Kerala

ഭരണാധികാരിയും പൊതുപ്രവര്‍ത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദനെന്ന് കെപിസിസി പ്രസിഡന്റ്

പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി.എസെന്ന് കെ.സി.വേണുഗോപാല്‍

മികച്ച ഭരണാധികാരിയും പൊതുപ്രവര്‍ത്തകനും ആയിരുന്നു വിഎസ് അച്യുതാനന്ദനെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. അദ്ദേഹത്തിന്റെ വേര്‍പാട് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്. സാധാരണ തൊഴിലാളി പ്രവര്‍ത്തകനായി വളര്‍ന്നുവന്ന് നിരവധി സമരമുഖങ്ങളില്‍ നേതൃത്വം വഹിച്ചു കേരളത്തിന്റെ പൊതുരംഗത്ത് ശക്തമായ സാന്നിധ്യമായി അദ്ദേഹം മാറി.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ എല്ലാം അദ്ദേഹത്തിന്റെ സേവനങ്ങള്‍ വിലപ്പെട്ടതായിരുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിന്റെയും സിപിഎം പാര്‍ട്ടിയുടെയും ദുഃഖത്തില്‍ കെപിസിസിയും പങ്കുചേരുന്നുവെന്നും സണ്ണി ജോസഫ് പറഞ്ഞു.

സ്വതസിദ്ധമായ പ്രവര്‍ത്തന ശൈലിയിലൂടെ ജനങ്ങളുടെ സ്വീകാര്യത ആര്‍ജ്ജിച്ച പൊതുപ്രവര്‍ത്തകനാണ് വി.എസ്.അച്യുതാനന്ദനെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. എല്ലാക്കാലവും നിലപാടുകള്‍ തുറന്നുപറയാന്‍ അദ്ദേഹം കാണിച്ച ധൈര്യവും ആര്‍ജ്ജവവും അദ്ദേഹത്തെ കമ്യൂണിസ്റ്റ് നേതാക്കള്‍ക്കിടയില്‍ കൂടുതല്‍ ശ്രദ്ധേയനാക്കി.മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും തലമുതിര്‍ന്ന നേതാവാണ്. തനിക്ക് ശരിയെന്ന് തോന്നുന്നതായിരുന്നു അദ്ദേഹത്തിന്റെ രാഷ്ട്രീയ ബോധ്യം. നിലപാടുകളിലെ കാര്‍ക്കശ്യം അദ്ദേഹത്തെ വ്യത്യസ്തനാക്കി. വി.എസ്.അച്യുതാനന്ദന്റെ വിയോഗം കേരള സമൂഹത്തിന് നികത്താനാകാത്ത നഷ്ടമാണെന്നും കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു.