പ്രമുഖ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആണ് ഉർഫി ജാവേദ്. തന്റെ വ്യത്യസ്തമാർന്ന വസ്ത്രധാരണം കൊണ്ടും ഫാഷൻ കൊണ്ടും സമൂഹമാധ്യമങ്ങളിൽ താരം സ്ഥിരം വിമർശനങ്ങൾ നേരിടാറുണ്ട്. ഇപ്പോൾ ശ്രദ്ധനേടുന്നത് താരം ചുണ്ടുകൾക്ക് നടത്തിയ മാറ്റമാണ്.
തന്റെ ലിപ് ഫില്ലറുകൾ ശരിയായ സ്ഥാനത്തല്ലായിരുന്നുവെന്നാണ് താരം പറയുന്നത്. ഇത് ശരിയാക്കാൻ തീരുമാനിച്ചതായും ഇതിന്റെ വീഡിയോ പങ്കുവച്ച് ഉർഫി വ്യക്തമാക്കി. ചുണ്ടുകളിൽ ഉണ്ടായിരുന്ന ഫില്ലർ അലിയിക്കുന്നതിനായി ഡോക്ടർ കുത്തിവയ്ക്കുന്നതിന്റെയും ഇതിനെ തുടർന്ന് വേദനയോടെ നീരുവച്ച് ചുവന്നു തടിച്ച ചുണ്ടുകളുടെയും കവിളുകളുടെയും ദൃശ്യങ്ങൾ വീഡിയോയിൽ ഉണ്ട്. ഇതു കണ്ടാൽതന്നെ വേദന തോന്നുമെന്ന മുന്നറിയിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്. വീഡിയോ ഉൾപ്പെടെ പങ്കുവച്ച ഉർഫിയുടെ ധൈര്യത്തെ പലരും അഭിനന്ദിക്കുകയും ചെയ്തു.
ഒരു കുത്തിവെപ്പിലൂടെ ചുണ്ടുകൾക്ക് കൂടുതൽ വലുപ്പം ലഭിക്കാൻ ചെയ്യുന്ന സൗന്ദര്യവർധക ചികിത്സയാണ് ലിപ് ഫില്ലറുകൾ. ലാഫ് ലൈനുകൾ പോലുള്ള ചുളിവുകൾ കുറയ്ക്കാനും ഫില്ലറുകൾ സഹായിക്കും.
ഉർഫി സമൂഹമാധ്യമത്തിൽ കുറിച്ചത്
ഇതൊരു ഫിൽട്ടറല്ല, എന്റെ ഫില്ലറുകൾ സ്ഥാനം മാറിപ്പോയി, ആയതിനാൽ ഞാൻ അവ ലയിപ്പിക്കാൻ തീരുമാനിച്ചു. ഇത് എനിക്ക് വീണ്ടും ലഭിക്കും പക്ഷേ, അവ സ്വാഭാവികമായി വേണം. ഫില്ലറുകൾ വേണ്ടെന്ന് ഞാൻ പറയുന്നില്ല. അലിയുന്നത് വേദനാജനകമാണ്. നിങ്ങൾ ഒരു ഡോക്ടറെ സമീപിക്കേണ്ടത് വളരെ പ്രധാനമാണ്. ഫില്ലറുകൾ ചെയ്യുന്നതിന് നല്ല ഡോക്ടർ അത്യാവശ്യമാണ്. ഫാൻസി ക്ലിനിക്കുകളുള്ള ഈ ഡോക്ടർമാർക്കെല്ലാം ഒന്നും അറിയില്ല. ഒടുവിൽ ഞാൻ ഡോക്ടർ റിക്സനെ കണ്ടെത്തി. എന്നെ വിശ്വസിക്കൂ, അദ്ദേഹമാണ് ഏറ്റവും മികച്ചത്.