങ്ങണമെന്നു മാത്രം. അങ്ങനെ ചെയ്താല്‍ ഡല്‍ഹി- സോള്‍ ടിക്കറ്റ് 25,000 രൂപക്കുള്ളില്‍ ചെലവ് ഒതുക്കാനാവും.

താമസം

കുറഞ്ഞ ചെലവില്‍ താമസിക്കാന്‍ നിരവധി സൗകര്യങ്ങളുള്ള രാജ്യമാണ് ദക്ഷിണ കൊറിയ. ഹോസ്റ്റലുകളും ഗസ്റ്റ്ഹൗസും എയര്‍ബിഎന്‍ബിയുമെല്ലാം ബജറ്റ് ട്രാവലേഴ്‌സിന് തിരഞ്ഞെടുക്കാനാവും. സോളിലും ബുസാനിലുമെല്ലാം ഒരു രാത്രി 1,500 രൂപ മുതല്‍ 2,000 രൂപ വരെ ചെലവില്‍ മികച്ച താമസ സൗകര്യങ്ങള്‍ തരപ്പെടുത്താനാവും. ദിവസങ്ങള്‍ നീളുന്ന യാത്രയാണെങ്കില്‍ കൂടുതല്‍ മികച്ച ഓഫറുകള്‍ ബുക്കിങ് പ്ലാറ്റ്‌ഫോമുകളില്‍ നിന്നു തന്നെ ലഭിച്ചേക്കാം. താമസം തിരഞ്ഞെടുക്കുമ്പോള്‍ അടുക്കള സൗകര്യമുള്ളവ കൂടി കണ്ടെത്താന്‍ ശ്രമിക്കുക. ഇത് ഭക്ഷണ ചെലവ് കുറയ്ക്കാന്‍ സഹായിക്കും. ഒപ്പം സബ് വേകള്‍ക്ക് അടുത്തായിരിക്കണം താമസസ്ഥലമെന്നും ഉറപ്പിക്കുക. ഇത് യാത്രാ ചെലവും കുറയ്ക്കും.


അവിടുത്തെ യാത്രകള്‍

ദക്ഷിണ കൊറിയയിലെ യാത്രകള്‍ക്കു കൂടി ചെലവ് കണക്കാക്കേണ്ടി വരും. ദക്ഷിണകൊറിയയിലെ പ്രധാന നഗരങ്ങളായ സോളും ബുസാനും ഇടയിലുള്ള യാത്രയും ഇതില്‍ ഉള്‍പ്പെടുത്താം. യാത്രയ്ക്ക് 10,000 രൂപയോളം കണക്കാക്കേണ്ടി വരും. ബസുകളും ഹൈസ്പീഡ് കെടിഎക്‌സ് ബുള്ളറ്റ് ട്രെയിനുകളുമെല്ലാം യാത്രക്കായി ഉപയോഗിക്കാവുന്നതാണ്.

ഭക്ഷണം

ഏതൊരു യാത്രകളും രുചികളുടേതു കൂടിയാണ്. ദക്ഷിണകൊറിയന്‍ യാത്ര രുചികളുടെ പുതു ലോകത്തേക്കുള്ളതു കൂടിയാണ്. സ്ട്രീറ്റ്ഫുഡ് മുതല്‍ ഊണുമേശയിലേക്കെത്തുന്ന ബാര്‍ബിക്യു വരെ രുചിയുടെ അ്ഭുതലോകം നിങ്ങള്‍ക്കു മുന്നില്‍ തുറക്കും. പത്തു ദിവസത്തെ യാത്രയ്ക്ക് 15,000 രൂപയെങ്കിലും ഭക്ഷണത്തിന് കരുതണം. എല്ലാത്തവണയും പുറത്തു നിന്നും ഭക്ഷണം കഴിക്കുന്നത് കീശ കാലിയാക്കും. പ്രത്യേക ഭക്ഷണം രുചിക്കാന്‍ റസ്റ്ററന്റുകളെ ആശ്രയിക്കുകയും അല്ലാത്ത സമയത്ത് കണ്‍വീനിയന്‍സ് സ്‌റ്റോറില്‍ നിന്നും വാങ്ങി കഴിക്കുകയും ചെയ്താല്‍ ഭക്ഷണ ബജറ്റ് നിയന്ത്രിക്കാനാവും.

കൊറിയന്‍ അനുഭവം

വ്യത്യസ്ത സംസ്‌ക്കാരത്തിന്റെ നാടാണ് കൊറിയ. അതുകൊണ്ടുതന്നെ ആ നാടിന്റെ സംസ്‌ക്കാരം അടുത്തറിയാതെ കൊറിയയിലേക്കുള്ള യാത്ര പൂര്‍ണമാവില്ല. കൊറിയയിലെ വലിയ മ്യൂസിയമായ നാഷണല്‍ മ്യൂസിയം ഓഫ് കൊറിയ, സോളിലെ വീണ്ടെടുത്ത നദി ചിയോങ്‌ഗ്യെചിയോണ്‍ സ്ട്രീം, കലയുടെ കേന്ദ്രമായ ഹോങ്‌ഡേ, പൈതൃകപട്ടികയിലെ ചാങ്ഡിയോക്ഗുങ് പാലസ്, ചരിത്രഗ്രാമമായ ബുക്‌ചോണ്‍ ഹാനോക്, സോളിലെ സാംസ്‌ക്കാരിക കേന്ദ്രം ഇന്‍സാഡോങ്, കൊറിയന്‍ കൊട്ടാരമായ ഗ്വാഘ്‌ബോക്ഗുങ് പാലസിലെ ഫോട്ടോഷൂട്ട് എന്നിവയെല്ലാം പരിഗണിക്കാവുന്നതാണ്.

ആശയ വിനിമയം

എവിടെ പോവുമ്പോഴും നാടുമായും വീട്ടുകാരുമായുള്ള ബന്ധം നമുക്ക് ഒഴിവാക്കാനാവില്ല. ആശയവനിമയത്തിന് വളരെയധികം പ്രാധാന്യമുണ്ട്. ഇ സിം അല്ലെങ്കില്‍ ലോക്കല്‍ സിം കാര്‍ഡ് എടുത്ത് പ്രശ്‌നം പരിഹരിക്കാനാവും. 10-15 ജിബി ഡാറ്റക്ക് ആയിരം രൂപയോളമാണ് ചെലവ്. നാവിഗേഷനും പരിഭാഷയ്ക്കും ഫുഡ്/ട്രാവല്‍ ആപ്പുകള്‍ ഉപയോഗിക്കാനുമെല്ലാം ഇത് സഹായിക്കും.

ആകെ 85,000-95,000

കൃത്യമായ ആസൂത്രണമുണ്ടെങ്കില്‍ ഒരാളുടെ കൊറിയന്‍ യാത്രാ ചെലവ് ഒരു ലക്ഷം രൂപയില്‍ താഴെ നിര്‍ത്താനാവും. ബജറ്റ് ഫ്രണ്ട്‌ലി താമസവും പൊതു ഗതാഗതം ഉപയോഗിക്കുന്നതുമെല്ലാം അനാവശ്യ ചെലവുകള്‍ കുറയ്ക്കും. ഒരാള്‍ക്ക് 85,000 രൂപ മുതല്‍ 95,000 രൂപ വരെ ചെലവാക്കി ദക്ഷിണ കൊറിയന്‍ യാത്ര സാധ്യമാവുകയും ചെയ്യും.