Sports

കൊറിയയില്‍ നടക്കുന്ന ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ കേരളാ സ്‌കേറ്റര്‍ അബ്നയ്ക്ക് പിന്തുണയുമായി മുത്തൂറ്റ് ഫിനാന്‍സ്

കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വര്‍ണ പണയ എന്‍ബിഎഫ്സി ആയ മുത്തൂറ്റ് ഫിനാന്‍സ് കേരളത്തില്‍ നിന്നുള്ള കായിക പ്രതിഭയായ എഎ അബ്നയെ അന്താരാഷ്ട്ര സ്‌കേറ്റിങ് രംഗത്ത് പൂര്‍ണമായി പിന്തുണക്കും. ഈ മാസം കൊറിയയില്‍ നടക്കുന്ന ഇരുപതാമത് ഏഷ്യന്‍ റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ സീനിയര്‍ വനിതകളുടെ ഇന്‍ലൈന്‍ സ്പീഡ് സ്‌കേറ്റിങ് വിഭാഗത്തിലാണ് അബ്ന രാജ്യത്തെ പ്രതിനിധീകരിക്കുന്നത്. ജൂലൈ 23 നാണ് ഈ മല്‍സരങ്ങള്‍ നടക്കുക.

10 കിലോമീറ്റര്‍ എലിമിനേഷന്‍ ട്രാക്ക് റേസ്, അഞ്ചു കിലോമീറ്റര്‍ പോയിന്റ്സ് ട്രാക്ക് റേസ്, പത്തു കിലോമീറ്റര്‍ പോയിന്റ്സ് റോഡ് റേസ്, 15 കിലോമീറ്റര്‍ എലിമിനേഷന്‍ റോഡ് റേസ്, 3000 മീറ്റര്‍ റിലേ (ഇപ്പോള്‍ നടക്കുന്ന പരിശീലന ക്യാമ്പിനു ശേഷം മാത്രമായിരിക്കും റിലേ ടീമിനെ അന്തിമമായി തീരുമാനിക്കുക.) എന്നീ ഇനങ്ങളിലാണ് അബ്ന മത്സരിക്കുന്നത്. മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പിന്തുണയോടെയുള്ള അബ്നയുടെ മികച്ച നേട്ടങ്ങളുടെ പാതയിലെ മറ്റൊരു നാഴികക്കല്ലാണിത്. പ്രതിമാസ സ്‌റ്റൈപന്റ്, പരിശീലനം, ഉപകരണങ്ങള്‍, യാത്ര, താമസം, സംസ്ഥാന-ദേശീയ മല്‍സരങ്ങള്‍ക്കുള്ള പിന്തുണ തുടങ്ങിയവ അടങ്ങിയ സഹായം അബ്നയെ പൂര്‍ണമായും തന്റെ പ്രകടനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ സഹായിക്കുന്നുണ്ട്.

ഈ പിന്തുണ ലഭിക്കാന്‍ തുടങ്ങിയ ശേഷം ശ്രദ്ധേയമായ വളര്‍ച്ചയാണ് അബ്നയുടെ കരിയറില്‍ ഉണ്ടായത്. 2024-ല്‍ ഇറ്റലിയില്‍ നടന്ന വേള്‍ഡ് സ്‌കേറ്റിങ് ഗെയിംസിനു പുറമെ ജില്ലാതല, സംസ്ഥാനതല ചാമ്പ്യന്‍ഷിപ്പുകളിലും അബ്ന മികവുറ്റ പ്രകടനം കാഴ്ച വെച്ചിരുന്നു. ദേശീയ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പിലും മികച്ച പ്രകടനം കാഴ്ച വെച്ച അബ്ന അടുത്തിടെ എംജി ഇന്റര്‍ യൂണിവേഴ്സിറ്റി റോളര്‍ സ്‌കേറ്റിങ് മല്‍സരങ്ങളില്‍ മൂന്നു സ്വര്‍ണ മെഡലുകള്‍ കരസ്ഥമാക്കിയിരുന്നു. 2025-ല്‍ ഈ വിജയങ്ങള്‍ തുടര്‍ന്ന് കേരളത്തിലെ എട്ടാമത് റാങ്കിങ് റോളര്‍ സ്‌കേറ്റിങ് ചാമ്പ്യന്‍ഷിപ്പില്‍ നാലു സ്വര്‍ണ മെഡലുകള്‍ നേടി. 10 കിലോമീറ്റര്‍ എലിമിനേഷന്‍ ട്രാക്ക് റേസ്, അഞ്ചു കിലോമീറ്റര്‍ ട്രാക്ക് റേസ്, 10 കിലോമീറ്റര്‍ പോയിന്റ്സ് റോഡ് റേസ്, 15 കിലോമീറ്റര്‍ എലിമിനേഷന്‍ റോഡ് റേസ് എന്നിവയിലാണ് മികവു കാട്ടിയത്.

ബികോം, എല്‍എല്‍ബി നാലാം വര്‍ഷ വിദ്യാര്‍ത്ഥിയായ അബ്ന നാലാം ക്ലാസിലാണ് സ്‌കേറ്റിങിനു തുടക്കം കുറിക്കുന്നത്. പരിശീലനത്തിനുള്ള സൗകര്യങ്ങള്‍ ഇല്ലാതിരുന്നിട്ടും കുടുംബത്തിന്റെ പിന്തുണ കൂടെയുണ്ടായിരുന്നു. പരിശീലനത്തിനും മല്‍സരങ്ങള്‍ക്കും കൂടെ പോകാനായി അമ്മ തന്റെ അധ്യാപക ജോലി ഉപേക്ഷിച്ചു. കേരളാ ടീമിലെ മുന്‍ ക്രിക്കറ്ററായ അച്ഛന്‍ അബ്നയില്‍ ചെറുപ്രായത്തില്‍ തന്നെ സ്പോര്‍ട്ടിങ് സ്പിരിറ്റ് വളര്‍ത്തിയെടുക്കുകയായിരുന്നു. പാലക്കാട് യാര്‍സില്‍ (യശ്വന്ത്സ് അകാദമി ഓഫ് റോളര്‍ സ്‌കേറ്റിങ്) ആണ് അബ്ന ഇപ്പോള്‍ പരിശീലനം നേടുന്നത്. എല്ലാ ദിവസവും രണ്ടു സെഷനുകളിലായി ആറു മണിക്കൂര്‍ കഠിന പരിശീലനമാണ് നേടുന്നത്.

മത്സരവേദിയില്‍ ഇന്ത്യന്‍ പതാക പാറിക്കണമെന്നാണ് തന്റെ സ്വപ്നമെന്ന് അബ്ന പറഞ്ഞു. മുത്തൂറ്റ് ഫിനാന്‍സില്‍ നിന്നുള്ള പിന്തുണ കേവലം സാമ്പത്തിക സഹായം മാത്രമല്ല നല്‍കുന്നത് തന്റെ കഴിവുകളില്‍ വിശ്വസിച്ച് മുന്നേറാനുള്ള ശക്തമായ പ്രചോദനം കൂടിയാണു നല്‍കുന്നതെന്നും എ എ അബ്ന കൂട്ടിച്ചേര്‍ത്തു.

സ്വഭാവ രൂപീകരണത്തിലും അച്ചടക്കം വളര്‍ത്തിയെടുക്കുന്നതിലും സ്‌പോര്‍ട്‌സിന് നിര്‍ണായക പങ്ക് വഹിക്കാന്‍ കഴിയുമെന്ന് തങ്ങള്‍ വിശ്വസിക്കുന്നു. ഉപയോഗിക്കപ്പെടാത്ത നിരവധി കായിക പ്രതിഭകളുടെ കേന്ദ്രമാണ് ഇന്ത്യ. ആ സാധ്യതകളെ തിരിച്ചറിയുന്നതിലും പരിപോഷിപ്പിക്കുന്നതിലും തങ്ങളുടെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നു. മുത്തൂറ്റ് ഫിനാന്‍സിന്റെ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടര്‍ ജോര്‍ജ്ജ് മുത്തൂറ്റ് ജോര്‍ജ് പറഞ്ഞു.

വ്യക്തിഗത സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്കപ്പുറം, അത്‌ലറ്റുകള്‍ക്കുള്ള അടിസ്ഥാന സൗകര്യ പിന്തുണ, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, പാരാ അത്‌ലറ്റുകള്‍, സബ് ജൂനിയര്‍ വെയ്റ്റ് ലിഫ്റ്റര്‍മാര്‍, ആര്‍ച്ചറി പ്രതിഭകള്‍, മറ്റു പലര്‍ക്കും സഹായം എന്നിവ സ്‌പോര്‍ട്‌സ് പ്രമോഷന്റെ കീഴിലുള്ള മുത്തൂറ്റ് ഫിനാന്‍സിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു.