ഇറ്റലിയിൽ നടന്ന ജി ടി 4 യൂറോപ്യൻ സീരീസ് റേസിങ്ങിനിടെ തമിഴ് സൂപ്പർ താരവും പ്രൊഫഷണൽ റേസറുമായ അജിത് കുമാറിന്റെ കാർ വീണ്ടും അപകടത്തിൽപ്പെട്ടു. അപകടത്തിൽ പരിക്കുകൾ കൂടാതെ താരം രക്ഷപ്പെട്ടു. സീരിസിന്റെ രണ്ടാം റൗണ്ടിൽ മത്സരിക്കുന്നതിനിടയിലായിരുന്നു അപകടം ഉണ്ടായത്.
ട്രാക്കിൽ അപകടത്തിൽ പെട്ട മറ്റൊരു കാറുമായി അജിത്തിന്റെ കാർ കൂട്ടിയിടിക്കുകയായിരുന്നു. എന്നാണ് റിപോർട്ടുകൾ. അപകടത്തിന് ശേഷം ഗ്രൗണ്ട് സ്റ്റാഫിനൊപ്പം അവിടം വൃത്തിയാക്കുന്ന അജിത്തിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
https://twitter.com/i/status/1946876198769803480
റേസിങ്ങിലെ പരിചയ സമ്പത്തും സമയോചിതമായ പ്രവർത്തനങ്ങളുമാണ് പരിക്കുകളേൽക്കാതെ രക്ഷപ്പെടാൻ താരത്തെ സഹായിച്ചത്. അപകടത്തിന് ശേഷമെന്ന രീതിയിൽ പ്രചരിക്കുന്ന ദൃശ്യങ്ങളിലെ കമെന്ററിയിൽ അജിത് കുമാർ കാറിൽ നിന്നും പുറത്തേയ്ക്ക് വന്നു, റേസിൽ നിന്നും പിന്മാറിയെന്നും ഈ വർഷത്തെ അദ്ദേഹത്തിന്റെ ആദ്യത്തെ അപകടമാണിതെന്നും പറയുന്നുണ്ട്. മാത്രമല്ല, മാർഷൽസിനൊപ്പം അദ്ദേഹമിപ്പോൾ ഗ്രൗണ്ട് വൃത്തിയാക്കുകയാണെന്നും അധികമാരും അത്തരം പ്രവർത്തികളിൽ ഏർപ്പെടുകയില്ലെന്നും കമെന്ററിയിൽ കേൾക്കാം. ബെൽജിയത്തിൽ സ്പാ-ഫ്രാൻങ്കോർചാമ്പ്‌സിന്റെ മൂന്നാം റൗണ്ടിനായി തയാറെടുക്കുകയാണ് താരമിപ്പോൾ.
സിനിമയോട് മാത്രമല്ലാതെ, കാർ റേസിങ്ങിനോടും ഏറെ താൽപര്യമുള്ള അജിത്, 2003 മുതൽ ഈ മേഖലയിലും സജീവമാണ്. ചെന്നൈ, ഡൽഹി, മുംബൈ എന്നിങ്ങനെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലെ സർക്യൂട്ടുകളിൽ നടന്ന നിരവധി മത്സരങ്ങളിൽ നേരത്തെ പങ്കെടുത്തിട്ടുണ്ട്. വളരെ കുറച്ച് ഇന്ത്യക്കാർ മാത്രം പങ്കെടുത്തിട്ടുള്ള രാജ്യാന്തര വേദികളിലും എഫ് ഐ എ ചാമ്പ്യൻഷിപ്പിലും സാന്നിധ്യമറിയിച്ചിട്ടുള്ള താരം 2003 ഫോർമുല ഏഷ്യ ബിഎംഡബ്ള്യു ചാംപ്യൻഷിപ്, 2010 ഫോർമുല 2 ചാമ്പ്യൻഷിപ് എന്നിവയിലും ഭാഗമായിരുന്നു. 2004 ൽ ഇന്ത്യയിലെ മൂന്നാമത്തെ മികച്ച കാറോട്ട ജേതാവായി തിരഞ്ഞെടുക്കപ്പെടുകയും ചെയ്തിട്ടുണ്ട്.
















