Kerala

പ്രതിസന്ധികളോട് കലഹിച്ച് ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരൻ; മുതലാളിത്ത ചൂഷണത്തിനെതിരെ നിലകൊണ്ട നേതാവ്; വിഎസിനെ അനുസ്മരിച്ച് നേതാക്കൾ

തിരുവനന്തപുരം: പ്രതിസന്ധികളോട് കലഹിച്ച്, ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായിരുന്നു വിഎസ് അച്യുതാനന്ദനെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. പാവങ്ങള്‍ക്കുവേണ്ടിയും മുതലാളിത്ത ചൂഷണത്തിനെതിരെയും നിലകൊണ്ട നേതാവായിരുന്നു വിഎസെന്ന് വൃന്ദ കാരാട്ട് അനുസ്മരിച്ചു.

താന്‍ എത്രകാലം ജീവിക്കണമെന്നത് താന്‍ തീരുമാനിക്കുമെന്ന വിധത്തിൽ മരണത്തോടടക്കം വെല്ലുവിളിനടത്തിയ ആളായിരുന്നു വി.എസ്. അച്യുതാനന്ദനെന്ന് മുതിര്‍ന്ന സിപിഎം നേതാവ് എ.കെ. ബാലന്‍. ത്യാഗോജ്ജ്വലമായ നിരവധി അവിസ്മരണീയ സംഭവങ്ങളുടെ വലിയൊരധ്യായംതന്നെ കേരള രാഷ്ട്രീയചരിത്രത്തില്‍ വി.എസിന്റേതായിട്ടുണ്ട്. അത് പുതിയ തലമുറയ്ക്ക് അനുഭവേദ്യമാകും. വി.എസിന്റെ നിര്യാണത്തില്‍ അഗാധമായ ദുഃഖവും അനുശോചനവും രേഖപ്പെടുത്തുന്നുവെന്ന് ബാലന്‍ പറഞ്ഞു.

വിഎസ് ഇല്ലാത്തൊരു കേരളത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും സാധിക്കാത്ത വിധത്തില്‍ കേരളത്തിലെ ജനങ്ങളുടെ ജീവിതവുമായും സാമൂഹിക ജീവിതവുമായും കെട്ടുപിണഞ്ഞു കിടക്കുന്നതാണ് അദ്ദേഹത്തിന്റെ ജീവിതമെന്ന് കടകംപള്ളി സുരേന്ദ്രന്‍ പരഞ്ഞു.

സമരങ്ങളിലൂടെ വളര്‍ന്ന്, പ്രതിസന്ധികളോട് കലഹിച്ച്, ജനങ്ങള്‍ക്കൊപ്പം നിന്ന രാഷ്ട്രീയക്കാരനായിരുന്നു വിഎസ് എന്ന് മന്ത്രി റോഷി അഗസ്റ്റിൻ അനുസ്മരിച്ചു. മനുഷ്യരെയും പരിസ്ഥിതിയെയും ഒരുപോലെ സ്‌നേഹിച്ച തൊഴിലാളിവര്‍ഗത്തെ ഹൃദയത്തോടു ചേര്‍ത്തു പിടിച്ച മറ്റൊരു കമ്മ്യൂണിസ്റ്റ് നേതാവ് കേരള രാഷ്ട്രീയത്തില്‍ കാണില്ല. കര്‍ഷകരുടെയും കര്‍ഷത്തൊഴിലാളികളുടെയും പ്രശ്നങ്ങളില്‍ വിഎസിന്‍റെ ഇടപെടലുകള്‍ ചരിത്രമാണെന്നും അദ്ദേഹം അനുസ്മരണ സന്ദേശത്തിൽ പറഞ്ഞു.

കേരളത്തിന്റെ വിപ്ലവ സൂര്യനായിരുന്നു വിഎസ് എന്നും ഇനി വി.എസ് ഇല്ലായെന്നത് ജനാധിപത്യ കേരളത്തിന് തീർത്താൽ തീരാത്ത നഷ്ടമാണെന്നും മന്ത്രി കെ.ബി ഗണേഷ് കുമാർ അനുസ്മരിച്ചു.

 

 

Latest News