News

വിഎസിന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടം; എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍

മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണന്‍. പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് നിര്‍ണായകമാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

ടി പി രാമകൃഷ്ണന്റെ പ്രതികരണം……

‘മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ വേര്‍പാട് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്കും ഇടതുപക്ഷ ജനാധിപത്യമുന്നണിക്കും തീരാനഷ്ടം. രോഗശയ്യയിലായിരുന്ന സാഹചര്യത്തില്‍ പോലും പ്രധാനപ്പെട്ട വിഷയങ്ങളില്‍ പ്രതികരിച്ചും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ചും അദ്ദേഹം സമൂഹത്തിന് മുന്നിലുണ്ടായിരുന്നു. പാര്‍ട്ടിയേയും മുന്നണിയേയും നയിക്കുന്നതില്‍ വി എസ് വഹിച്ച പങ്ക് നിര്‍ണായകമാണ്’.

ഇന്ന് ഉച്ചയ്ക്ക് 3. 20 നാണ് വി എസ് അച്യുതാനന്ദന്‍ വിടവാങ്ങിയത്. ഹൃദയാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരം എസ്യുടി ആശുപത്രിയിലെ വെന്റിലേറ്ററിന്റെ സഹായത്തോടെ വിഎസിന്റെ ചികിത്സ തുടരുന്നതിനിടെയായിരുന്നു അന്ത്യം. മരിക്കുമ്പോള്‍ 101 വയസ്സായിരുന്നു പ്രായം. സിപിഐഎമ്മിന്റെ പൊളിറ്റ്ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി തുടങ്ങിയ നിലകളിലെല്ലാം പ്രവത്തിച്ച വിഎസ് അക്ഷരാര്‍ത്ഥത്തില്‍ സമരകേരളത്തിന്റെ രാഷ്ട്രീയ മുഖമായിരുന്നു.