വളരെയധികം പോഷകമൂല്യമുള്ള ഒന്നാണ് പയർ. പയർ കൊണ്ട് വളരെ എളുപ്പത്തിൽ തയ്യാറാക്കാൻ പറ്റുന്ന ഒരു വിഭവമാണ് പയർ മെഴുക്കുപുരട്ടി. സ്വാദിഷ്ടമായ പയർ മെഴുക്കുപുരട്ടി എളുപ്പത്തിൽ എങ്ങനെ തയ്യാറാക്കാം എന്ന് നോക്കിയാലോ.
ചേരുവകൾ
- പയർ – 500 ഗ്രാം
- വെളിച്ചെണ്ണ – രണ്ട് ടേബിൾ സ്പൂൺ
- കടുക് – അര ടീസ്പൂൺ
- വെളുത്തുള്ളി അരിഞ്ഞത് – ഒരു ടേബിൾ സ്പൂൺ
- ഉണക്കമുളക് – രണ്ടെണ്ണം
- ചെറിയ ഉള്ളി – കാൽ കപ്പ്
- മഞ്ഞൾപ്പൊടി – അര ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെള്ളം – രണ്ട് ടേബിൾ സ്പൂൺ
- തേങ്ങാക്കൊത്ത് – കാൽ കപ്പ്
തയ്യാറാക്കുന്ന വിധം
ഒരു പാനിലേക്ക് വെളിച്ചെണ്ണ ഒഴിച്ചതിനു ശേഷം കടുക് ഇട്ട് പൊട്ടിക്കുക. കടുക് നന്നായി പൊട്ടി വരുമ്പോൾ വെളുത്തുള്ളി അരിഞ്ഞതും ഉണക്കമുളകും കറിവേപ്പിലയും കൂടി ഇട്ടുകൊടുക്കുക. ചെറുതായിട്ടൊന്നു വഴറ്റി കൊടുത്തതിനുശേഷം ചതച്ച ചെറിയ ഉള്ളിയും ചേർത്ത് വഴറ്റുക. ശേഷം മുളക് പൊടിയും മഞ്ഞൾ പൊടിയും കൂടി ഇട്ടു കൊടുത്ത് പൊടികളുടെ പച്ച മണം മാറുന്നവരെ വഴറ്റുക. എല്ലാം നന്നായി വഴന്നു വന്നു കഴിഞ്ഞാൽ പയർ ഇതിലേക്ക് ഇട്ടു കൊടുക്കാം. ആവശ്യത്തിന് ഉപ്പും അല്പം വെള്ളവും തേങ്ങാക്കൊത്തും ചേർത്ത് വഴറ്റിയെടുക്കുക. പയർ മെഴുക്കുപുരട്ടി തയ്യാർ.
STORY HIGHLIGHT : Long beans Stir fry